പുതിയ നിയമംMOV
1ആകയാല്‍ നാം എന്തു പറയേണ്ടൂ? കൃപ പെരുകേണ്ടതിനു പാപം ചെയ്തുകൊണ്ടിരിക്ക എന്നോ? ഒരുനാളും അരുത്.
2പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതില്‍ ജീവിക്കുന്നത് എങ്ങനെ? അല്ല,
3യേശുക്രിസ്തുവിനോടു ചേരുവാന്‍ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തില്‍ പങ്കാളികളാകുവാന്‍ സ്നാനം ഏറ്റിരിക്കുന്നു എന്ന് നിങ്ങള്‍ അറിയുന്നില്ലയോ?
4അങ്ങനെ നാം അവന്റെമരണത്തില് പങ്കാളികളായിത്തീര്‍ന്ന സ്നാനത്താല്‍ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാല് ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തില്‍ നടക്കേണ്ടതിനുതന്നെ.
5അവന്റെ മരണത്തിന്റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കില്‍ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും.
6നാം ഇനി പാപത്തിന് അടിമപ്പെടാതവണ്ണം പാപശരീരത്തിനു നീക്കം വരേണ്ടതിനു നമ്മുടെ പഴയ മനുഷ്യന് അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു.
7അങ്ങനെ മരിച്ചവന് പാപത്തില്‍നിന്നു മോചനം പ്രാപിച്ചിരിക്കുന്നു.
8നാം ക്രിസ്തുവിനോടുകൂടെ മരിച്ചു എങ്കില്‍ അവനോടുകൂടെ ജീവിക്കും എന്നു വിശ്വസിക്കുന്നു.
9ക്രിസ്തു മരിച്ചിട്ട് ഉയിര്‍ത്തെഴുന്നേറ്റിരിക്കയാല്‍ ഇനി മരിക്കയില്ല; മരണത്തിന് അവന്റെമേല്‍ ഇനി കര്‍ത്തൃത്വമില്ല എന്നു നാം അറിയുന്നുവല്ലോ.
10അവന് മരിച്ചതു പാപസംബന്ധമായി ഒരിക്കലായിട്ടു മരിച്ചു; അവന് ജീവിക്കുന്നതോ ദൈവത്തിനു ജീവിക്കുന്നു.
11അവ്വണ്ണം നിങ്ങളും പാപസംബന്ധമായി മരിച്ചവര്‍ എന്നും ക്രിസ്തുയേശുവില്‍ ദൈവത്തിനു ജീവിക്കുന്നവര്‍ എന്നും നിങ്ങളെത്തന്നെ എണ്ണുവിന്‍.
12ആകയാല്‍ പാപം നിങ്ങളുടെ മര്‍ത്യശരീരത്തില്‍ അതിന്റെ മോഹങ്ങളെ അനുസരിക്കുമാറ് ഇനി വാഴരുത്,
13നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിനു സമര്‍പ്പിക്കയും അരുത്. നിങ്ങളെത്തന്നെ മരിച്ചിട്ടു ജീവിക്കുന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിനു സമര്‍പ്പിച്ചുകൊള്‍വിന്‍.
14നിങ്ങള്‍ ന്യായപ്രമാണത്തിനല്ല, കൃപയ്ക്കത്രേ അധീനരാകയാല് പാപം നിങ്ങളില്‍ കര്‍ത്തൃത്വം നടത്തുകയില്ലല്ലോ.
15എന്നാലെന്ത്? ന്യായപ്രമാണത്തിനല്ല കൃപയ്ക്കത്രേ അധീനരാകയാല് നാം പാപം ചെയ്ക എന്നോ? ഒരുനാളും അരുത്.
16നിങ്ങള്‍ ദാസന്മാരായി അനുസരിപ്പാന്‍ നിങ്ങളെത്തന്നെ സമര്‍പ്പിക്കയും നിങ്ങള്‍ അനുസരിച്ചുപോരുകയും ചെയ്യുന്നവനു ദാസന്മാര് ആകുന്നു എന്ന് അറിയുന്നില്ലയോ? ഒന്നുകില്‍ മരണത്തിനായി പാപത്തിന്റെ ദാസന്മാര്, അല്ലെങ്കില്‍ നീതിക്കായി അനുസരണത്തിന്റെ ദാസന്മാര്‍തന്നെ.
17എന്നാല്‍ നിങ്ങള്‍ പാപത്തിന്റെ ദാസന്മാര് ആയിരുന്നുവെങ്കിലും നിങ്ങളെ പഠിപ്പിച്ച ഉപദേശരൂപത്തെ
18ഹൃദയപൂര്‍വം അനുസരിച്ച് പാപത്തില്‍നിന്നു സ്വാതന്ത്ര്യം ലഭിച്ചു നീതിക്കു ദാസന്മാരായിത്തീര്‍ന്നതുകൊണ്ട് ദൈവത്തിനു സ്തോത്രം.
19നിങ്ങളുടെ ജഡത്തിന്റെ ബലഹീനതനിമിത്തം ഞാന്‍ മാനുഷരീതിയില് പറയുന്നു. നിങ്ങളുടെ അവയവങ്ങളെ അധര്‍മത്തിനായി അശുദ്ധിക്കും അധര്‍മത്തിനും അടിമകളാക്കി സമര്‍പ്പിച്ചതുപോലെ ഇപ്പോള്‍ നിങ്ങളുടെ അവയവങ്ങളെ വിശുദ്ധീകരണത്തിനായി നീതിക്ക് അടിമകളാക്കി സമര്‍പ്പിപ്പിന്‍.
20നിങ്ങള്‍ പാപത്തിനു ദാസന്മാരായിരുന്നപ്പോള് നീതിയെ സംബന്ധിച്ചു സ്വതന്ത്രരായിരുന്നുവല്ലോ.
21നിങ്ങള്‍ക്ക് അന്ന് എന്തൊരു ഫലം ഉണ്ടായിരുന്നു? ഇപ്പോള്‍ നിങ്ങള്‍ക്കു ലജ്ജ തോന്നുന്നതുതന്നെ. അതിന്റെ അവസാനം മരണമല്ലോ.
22എന്നാല്‍ ഇപ്പോള്‍ പാപത്തില്‍നിന്നു സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിനു ദാസന്മാരായിരിക്കയാല് നിങ്ങള്‍ക്കു ലഭിക്കുന്ന ഫലം വിശുദ്ധീകരണവും അതിന്റെ അന്തം നിത്യജീവനും ആകുന്നു.
23പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നിത്യജീവന് തന്നെ.