പുതിയ നിയമംMOV

വെളിപ്പാട് 7

1അതിന്‍റെശേഷം ഭൂമിമേലും കടലിന്മേലും യാതൊരു വൃക്ഷത്തിന്മേലും കാറ്റ് ഊതാതിരിക്കേണ്ടതിനു നാലു ദൂതന്മാര്‍ ഭൂമിയിലെ നാലു കാറ്റും പിടിച്ചുകൊണ്ടു ഭൂമിയുടെ നാലു കോണിലും നില്ക്കുന്നത് ഞാന്‍ കണ്ടു.

2മറ്റൊരു ദൂതന്‍ ജീവനുള്ള ദൈവത്തിന്‍റെ മുദ്രയുമായി കിഴക്കുനിന്നു കയറുന്നതും കണ്ടു. അവന്‍ ഭൂമിക്കും സമുദ്രത്തിനും കേടു വരുത്തുവാന്‍ അധികാരം ലഭിച്ച നാലു ദൂതന്മാരോട്:

3നമ്മുടെ ദൈവത്തിന്‍റെ ദാസന്മാരുടെ നെറ്റിയില്‍ ഞങ്ങള്‍ മുദ്രയിട്ടു കഴിയുവോളം ഭൂമിക്കും സമുദ്രത്തിനും വൃക്ഷങ്ങള്‍ക്കും കേടു വരുത്തരുത് എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു.

4മുദ്രയേറ്റവരുടെ എണ്ണവും ഞാന്‍ കേട്ടു; യിസ്രായേല്‍മക്കളുടെ സകല ഗോത്രത്തിലുംനിന്നു മുദ്രയേറ്റവര്‍ നൂറ്റിനാല്പത്തിനാലായിരം പേര്‍.

5യെഹൂദാഗോത്രത്തില്‍ മുദ്രയേറ്റവര്‍ പന്തീരായിരം; രൂബേന്‍ഗോത്രത്തില്‍ പന്തീരായിരം; ഗാദ്ഗോത്രത്തില്‍ പന്തീരായിരം;

6ആശേര്‍ഗോത്രത്തില്‍ പന്തീരായിരം; നഫ്താലിഗോത്രത്തില്‍ പന്തീരായിരം; മനശ്ശെഗോത്രത്തില്‍ പന്തീരായിരം;

7ശിമെയോന്‍ഗോത്രത്തില്‍ പന്തീരായിരം; ലേവിഗോത്രത്തില്‍ പന്തീരായിരം; യിസ്സാഖാര്‍ഗോത്രത്തില്‍ പന്തീരായിരം;

8സെബൂലൂന്‍ഗോത്രത്തില്‍ പന്തീരായിരം; യോസേഫ്ഗോത്രത്തില്‍ പന്തീരായിരം; ബെന്യാമീന്‍ഗോത്രത്തില്‍ മുദ്രയേറ്റവര്‍ പന്തീരായിരം പേര്‍.

9ഇതിന്‍റെശേഷം സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്ന് ഉള്ളതായി ആര്‍ക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ള നിലയങ്കി ധരിച്ചു കൈയില്‍ കുരുത്തോലയുമായി സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നില്ക്കുന്നത് ഞാന്‍ കണ്ടു.

10രക്ഷ എന്നുള്ളത് സിംഹാസനത്തില്‍ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും ദാനം എന്ന് അവര്‍ അത്യുച്ചത്തില്‍ ആര്‍ത്തുകൊണ്ടിരുന്നു.

11സകല ദൂതന്മാരും സിംഹാസനത്തിന്‍റെയും മൂപ്പന്മാരുടെയും നാലു ജീവികളുടെയും ചുറ്റും നിന്നു സിംഹാസനത്തിന്‍റെ മുമ്പില്‍ കവിണ്ണുവീണു;

12ആമേന്‍; നമ്മുടെ ദൈവത്തിന് എന്നെന്നേക്കും സ്തുതിയും മഹത്ത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും; ആമേന്‍ എന്നു പറഞ്ഞു ദൈവത്തെ നമസ്കരിച്ചു.

13മൂപ്പന്മാരില്‍ ഒരുത്തന്‍ എന്നോട്: വെള്ള നിലയങ്കി ധരിച്ചിരിക്കുന്ന ഇവര്‍ ആര്‍? എവിടെനിന്നു വന്നു എന്നു ചോദിച്ചു.

14യജമാനന്‍ അറിയുമല്ലോ എന്ന് ഞാന്‍ പറഞ്ഞതിന് അവന്‍ എന്നോടു പറഞ്ഞത്: ഇവര്‍ മഹാകഷ്ടത്തില്‍നിന്നു വന്നവര്‍; കുഞ്ഞാടിന്‍റെ രക്തത്തില്‍ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.

15അതുകൊണ്ട് അവര്‍ ദൈവത്തിന്‍റെ സിംഹാസനത്തിന്‍ മുമ്പില്‍ ഇരുന്ന് അവന്‍റെ ആലയത്തില്‍ രാപ്പകല്‍ അവനെ ആരാധിക്കുന്നു; സിംഹാസനത്തില്‍ ഇരിക്കുന്നവന്‍ അവര്‍ക്കു കൂടാരം ആയിരിക്കും.

16ഇനിഅവര്‍ക്കു വിശക്കയില്ല, ദാഹിക്കയും ഇല്ല; വെയിലും യാതൊരു ചൂടും അവരുടെ മേല്‍ തട്ടുകയുമില്ല.

17സിംഹാസനത്തിന്‍റെ മധ്യേ ഉള്ള കുഞ്ഞാട് അവരെ മേയിച്ചു ജീവജലത്തിന്‍റെ ഉറവുകളിലേക്കു നടത്തുകയും ദൈവംതാന്‍ അവരുടെ കണ്ണില്‍നിന്ന് കണ്ണുനീര്‍ എല്ലാം തുടച്ചുകളകയും ചെയ്യും.