പുതിയ നിയമംMOV

വെളിപ്പാട് 4

1അനന്തരം സ്വര്‍ഗത്തില്‍ ഒരു വാതില്‍ തുറന്നിരിക്കുന്നത് ഞാന്‍ കണ്ടു; കാഹളനാദംപോലെ എന്നോടു സംസാരിച്ചു കേട്ട ആദ്യത്തെ ശബ്ദം എന്നോട്: ഇവിടെ കയറിവരിക; മേലാല്‍ സംഭവിപ്പാനുള്ളത് ഞാന്‍ നിനക്ക് കാണിച്ചുതരാം എന്നു കല്പിച്ചു.

2ഉടനെ ഞാന്‍ ആത്മവിവശനായി സ്വര്‍ഗത്തില്‍ ഒരു സിംഹാസനം വച്ചിരിക്കുന്നതും സിംഹാസനത്തില്‍ ഒരുവന്‍ ഇരിക്കുന്നതും കണ്ടു.

3ഇരിക്കുന്നവന്‍ കാഴ്ചയ്ക്കു സൂര്യകാന്തത്തോടും പത്മരാഗത്തോടും സദൃശന്‍; സിംഹാസനത്തിന്‍റെ ചുറ്റും കാഴ്ചയ്ക്കു മരതകത്തോടു സദൃശമായൊരു പച്ചവില്ല്;

4സിംഹാസനത്തിന്‍റെ ചുറ്റിലും ഇരുപത്തിനാലു സിംഹാസനം; വെള്ളയുടുപ്പ് ധരിച്ചുംകൊണ്ടു സിംഹാസനങ്ങളില്‍ ഇരിക്കുന്ന ഇരുപത്തിനാലു മൂപ്പന്മാര്‍; അവരുടെ തലയില്‍ പൊന്‍കിരീടം;

5സിംഹാസനത്തില്‍നിന്നും മിന്നലും നാദവും ഇടിമുഴക്കവും പുറപ്പെടുന്നു; ദൈവത്തിന്‍റെ ഏഴ് ആത്മാക്കളായ ഏഴു ദീപങ്ങള്‍ സിംഹാസനത്തിന്‍റെ മുമ്പില്‍ ജ്വലിച്ചുകൊണ്ടിരിക്കുന്നു;

6സിംഹാസനത്തിന്‍റെ മുമ്പില്‍ പളുങ്കിനൊത്ത കണ്ണാടിക്കടല്‍; സിംഹാസനത്തിന്‍റെ നടുവിലും സിംഹാസനത്തിന്‍റെ ചുറ്റിലും നാലു ജീവികള്‍; അവയ്ക്കു മുമ്പുറവും പിമ്പുറവും കണ്ണു നിറഞ്ഞിരിക്കുന്നു.

7ഒന്നാം ജീവി സിംഹത്തിനു സദൃശം; രണ്ടാം ജീവി കാളയ്ക്കു സദൃശം; മൂന്നാം ജീവി മനുഷ്യനെപ്പോലെ മുഖമുള്ളത്; നാലാം ജീവി പറക്കുന്ന കഴുകിനു സദൃശം.

8നാലു ജീവികളും ഓരോന്നിനും ആറാറു ചിറകുള്ളതായി ചുറ്റിലും അകത്തും കണ്ണ് നിറഞ്ഞിരിക്കുന്നു. ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സര്‍വശക്തിയുള്ള കര്‍ത്താവായ ദൈവം പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ എന്ന് അവര്‍ രാപ്പകല്‍ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു.

9എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനായി സിംഹാസനത്തില്‍ ഇരിക്കുന്നവന് ആ ജീവികള്‍ മഹത്ത്വവും ബഹുമാനവും സ്തോത്രവും കൊടുക്കുമ്പോഴൊക്കെയും,

10ഇരുപത്തിനാലു മൂപ്പന്മാരും സിംഹാസനത്തില്‍ ഇരിക്കുന്നവന്‍റെ മുമ്പില്‍ വീണ്, എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെ നമസ്കരിച്ചു:

11കര്‍ത്താവേ, നീ സര്‍വവും സൃഷ്ടിച്ചവനും എല്ലാം നിന്‍റെ ഇഷ്ടം ഹേതുവാല്‍ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാല്‍ മഹത്ത്വവും ബഹുമാനവും ശക്തിയും കൈക്കൊള്‍വാന്‍ യോഗ്യന്‍ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിന്മുമ്പില്‍ ഇടും.