പഴയ നിയമംMOV

ഉത്തമഗീതം 3

1രാത്രിസമയത്ത് എന്‍റെ കിടക്കയിൽ ഞാന്‍ എന്‍റെ പ്രാണപ്രിയനെ അന്വേഷിച്ചു; ഞാന്‍ അവനെ അന്വേഷിച്ചു; കണ്ടില്ലതാനും.

2ഞാന്‍ എഴുന്നേറ്റു നഗരത്തിൽ സഞ്ചരിച്ചു, വീഥികളിലും വിശാലസ്ഥലങ്ങളിലും എന്‍റെ പ്രാണപ്രിയനെ അന്വേഷിക്കും എന്നു ഞാന്‍ പറഞ്ഞു; ഞാന്‍ അവനെ അന്വേഷിച്ചു; കണ്ടില്ലതാനും.

3നഗരത്തിൽ സഞ്ചരിക്കുന്ന കാവല്ക്കാര്‍ എന്നെ കണ്ടു; എന്‍റെ പ്രാണപ്രിയനെ കണ്ടുവോ എന്നു ഞാന്‍ അവരോടു ചോദിച്ചു.

4അവരെ വിട്ടു കുറെ അങ്ങോട്ടു ചെന്നപ്പോള്‍ ഞാന്‍ എന്‍റെ പ്രാണപ്രിയനെ കണ്ടു. ഞാന്‍ അവനെ പിടിച്ചു, എന്‍റെ അമ്മയുടെ വീട്ടിലേക്കും എന്നെ പ്രസവിച്ചവളുടെ അറയിലേക്കും കൊണ്ടുവരുന്നതുവരെ അവനെ വിട്ടില്ല.

5യെരൂശലേംപുത്രിമാരേ, ചെറുമാനുകളാണ, പേടമാനുകളാണ, പ്രേമത്തിന് ഇഷ്ടമാകുവോളം അതിനെ ഇളക്കരുത് ഉണര്‍ത്തുകയുമരുത്.

6മൂറും കുന്തുരുക്കവുംകൊണ്ടും കച്ചവടക്കാരന്‍റെ സകലവിധ സുഗന്ധ ചൂര്‍ണങ്ങള്‍കൊണ്ടും പരിമളപ്പെട്ടിരിക്കുന്ന പുകത്തൂണ്‍പോലെ മരുഭൂമിയിൽനിന്നു കയറിവരുന്നോരിവന്‍ ആര്‍?

7ശലോമോന്‍റെ പല്ലക്കു തന്നെ; യിസ്രായേൽ വീരന്മാരിൽ അറുപതു വീരന്മാര്‍ അതിന്‍റെ ചുറ്റും ഉണ്ട്.

8അവരെല്ലാവരും വാളെടുത്ത യുദ്ധസമര്‍ഥന്മാര്‍; രാത്രിയിലെ ഭയം നിമിത്തം ഓരോരുത്തന്‍ അരയ്ക്കു വാള്‍ കെട്ടിയിരിക്കുന്നു.

9ശലോമോന്‍രാജാവ് ലെബാനോനിലെ മരംകൊണ്ടു തനിക്ക് ഒരു പല്ലക്ക് ഉണ്ടാക്കി.

10അതിന്‍റെ മേക്കട്ടിക്കാൽ അവന്‍ വെള്ളികൊണ്ടും ചാരു പൊന്നുകൊണ്ടും ഇരിപ്പിടം രക്താംബരംകൊണ്ടും ഉണ്ടാക്കി; അതിന്‍റെ അന്തര്‍ഭാഗം യെരൂശലേംപുത്രിമാരുടെ പ്രേമംകൊണ്ട് വിചിത്രഖചിതമായിരിക്കുന്നു.

11സീയോന്‍പുത്രിമാരേ, നിങ്ങള്‍ പുറപ്പെട്ടു ചെന്ന് ശലോമോന്‍രാജാവിനെ അവന്‍റെ കല്യാണദിവസത്തിൽ, അവന്‍റെ ഹൃദയത്തിന്‍റെ ആനന്ദദിവസത്തിൽ തന്നെ, അവന്‍റെ അമ്മ അവനെ ധരിപ്പിച്ച കിരീടത്തോടുകൂടെ കാണ്‍മിന്‍.