പുതിയ നിയമംMOV

റോമര്‍ 9

1ഞാന്‍ ക്രിസ്തുവില്‍ സത്യം പറയുന്നു; ഞാന്‍ പറയുന്നതു ഭോഷ്കല്ല;

2എനിക്കു വലിയ ദുഃഖവും ഹൃദയത്തില്‍ ഇടവിടാതെ നോവും ഉണ്ട് എന്ന് എന്‍റെ മനസ്സാക്ഷി എനിക്കു പരിശുദ്ധാത്മാവില്‍ സാക്ഷിയായിരിക്കുന്നു.

3ജഡപ്രകാരം എന്‍റെ ചാര്‍ച്ചക്കാരായ എന്‍റെ സഹോദരന്മാര്‍ക്കുവേണ്ടി ഞാന്‍തന്നെ ക്രിസ്തുവിനോടു വേര്‍വിട്ടു ശാപഗ്രസ്തനാവാന്‍ ഞാന്‍ ആഗ്രഹിക്കാമായിരുന്നു.

4അവര്‍ യിസ്രായേല്യര്‍; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവര്‍ക്കുള്ളവ;

5പിതാക്കന്മാരും അവര്‍ക്കുള്ളവര്‍തന്നെ; ജഡപ്രകാരം ക്രിസ്തുവും അവരില്‍നിന്നല്ലോ ഉദ്ഭവിച്ചത്; അവന്‍ സര്‍വത്തിനും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവന്‍. ആമേന്‍.

6ദൈവവചനം വൃഥാവായിപ്പോയി എന്നല്ല; യിസ്രായേലില്‍നിന്ന് ഉദ്ഭവിച്ചവര്‍ എല്ലാം യിസ്രായേല്യര്‍ എന്നും

7അബ്രാഹാമിന്‍റെ സന്തതിയാകയാല്‍ എല്ലാവരും മക്കള്‍ എന്നും വരികയില്ല: “യിസ്ഹാക്കില്‍നിന്നു ജനിക്കുന്നവര്‍ നിന്‍റെ സന്തതി എന്നു വിളിക്കപ്പെടും” എന്നേയുള്ളൂ.

8അതിന്‍റെ അര്‍ഥമോ: ജഡപ്രകാരം ജനിച്ച മക്കള്‍ അല്ല ദൈവത്തിന്‍റെ മക്കള്‍; വാഗ്ദത്തപ്രകാരം ജനിച്ച മക്കളെയത്രേ സന്തതി എന്ന് എണ്ണുന്നു.

9“ഈ സമയത്തേക്കു ഞാന്‍ വരും; അപ്പോള്‍ സാറായ്ക്ക് ഒരു മകന്‍ ഉണ്ടാകും” എന്നല്ലോ വാഗ്ദത്തവചനം.

10അത്രയുമല്ല, റിബെക്കായും നമ്മുടെ പിതാവായ യിസ്ഹാക് എന്ന ഏകനാല്‍ ഗര്‍ഭം ധരിച്ചു,

11കുട്ടികള്‍ ജനിക്കയോ ഗുണമാകെ” ദോഷമാകെ” ഒന്നും പ്രവര്‍ത്തിക്കയോ ചെയ്യുംമുമ്പേ തിരഞ്ഞെടുപ്പിന്‍ പ്രകാരമുള്ള ദൈവനിര്‍ണയം പ്രവൃത്തികള്‍ നിമിത്തമല്ല വിളിച്ചവന്‍റെ ഇഷ്ടം നിമിത്തം തന്നെ വരേണ്ടതിന്:

12“മൂത്തവന്‍ ഇളയവനെ സേവിക്കും” എന്ന് അവളോട് അരുളിച്ചെയ്തു.

13“ഞാന്‍ യാക്കോബിനെ സ്നേഹിച്ച് ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു” എന്ന് എഴുതിയിരിക്കുന്നുവല്ലോ.

14ആകയാല്‍ നാം എന്തു പറയേണ്ടൂ? ദൈവത്തിന്‍റെ പക്കല്‍ അനീതി ഉണ്ടോ? ഒരുനാളും ഇല്ല.

15“എനിക്കു കരുണ തോന്നേണം എന്നുള്ളവനോട് കരുണ തോന്നുകയും എനിക്കു കനിവ് തോന്നേണം എന്നുള്ളവനോട് കനിവു തോന്നുകയും ചെയ്യും” എന്ന് അവന്‍ മോശെയോട് അരുളിച്ചെയ്യുന്നു.

16അതുകൊണ്ട് ഇച്ഛിക്കുന്നവനാലുമല്ല, ഓടുന്നവനാലുമല്ല, കരുണ തോന്നുന്ന ദൈവത്താലത്രേ സകലവും സാധിക്കുന്നത്.

17“ഇതിനായിട്ടുതന്നെ ഞാന്‍ നിന്നെ നിര്‍ത്തിയിരിക്കുന്നത്; നിന്നില്‍ എന്‍റെ ശക്തി കാണിക്കേണ്ടതിനും എന്‍റെ നാമം സര്‍വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിനും തന്നെ” എന്നു തിരുവെഴുത്തില്‍ ഫറവോനോട് അരുളിച്ചെയ്യുന്നു.

18അങ്ങനെ തനിക്കു മനസ്സുള്ളവനോട് അവനു കരുണ തോന്നുന്നു; തനിക്കു മനസ്സുള്ളവരെ അവന്‍ കഠിനനാക്കുന്നു.

19ആകയാല്‍ അവന്‍ പിന്നെ കുറ്റം പറയുന്നത് എന്ത്? ആര്‍ അവന്‍റെ ഇഷ്ടത്തോട് എതിര്‍ത്തുനില്ക്കുന്നു എന്നു നീ എന്നോടു ചോദിക്കും.

20അയ്യോ, മനുഷ്യാ, ദൈവത്തോടു പ്രത്യുത്തരം പറയുന്ന നീ ആര്‍? മനഞ്ഞിരിക്കുന്നതു മനഞ്ഞവനോട്: നീ എന്നെ ഇങ്ങനെ ചമച്ചത് എന്ത് എന്നു ചോദിക്കുമോ?

21അല്ല, കുശവന് അതേ പിണ്ഡത്തില്‍നിന്ന് ഒരു പാത്രം മാനത്തിനും മറ്റൊരു പാത്രം അപമാനത്തിനും ഉണ്ടാക്കുവാന്‍ മണ്ണിന്മേല്‍ അധികാരം ഇല്ലയോ?

22എന്നാല്‍ ദൈവം തന്‍റെ കോപം കാണിപ്പാനും ശക്തി വെളിപ്പെടുത്തുവാനും

23യെഹൂദന്മാരില്‍നിന്നു മാത്രമല്ല; ജാതികളില്‍നിന്നും വിളിച്ചു തേജസ്സിനായി മുന്നൊരുക്കിയ കരുണാപാത്രങ്ങളായ നമ്മില്‍;

24തന്‍റെ തേജസ്സിന്‍റെ ധനം വെളിപ്പെടുത്തുവാനും ഇച്ഛിച്ചിട്ടു നാശയോഗ്യമായ കോപപാത്രങ്ങളെ വളരെ ദീര്‍ഘക്ഷമയോടെ സഹിച്ചു എങ്കില്‍ എന്ത്?

25“എന്‍റെ ജനമല്ലാത്തവരെ എന്‍റെ ജനം എന്നും പ്രിയയല്ലാത്തവളെ പ്രിയ എന്നും ഞാന്‍ വിളിക്കും.

26നിങ്ങള്‍ എന്‍റെ ജനമല്ല എന്ന് അവരോട് പറഞ്ഞ ഇടത്തില്‍ അവര്‍ ജീവനുള്ള ദൈവത്തിന്‍റെ മക്കള്‍ എന്നു വിളിക്കപ്പെടും” എന്നു ഹോശേയാപുസ്തകത്തിലും അരുളിച്ചെയ്യുന്നുവല്ലോ.

27യെശയ്യാവോ യിസ്രായേലിനെക്കുറിച്ച്: “യിസ്രായേല്‍മക്കളുടെ എണ്ണം കടല്ക്കരയിലെ മണല്‍പോലെ ആയിരുന്നാലും ശേഷിപ്പത്രേ രക്ഷിക്കപ്പെടൂ.

28കര്‍ത്താവു ഭൂമിയില്‍ തന്‍റെ വചനം നിവര്‍ത്തിച്ച് ക്ഷണത്തില്‍ തീര്‍ക്കും” എന്നു വിളിച്ചുപറയുന്നു.

29“സൈന്യങ്ങളുടെ കര്‍ത്താവ് നമുക്കു സന്തതിയെ ശേഷിപ്പിച്ചില്ലെങ്കില്‍ നാം സൊദോമെപ്പോലെ ആകുമായിരുന്നു, ഗൊമോറായ്ക്കു സദൃശമാകുമായിരുന്നു” എന്നു യെശയ്യാവ് മുമ്പുകൂട്ടി പറഞ്ഞിരിക്കുന്നുവല്ലോ.

30ആകയാല്‍ നാം എന്തു പറയേണ്ടൂ? നീതിയെ പിന്തുടരാത്ത ജാതികള്‍ നീതിപ്രാപിച്ചു,

31വിശ്വാസത്താലുള്ള നീതിതന്നെ. നീതിയുടെ പ്രമാണം പിന്തുടര്‍ന്ന യിസ്രായേലോ ആ പ്രമാണത്തിങ്കല്‍ എത്തിയില്ല.

32അതെന്തുകൊണ്ട്? വിശ്വാസത്താലല്ല, പ്രവൃത്തികളാല്‍ അന്വേഷിച്ചതുകൊണ്ടുതന്നെ അവര്‍ ഇടര്‍ച്ചക്കല്ലിന്മേല്‍ തട്ടി ഇടറി:

33“ഇതാ, ഞാന്‍ സീയോനില്‍ ഇടര്‍ച്ചക്കല്ലും തടങ്ങല്‍പാറയും വയ്ക്കുന്നു; അവനില്‍ വിശ്വസിക്കുന്നവന്‍ ലജ്ജിച്ചുപോകയില്ല” എന്ന് എഴുതിയിരിക്കുന്നുവല്ലോ.