പുതിയ നിയമംMOV

റോമര്‍ 12

1സഹോദരന്മാരേ, ഞാന്‍ ദൈവത്തിന്‍റെ മനസ്സലിവ് ഓര്‍പ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നത്: നിങ്ങള്‍ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദവുമുള്ള യാഗമായി സമര്‍പ്പിപ്പിന്‍.

2ഈ ലോകത്തിന് അനുരൂപമാകാതെ നന്മയും പ്രസാദവും പൂര്‍ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിനു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിന്‍.

3ഭാവിക്കേണ്ടതിനു മീതെ ഭാവിച്ചുയരാതെ ദൈവം അവനവനു വിശ്വാസത്തിന്‍റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാന്‍ എനിക്കു ലഭിച്ച കൃപയാല്‍ നിങ്ങളില്‍ ഓരോരുത്തനോടും പറയുന്നു.

4ഒരു ശരീരത്തില്‍ നമുക്കു പല അവയവങ്ങള്‍ ഉണ്ടല്ലോ; എല്ലാ അവയവങ്ങള്‍ക്കും പ്രവൃത്തി ഒന്നല്ലതാനും;

5അതുപോലെ പലരായ നാം ക്രിസ്തുവില്‍ ഒരു ശരീരവും എല്ലാവരും തമ്മില്‍ അവയവങ്ങളും ആകുന്നു.

6ആകയാല്‍ നമുക്കു ലഭിച്ച കൃപയ്ക്ക് ഒത്തവണ്ണം വെവ്വേറേ വരം ഉള്ളതുകൊണ്ട് പ്രവചനം എങ്കില്‍ വിശ്വാസത്തിന് ഒത്തവണ്ണം,

7ശുശ്രൂഷ എങ്കില്‍ ശുശ്രൂഷയില്‍, ഉപദേശിക്കുന്നവന്‍ എങ്കില്‍ ഉപദേശത്തില്‍,

8പ്രബോധിപ്പിക്കുന്നവന്‍ എങ്കില്‍ പ്രബോധനത്തില്‍, ദാനം ചെയ്യുന്നവന്‍ ഏകാഗ്രതയോടെ, ഭരിക്കുന്നവന്‍ ഉത്സാഹത്തോടെ, കരുണ ചെയ്യുന്നവന്‍ പ്രസന്നതയോടെ ആകട്ടെ.

9സ്നേഹം നിര്‍വ്യാജം ആയിരിക്കട്ടെ. തീയതിനെ വെറുത്തു നല്ലതിനോടു പറ്റിക്കൊള്‍വിന്‍.

10സഹോദരപ്രീതിയില്‍ തമ്മില്‍ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതില്‍ അന്യോന്യം മുന്നിട്ടുകൊള്‍വിന്‍.

11ഉത്സാഹത്തില്‍ മടുപ്പില്ലാതെ ആത്മാവില്‍ എരിവുള്ളവരായി കര്‍ത്താവിനെ സേവിപ്പിന്‍.

12ആശയില്‍ സന്തോഷിപ്പിന്‍;

13കഷ്ടതയില്‍ സഹിഷ്ണുത കാണിപ്പിന്‍; പ്രാര്‍ഥനയില്‍ ഉറ്റിരിപ്പിന്‍; വിശുദ്ധന്മാരുടെ ആവശ്യങ്ങളില്‍ കൂട്ടായ്മ കാണിക്കയും അതിഥിസല്ക്കാരം ആചരിക്കയും ചെയ്‍വിന്‍.

14നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിന്‍; ശപിക്കാതെ അനുഗ്രഹിപ്പിന്‍.

15സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കയും കരയുന്നവരോടുകൂടെ കരകയും ചെയ്‍വിന്‍.

16തമ്മില്‍ ഐകമത്യമുള്ളവരായി വലിപ്പം ഭാവിക്കാതെ എളിയവരോടു ചേര്‍ന്നു കൊള്‍വിന്‍; നിങ്ങളെത്തന്നെ ബുദ്ധിമാന്മാര്‍ എന്നു വിചാരിക്കരുത്.

17ആര്‍ക്കും തിന്മയ്ക്കു പകരം തിന്മ ചെയ്യാതെ, സകല മനുഷ്യരുടെയും മുമ്പില്‍ യോഗ്യമായതു മുന്‍കരുതി,

18കഴിയുമെങ്കില്‍ നിങ്ങളാല്‍ ആവോളം സകല മനുഷ്യരോടും സമാധാനമായിരിപ്പിന്‍.

19പ്രിയമുള്ളവരേ, നിങ്ങള്‍തന്നെ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന് ഇടംകൊടുപ്പിന്‍; പ്രതികാരം എനിക്കുള്ളത്; ഞാന്‍ പകരം ചെയ്യും എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു,

20എന്നാല്‍ “നിന്‍റെ ശത്രുവിനു വിശക്കുന്നു എങ്കില്‍ അവനു തിന്മാന്‍ കൊടുക്ക; ദാഹിക്കുന്നു എങ്കില്‍ കുടിപ്പാന്‍ കൊടുക്ക; അങ്ങനെ ചെയ്താല്‍ നീ അവന്‍റെ തലമേല്‍ തീക്കനല്‍ കുന്നിക്കും” എന്ന് എഴുതിയിരിക്കുന്നുവല്ലോ.

21തിന്മയോടു തോല്ക്കാതെ നന്മയാല്‍ തിന്മയെ ജയിക്കുക.