പുതിയ നിയമംMOV

വെളിപ്പാട് 3

1സര്‍ദ്ദിസിലെ സഭയുടെ ദൂതന് എഴുതുക. ദൈവത്തിന്‍റെ ഏഴാത്മാവും ഏഴു നക്ഷത്രവും ഉള്ളവന്‍ അരുളിച്ചെയ്യുന്നത്: ഞാന്‍ നിന്‍റെ പ്രവൃത്തി അറിയുന്നു. ജീവനുള്ളവന്‍ എന്ന് നിനക്കു പേരുണ്ട് എങ്കിലും നീ മരിച്ചവനാകുന്നു.

2ഉണര്‍ന്നുകൊള്‍ക; ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്ക; ഞാന്‍ നിന്‍റെ പ്രവൃത്തി എന്‍റെ ദൈവത്തിന്‍റെ സന്നിധിയില്‍ പൂര്‍ണതയുള്ളതായി കണ്ടില്ല.

3ആകയാല്‍ നീ പ്രാപിക്കയും കേള്‍ക്കയും ചെയ്തത് എങ്ങനെ എന്ന് ഓര്‍ത്ത് അത് കാത്തുകൊള്‍കയും മാനസാന്തരപ്പെടുകയും ചെയ്ക. നീ ഉണരാതിരുന്നാല്‍ ഞാന്‍ കള്ളനെപ്പോലെ വരും; ഏത് നാഴികയ്ക്കു നിന്‍റെമേല്‍ വരും എന്ന് നീ അറികയും ഇല്ല.

4എങ്കിലും ഉടുപ്പു മലിനമാകാത്ത കുറെ പേര്‍ സര്‍ദ്ദിസില്‍ നിനക്കുണ്ട്.

5അവര്‍ യോഗ്യന്മാരാകയാല്‍ വെള്ള ധരിച്ചും കൊണ്ട് എന്നോടുകൂടെ നടക്കും. ജയിക്കുന്നവന്‍ വെള്ളയുടുപ്പു ധരിക്കും; അവന്‍റെ പേര്‍ ഞാന്‍ ജീവപുസ്തകത്തില്‍നിന്നു മായിച്ചുകളയാതെ എന്‍റെ പിതാവിന്‍റെ സന്നിധിയിലും അവന്‍റെ ദൂതന്മാരുടെ മുമ്പിലും അവന്‍റെ പേര്‍ ഏറ്റുപറയും.

6ആത്മാവ് സഭകളോടു പറയുന്നത് എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

7ഫിലദെല്‍ഫ്യയിലെ സഭയുടെ ദൂതന് എഴുതുക: വിശുദ്ധനും സത്യവാനും ദാവീദിന്‍റെ താക്കോലുള്ളവനും ആയി ആരും അടയ്ക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടയ്ക്കുകയും ചെയ്യുന്നവന്‍ അരുളിച്ചെയ്യുന്നത്:

8ഞാന്‍ നിന്‍റെ പ്രവൃത്തി അറിയുന്നു. ഇതാ, ഞാന്‍ നിന്‍റെ മുമ്പില്‍ ഒരു വാതില്‍ തുറന്നുവച്ചിരിക്കുന്നു; അത് ആര്‍ക്കും അടച്ചുകൂടാ. നിനക്ക് അല്പമേ ശക്തിയുള്ളൂ എങ്കിലും നീ എന്‍റെ വചനം കാത്തു, എന്‍റെ നാമം നിഷേധിച്ചിട്ടില്ല.

9യെഹൂദരല്ലാതിരിക്കെ യെഹൂദരെന്നു കളവായി പറയുന്ന ചിലരെ ഞാന്‍ സാത്താന്‍റെ പള്ളിയില്‍നിന്നു വരുത്തും; അവര്‍ നിന്‍റെ കാല്ക്കല്‍ വന്നു നമസ്കരിപ്പാനും ഞാന്‍ നിന്നെ സ്നേഹിച്ചു എന്ന് അറിവാനും സംഗതി വരുത്തും.

10സഹിഷ്ണുതയെക്കുറിച്ചുള്ള എന്‍റെ വചനം നീ കാത്തുകൊണ്ടതിനാല്‍ ഭൂമിയില്‍ വസിക്കുന്നവരെ പരീക്ഷിക്കേണ്ടതിനു ഭൂതലത്തില്‍ എങ്ങും വരുവാനുള്ള പരീക്ഷാകാലത്ത് ഞാനും നിന്നെ കാക്കും.

11ഞാന്‍ വേഗം വരുന്നു; നിന്‍റെ കിരീടം ആരും എടുക്കാതിരിപ്പാന്‍ തക്കവണ്ണം നിനക്കുള്ളത് പിടിച്ചുകൊള്‍ക.

12ജയിക്കുന്നവനെ ഞാന്‍ എന്‍റെ ദൈവത്തിന്‍റെ ആലയത്തില്‍ ഒരു തൂണാക്കും; അവന്‍ ഒരിക്കലും അവിടെനിന്നു പോകയില്ല; എന്‍റെ ദൈവത്തിന്‍റെ നാമവും എന്‍റെ ദൈവത്തിന്‍റെ പക്കല്‍നിന്ന്, സ്വര്‍ഗത്തില്‍നിന്നു തന്നെ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്‍റെ ദൈവത്തിന്‍ നഗരത്തിന്‍റെ നാമവും എന്‍റെ പുതിയ നാമവും ഞാന്‍ അവന്‍റെമേല്‍ എഴുതും.

13ആത്മാവ് സഭകളോടു പറയുന്നത് എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

14ലവൊദിക്യയിലെ സഭയുടെ ദൂതന് എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേന്‍ എന്നുള്ളവന്‍ അരുളിച്ചെയ്യുന്നത്:

15ഞാന്‍ നിന്‍റെ പ്രവൃത്തി അറിയുന്നു; നീ ഉഷ്ണവാനുമല്ല; ശീതവാനുമല്ല; ശീതവാനോ ഉഷ്ണവാനോ ആയിരുന്നു എങ്കില്‍ കൊള്ളായിരുന്നു.

16ഇങ്ങനെ ശീതവാനുമല്ല ഉഷ്ണവാനുമല്ല, ശീതോഷ്ണവാനാകയാല്‍ നിന്നെ എന്‍റെ വായില്‍നിന്നു ഉമിണ്ണുകളയും.

17ഞാന്‍ ധനവാന്‍; സമ്പന്നനായിരിക്കുന്നു; എനിക്ക് ഒന്നിനും മുട്ടില്ല എന്നു പറഞ്ഞുകൊണ്ടു നീ നിര്‍ഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും എന്ന് അറിയാതിരിക്കയാല്‍

18നീ സമ്പന്നന്‍ ആകേണ്ടതിനു തീയില്‍ ഊതിക്കഴിച്ച പൊന്നും നിന്‍റെ നഗ്നതയുടെ ലജ്ജ വെളിവാകാതവണ്ണം ധരിക്കേണ്ടതിനു വെള്ളയുടുപ്പും നിനക്കു കാഴ്ച ലഭിക്കേണ്ടതിനു കണ്ണില്‍ എഴുതുവാന്‍ ലേപവും എന്നോടു വിലയ്ക്കു വാങ്ങുവാന്‍ ഞാന്‍ നിന്നോടു ബുദ്ധി പറയുന്നു.

19എനിക്കു പ്രിയമുള്ളവരെയൊക്കെയും ഞാന്‍ ശാസിക്കയും ശിക്ഷിക്കയും ചെയ്യുന്നു; ആകയാല്‍ നീ ജാഗ്രതയുള്ളവനായിരിക്ക; മാനസാന്തരപ്പെടുക.

20ഞാന്‍ വാതില്‍ക്കല്‍നിന്നു മുട്ടുന്നു; ആരെങ്കിലും എന്‍റെ ശബ്ദം കേട്ടു വാതില്‍ തുറന്നാല്‍ ഞാന്‍ അവന്‍റെ അടുക്കല്‍ ചെന്ന് അവനോടും അവന്‍ എന്നോടുംകൂടെ അത്താഴം കഴിക്കും.

21ജയിക്കുന്നവനു ഞാന്‍ എന്നോടുകൂടെ എന്‍റെ സിംഹാസനത്തില്‍ ഇരിപ്പാന്‍ വരം നല്കും; ഞാനും ജയിച്ച് എന്‍റെ പിതാവിനോടുകൂടെ അവന്‍റെ സിംഹാസനത്തില്‍ ഇരുന്നതുപോലെതന്നെ.

22ആത്മാവ് സഭകളോടു പറയുന്നത് എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.