പുതിയ നിയമംMOV

തീത്തൊസിന് 1

1നമ്മുടെ രക്ഷിതാവായ ദൈവത്തിന്‍റെ കല്പനപ്രകാരം എന്നെ ഭരമേല്പിച്ച പ്രസംഗത്താല്‍ തക്കസമയത്ത് തന്‍റെ വചനം വെളിപ്പെടുത്തിയ

2ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിനും മുമ്പേ വാഗ്ദത്തം ചെയ്ത നിത്യജീവന്‍റെ പ്രത്യാശ ഹേതുവായി

3തന്‍റെ വൃതന്മാരുടെ വിശ്വാസത്തിനും ഭക്തിക്കനുസാരമായ സത്യത്തിന്‍റെ പരിജ്ഞാനത്തിനുമായി ദൈവത്തിന്‍റെ ദാസനും യേശുക്രിസ്തുവിന്‍റെ അപ്പൊസ്തലനുമായ പൗലൊസ്

4പൊതുവിശ്വാസത്തില്‍ നിജപുത്രനായ തീത്തൊസിന് എഴുതുന്നത്: പിതാവായ ദൈവത്തിങ്കല്‍നിന്നും നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിങ്കല്‍നിന്നും, നിനക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.

5ഞാന്‍ ക്രേത്തയില്‍ നിന്നെ വിട്ടേച്ചുപോന്നത്: ശേഷിച്ച കാര്യങ്ങളെ ക്രമത്തിലാക്കേണ്ടതിനും ഞാന്‍ നിന്നോട് ആജ്ഞാപിച്ചതുപോലെ പട്ടണംതോറും മൂപ്പന്മാരെ ആക്കി വയ്ക്കേണ്ടതിനും തന്നെ.

6മൂപ്പന്‍ കുറ്റമില്ലാത്തവനും ഏകഭാര്യയുള്ളവനും ദുര്‍ന്നടപ്പിന്‍റെ ശ്രുതിയോ അനുസരണക്കേടോ ഇല്ലാത്ത വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കേണം.

7അധ്യക്ഷന്‍ ദൈവത്തിന്‍റെ ഗൃഹവിചാരകനാകയാല്‍ അനിന്ദ്യനായിരിക്കേണം; തന്നിഷ്ടക്കാരനും കോപിയും മദ്യപ്രിയനും തല്ലുകാരനും ദുര്‍ലാഭമോഹിയും അരുത്.

8അതിഥിപ്രിയനും സല്‍ഗുണപ്രിയനും സുബോധശീലനും നീതിമാനും നിര്‍മ്മലനും ജിതേന്ദ്രിയനും

9പഥ്യോപദേശത്താല്‍ പ്രബോധിപ്പിപ്പാനും വിരോധികള്‍ക്കു ബോധം വരുത്തുവാനും ശക്തനാകേണ്ടതിന് ഉപദേശപ്രകാരമുള്ള വിശ്വാസ്യവചനം മുറുകെപ്പിടിക്കുന്നവനും ആയിരിക്കേണം.

10വൃഥാവാചാലന്മാരും മനോവഞ്ചകന്മാരുമായി വഴങ്ങാത്തവരായ പലരും ഉണ്ടല്ലോ; വിശേഷാല്‍ പരിച്ഛേദനക്കാര്‍തന്നെ.

11അവരുടെ വായ് അടയ്ക്കേണ്ടതാകുന്നു. അവര്‍ ദുരാദായം വിചാരിച്ച് അരുതാത്തത് ഉപദേശിച്ചുകൊണ്ട് കുടുംബങ്ങളെ മുഴുവനും മറിച്ചുകളയുന്നു.

12ക്രേത്തര്‍ സര്‍വദാ അസത്യവാദികളും ദുഷ്ടജന്തുക്കളും മടിയന്മാരായ പെരുവയറന്മാരും അത്രേ എന്ന് അവരില്‍ ഒരുവന്‍, അവരുടെ ഒരു വിദ്വാന്‍തന്നെ, പറഞ്ഞിരിക്കുന്നു.

13ഈ സാക്ഷ്യം നേര്‍തന്നെ; അതു നിമിത്തം അവര്‍ വിശ്വാസത്തില്‍ ആരോഗ്യമുള്ളവരായിത്തീരേണ്ടതിനും

14യെഹൂദകഥകളെയും സത്യം വിട്ടകലുന്ന മനുഷ്യരുടെ കല്പനകളെയും ശ്രദ്ധിക്കാതിരിക്കേണ്ടതിനും അവരെ കഠിനമായി ശാസിക്ക.

15ശുദ്ധിയുള്ളവര്‍ക്ക് എല്ലാം ശുദ്ധംതന്നെ; എന്നാല്‍ മലിനന്മാര്‍ക്കും അവിശ്വാസികള്‍ക്കും ഒന്നും ശുദ്ധമല്ല; അവരുടെ ചിത്തവും മനസ്സാക്ഷിയും മലിനമായിത്തീര്‍ന്നിരിക്കുന്നു.

16അവര്‍ ദൈവത്തെ അറിയുന്നു എന്നു പറയുന്നുവെങ്കിലും പ്രവൃത്തികളാല്‍ അവനെ നിഷേധിക്കുന്നു. അവര്‍ അറയ്ക്കത്തക്കവരും അനുസരണം കെട്ടവരും യാതൊരു നല്ല കാര്യത്തിനും കൊള്ളരുതാത്തവരുമാകുന്നു.