പഴയ നിയമംMOV

രൂത്ത് 1

1ന്യായാധിപന്മാര്‍ ന്യായപാലനം നടത്തിയ കാലത്ത് ഒരിക്കൽ ദേശത്ത് ക്ഷാമം ഉണ്ടായി; യെഹൂദായിലെ ബേത്‍ലഹേമിലുള്ള ഒരു ആള്‍ തന്‍റെ ഭാര്യയും രണ്ടു പുത്രന്മാരുമായി മോവാബ്‍ദേത്ത് പരദേശിയായി പാര്‍പ്പാന്‍ പോയി.

2അവന് എലീമേലെക് എന്നും ഭാര്യക്കു നൊവൊമി എന്നും രണ്ടു പുത്രന്മാര്‍ക്ക് മഹ്ലോന്‍ എന്നും കില്യോന്‍ എന്നും പേര്‍. അവര്‍ യെഹൂദായിലെ ബേത്‍ലഹേമിൽനിന്നുള്ള എഫ്രാത്യര്‍ ആയിരുന്നു; അവര്‍ മോവാബ്‍ദേത്തു ചെന്ന് അവിടെ താമസിച്ചു.

3എന്നാൽ നൊവൊമിയുടെ ഭര്‍ത്താവായ എലീമേലെക് മരിച്ചു; അവളും രണ്ടു പുത്രന്മാരും ശേഷിച്ചു.

4അവര്‍ മോവാബ്യസ്ത്രീകളെ വിവാഹം കഴിച്ചു; ഒരുത്തിക്കു ഓര്‍പ്പാ എന്നും മറ്റവള്‍ക്കു രൂത്ത് എന്നും പേര്‍; അവര്‍ ഏകദേശം പത്തു സംവത്സരം അവിടെ പാര്‍ത്തു.

5പിന്നെ മഹ്ലോനും കില്യോനും ഇരുവരും മരിച്ചു; അങ്ങനെ രണ്ടു പുത്രന്മാരും ഭര്‍ത്താവും കഴിഞ്ഞിട്ട് ആ സ്ത്രീ മാത്രം ശേഷിച്ചു.

6യഹോവ തന്‍റെ ജനത്തെ സന്ദര്‍ശിച്ച് ആഹാരം കൊടുത്തപ്രകാരം അവള്‍ മോവാബ്‍ദേത്തുവച്ചു കേട്ടിട്ട് മോവാബ് ദേശം വിട്ടു മടങ്ങിപ്പോകുവാന്‍ തന്‍റെ മരുമക്കളോടുകൂടെ പുറപ്പെട്ടു.

7അങ്ങനെ അവള്‍ മരുമക്കളുമായി പാര്‍ത്തിരുന്ന സ്ഥലം വിട്ട് യെഹൂദാദേശത്തേക്കു മടങ്ങിപ്പോകുവാന്‍ യാത്രയായി.

8എന്നാൽ നൊവൊമി മരുമക്കള്‍ ഇരുവരോടും: നിങ്ങള്‍ താന്താന്‍റെ അമ്മയുടെ വീട്ടിലേക്കു മടങ്ങിപ്പോകുവിന്‍; മരിച്ചവരോടും എന്നോടും നിങ്ങള്‍ ചെയ്തതുപോലെ യഹോവ നിങ്ങളോടും ദയ ചെയ്യുമാറാകട്ടെ.

9നിങ്ങള്‍ താന്താന്‍റെ ഭര്‍ത്താവിന്‍റെ വീട്ടിൽ വിശ്രാമം പ്രാപിക്കേണ്ടതിന് യഹോവ നിങ്ങള്‍ക്കു കൃപ നല്കുമാറാകട്ടെ എന്നു പറഞ്ഞ് അവരെ ചുംബിച്ചു; അവര്‍ ഉച്ചത്തിൽ കരഞ്ഞു.

10അവര്‍ അവളോട്: ഞങ്ങളും നിന്നോടുകൂടെ നിന്‍റെ ജനത്തിന്‍റെ അടുക്കൽ പോരുന്നു എന്നു പറഞ്ഞു.

11അതിനു നൊവൊമി പറഞ്ഞത്: എന്‍റെ മക്കളേ, നിങ്ങള്‍ മടങ്ങിപ്പൊയ്ക്കൊള്‍വിന്‍; എന്തിന് എന്നോടുകൂടെ പോരുന്നു? നിങ്ങള്‍ക്കു ഭര്‍ത്താക്കന്മാരായിരിപ്പാന്‍ ഇനി എന്‍റെ ഉദരത്തിൽ പുത്രന്മാര്‍ ഉണ്ടോ?

12എന്‍റെ മക്കളേ, മടങ്ങിപ്പൊയ്ക്കൊള്‍വിന്‍; ഒരു പുരുഷനു ഭാര്യയാ യിരിപ്പാന്‍ എനിക്കു പ്രായം കഴിഞ്ഞുപോയി; അല്ല, അങ്ങനെ ഒരു ആശ എനിക്കുണ്ടായിട്ട് ഈ രാത്രിതന്നെ ഒരു പുരുഷനു ഭാര്യയായി പുത്രന്മാരെ പ്രസവിച്ചാലും

13അവര്‍ക്കു പ്രായമാകുവോളം നിങ്ങള്‍ അവര്‍ക്കായിട്ടു കാത്തിരിക്കുമോ? നിങ്ങള്‍ ഭര്‍ത്താക്കന്മാരെ എടുക്കാതെ നില്ക്കുമോ? അതു വേണ്ടാ, എന്‍റെ മക്കളേ; യഹോവയുടെ കൈ എനിക്കു വിരോധമായി പുറപ്പെട്ടിരിക്കയാൽ നിങ്ങളെ വിചാരിച്ചു ഞാന്‍ വളരെ വ്യസനിക്കുന്നു.

14അവര്‍ പിന്നെയും പൊട്ടിക്കരഞ്ഞു; ഓര്‍പ്പാ അമ്മാവിയമ്മയെ ചുംബിച്ചു പിരിഞ്ഞു; രൂത്തോ അവളോടു പറ്റിനിന്നു.

15അപ്പോള്‍ അവള്‍: നിന്‍റെ സഹോദരി തന്‍റെ ജനത്തിന്‍റെയും തന്‍റെ ദേവന്‍റെയും അടുക്കൽ മടങ്ങിപ്പോയല്ലോ; നീയും നിന്‍റെ സഹോദരിയുടെ പിന്നാലെ പൊയ്ക്കൊള്‍ക എന്നു പറഞ്ഞു.

16അതിനു രൂത്ത്: നിന്നെ വിട്ടുപിരിവാനും നിന്‍റെകൂടെ വരാതെ മടങ്ങിപ്പോകുവാനും എന്നോടു പറയരുതേ; നീ പോകുന്നേടത്തു ഞാനും പോരും; നീ പാര്‍ക്കുന്നേടത്തു ഞാനും പാര്‍ക്കും; നിന്‍റെ ജനം എന്‍റെ ജനം, നിന്‍റെ ദൈവം എന്‍റെ ദൈവം.

17നീ മരിക്കുന്നേടത്ത് ഞാനും മരിച്ച് അടക്കപ്പെടും; മരണത്താലല്ലാതെ ഞാന്‍ നിന്നെ വിട്ടുപിരിഞ്ഞാൽ യഹോവ തക്കവണ്ണവും അധികവും എന്നോടു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു.

18തന്നോടുകൂടെ പോരുവാന്‍ അവള്‍ ഉറച്ചിരിക്കുന്നു എന്നു കണ്ടപ്പോള്‍ അവള്‍ അവളോടു സംസാരിക്കുന്നതു മതിയാക്കി.

19അങ്ങനെ അവര്‍ രണ്ടു പേരും ബേത്‍ലഹേംവരെ നടന്നു; അവര്‍ ബേത്‍ലഹേമിൽ എത്തിയപ്പോള്‍ പട്ടണം മുഴുവനും അവരുടെ നിമിത്തം ഇളകി; ഇവള്‍ നൊവൊമിയോ എന്നു സ്ത്രീജനം പറഞ്ഞു.

20അവള്‍ അവരോടു പറഞ്ഞത്: നൊവൊമി എന്നല്ല മാറാ എന്ന് എന്നെ വിളിപ്പിന്‍; സര്‍വശക്തന്‍ എന്നോട് ഏറ്റവും കയ്പായുള്ളതു പ്രവര്‍ത്തിച്ചിരിക്കുന്നു.

21നിറഞ്ഞവളായി ഞാന്‍ പോയി, ഒഴിഞ്ഞവളായി യഹോവ എന്നെ മടക്കിവരുത്തിയിരിക്കുന്നു; യഹോവ എനിക്കു വിരോധമായി സാക്ഷീകരിക്കയും സര്‍വശക്തന്‍ എന്നെ ദുഃഖിപ്പിക്കയും ചെയ്തിരിക്കെ നിങ്ങള്‍ എന്നെ നൊവൊമി എന്നു വിളിക്കുന്നത് എന്ത്?

22ഇങ്ങനെ നൊവൊമി മോവാബ്‍ദേത്തുനിന്നു കൂടെ പോന്ന മരുമകള്‍ രൂത്ത് എന്ന മോവാബ്യസ്ത്രീയുമായി മടങ്ങിവന്നു; അവര്‍ യവക്കൊയ്ത്തിന്‍റെ ആരംഭത്തിൽ ബേത്‍ലഹേമിൽ എത്തി.