പുതിയ നിയമംMOV

വെളിപ്പാട് 5

1ഞാന്‍ സിംഹാസനത്തില്‍ ഇരിക്കുന്നവന്‍റെ വലംകൈയില്‍ അകത്തും പുറത്തും എഴുത്തുള്ളതായി ഏഴു മുദ്രയാല്‍ മുദ്രയിട്ടൊരു പുസ്തകം കണ്ടു.

2ആ പുസ്തകം തുറപ്പാനും അതിന്‍റെ മുദ്ര പൊട്ടിപ്പാനും യോഗ്യന്‍ ആരുള്ളൂ എന്ന് അത്യുച്ചത്തില്‍ ഘോഷിക്കുന്ന ശക്തനായൊരു ദൂതനെയും കണ്ടു.

3പുസ്തകം തുറപ്പാനോ നോക്കുവാനോ സ്വര്‍ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും ആര്‍ക്കും കഴിഞ്ഞില്ല.

4പുസ്തകം തുറന്നു വായിപ്പാനെങ്കിലും അത് നോക്കുവാനെങ്കിലും യോഗ്യനായി ആരെയും കാണായ്കകൊണ്ടു ഞാന്‍ ഏറ്റവും കരഞ്ഞു.

5അപ്പോള്‍ മൂപ്പന്മാരില്‍ ഒരുത്തന്‍ എന്നോട്: കരയേണ്ടാ; യെഹൂദാഗോത്രത്തിലെ സിംഹവും ദാവീദിന്‍റെ വേരുമായവന്‍ പുസ്തകവും അതിന്‍റെ ഏഴു മുദ്രയും തുറപ്പാന്‍ തക്കവണ്ണം ജയം പ്രാപിച്ചിരിക്കുന്നു എന്നു പറഞ്ഞു.

6ഞാന്‍ സിംഹാസനത്തിന്‍റെയും നാലു ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മധ്യത്തിലും ഒരു കുഞ്ഞാട് അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതു കണ്ടു: അതിന് ഏഴു കൊമ്പും, സര്‍വഭൂമിയിലേക്കും അയച്ചിരിക്കുന്ന ഏഴു ദൈവാത്മാക്കള്‍ ആയ ഏഴു കണ്ണും ഉണ്ട്.

7അവന്‍ വന്നു സിംഹാസനത്തില്‍ ഇരിക്കുന്നവന്‍റെ വലംകൈയില്‍നിന്നു പുസ്തകം വാങ്ങി.

8വാങ്ങിയപ്പോള്‍ നാലു ജീവികളും ഇരുപത്തിനാലു മൂപ്പന്മാരും ഓരോരുത്തന്‍ വീണയും വിശുദ്ധന്മാരുടെ പ്രാര്‍ഥന എന്ന ധൂപവര്‍ഗം നിറഞ്ഞ പൊന്‍കലശവും പിടിച്ചുകൊണ്ടു കുഞ്ഞാടിന്‍റെ മുമ്പാകെ വീണു.

9പുസ്തകം വാങ്ങുവാനും അതിന്‍റെ മുദ്ര പൊട്ടിപ്പാനും നീ യോഗ്യന്‍; നീ അറുക്കപ്പെട്ടു നിന്‍റെ രക്തംകൊണ്ടു സര്‍വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിനായി വിലയ്ക്കു വാങ്ങി;

10ഞങ്ങളുടെ ദൈവത്തിന് അവരെ രാജ്യവും പുരോഹിതന്മാരും ആക്കിവച്ചു; അവര്‍ ഭൂമിയില്‍ വാഴുന്നു എന്നൊരു പുതിയ പാട്ട് അവര്‍ പാടുന്നു.

11പിന്നെ ഞാന്‍ ദര്‍ശനത്തില്‍ സിംഹാസനത്തിന്‍റെയും ജീവികളുടെയും മൂപ്പന്മാരുടെയും ചുറ്റിലും ഏറിയ ദൂതന്മാരുടെ ശബ്ദം കേട്ടു; അവരുടെ എണ്ണം പതിനായിരം പതിനായിരവും ആയിരം ആയിരവും ആയിരുന്നു.

12അവര്‍ അത്യുച്ചത്തില്‍: അറുക്കപ്പെട്ട കുഞ്ഞാട് ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്ത്വവും സ്തോത്രവും ലഭിപ്പാന്‍ യോഗ്യന്‍ എന്നു പറഞ്ഞു.

13സ്വര്‍ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും സമുദ്രത്തിലും ഉള്ള സകല സൃഷ്ടിയും അവയിലുള്ളതൊക്കെയും: സിംഹാസനത്തില്‍ ഇരിക്കുന്നവനും കുഞ്ഞാടിനും സ്തോത്രവും ബഹുമാനവും മഹത്ത്വവും ബലവും എന്നെന്നേക്കും ഉണ്ടാകട്ടെ എന്നു പറയുന്നത് ഞാന്‍ കേട്ടു.

14നാലു ജീവികളും: ആമേന്‍ എന്നു പറഞ്ഞു; മൂപ്പന്മാര്‍ വീണു നമസ്കരിച്ചു.