പുതിയ നിയമംMOV
1ഞാന്‍ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല.
2പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം ഭര്‍ത്താവിനായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വര്‍ഗത്തില്‍നിന്ന്, ദൈവസന്നിധിയില്‍നിന്നുതന്നെ, ഇറങ്ങുന്നത് ഞാന്‍ കണ്ടു.
3സിംഹാസനത്തില്‍നിന്ന് ഒരു മഹാശബ്ദം പറയുന്നതായി ഞാന്‍ കേട്ടത്: ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവന് അവരോടുകൂടെ വസിക്കും; അവര്‍ അവന്റെ ജനമായിരിക്കും; ദൈവം താന്‍ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.
4അവന് അവരുടെ കണ്ണില്‍നിന്നു കണ്ണുനീര് എല്ലാം തുടച്ചുകളയും.
5ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേത് കഴിഞ്ഞുപോയി; സിംഹാസനത്തില്‍ ഇരിക്കുന്നവന്: ഇതാ, ഞാന്‍ സകലവും പുതുതാക്കുന്നു എന്ന് അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവന് കല്പിച്ചു.
6പിന്നെയും അവന് എന്നോട് അരുളിച്ചെയ്തത്: സംഭവിച്ചുതീര്‍ന്നു; ഞാന്‍ അല്ഫയും ഓമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന് ഞാന്‍ ജീവനീരുറവില്‍നിന്നു സൗജന്യമായി കൊടുക്കും.
7ജയിക്കുന്നവന് ഇത് അവകാശമായി ലഭിക്കും; ഞാന്‍ അവന് ദൈവവും അവന് എനിക്ക് മകനുമായിരിക്കും.
8എന്നാല്‍ ഭീരുക്കള്‍, അവിശ്വാസികള്‍, അറയ്ക്കപ്പെട്ടവര്‍, കൊലപാതകന്മാര്‍, ദുര്‍ന്നടപ്പുകാര്‍, ക്ഷുദ്രക്കാര്, ബിംബാരാധികള് എന്നിവര്‍ക്കും ഭോഷ്കു പറയുന്ന ഏവര്‍ക്കുമുള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ; അതു രണ്ടാമത്തെ മരണം.
9അന്ത്യബാധ ഏഴും നിറഞ്ഞ ഏഴു കലശം ഉണ്ടായിരുന്ന ഏഴു ദൂതന്മാരില് ഒരുത്തന് വന്ന് എന്നോട്: വരിക, കുഞ്ഞാടിന്റെ കാന്തയായ മണവാട്ടിയെ കാണിച്ചുതരാം എന്നു പറഞ്ഞു.
10അവന് എന്നെ ആത്മവിവശതയില് ഉയര്‍ന്നൊരു വന്മലയില് കൊണ്ടുപോയി, യെരൂശലേമെന്ന വിശുദ്ധനഗരം സ്വര്‍ഗത്തില്‍നിന്ന്, ദൈവസന്നിധിയില്‍നിന്നുതന്നെ, ദൈവതേജസ്സുള്ളതായി ഇറങ്ങുന്നത് കാണിച്ചുതന്നു.
11അതിന്റെ ജ്യോതിസ്സ് ഏറ്റവും വിലയേറിയ രത്നത്തിനു തുല്യമായി സ്ഫടികസ്വച്ഛതയുള്ള സൂര്യകാന്തംപോലെ ആയിരുന്നു.
12അതിന് പൊക്കമുള്ള വന്മതിലും പന്ത്രണ്ടു ഗോപുരവും ഗോപുരങ്ങളില്‍ പന്ത്രണ്ടു ദൂതന്മാരും ഉണ്ട്; യിസ്രായേല്‍മക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെയും പേര് കൊത്തീട്ടും ഉണ്ട്.
13കിഴക്കു മൂന്നു ഗോപുരം, വടക്കു മൂന്നു ഗോപുരം, തെക്കു മൂന്നു ഗോപുരം, പടിഞ്ഞാറ് മൂന്നു ഗോപുരം.
14നഗരത്തിന്റെ മതിലിന് പന്ത്രണ്ട് അടിസ്ഥാനവും അതില്‍ കുഞ്ഞാടിന്റെ പന്ത്രണ്ട് അപ്പൊസ്തലന്മാരുടെ പന്ത്രണ്ടു പേരും ഉണ്ട്.
15എന്നോട് സംസാരിച്ചവന് നഗരത്തെയും അതിന്റെ ഗോപുരങ്ങളെയും മതിലിനെയും അളക്കേണ്ടതിന് പൊന്നുകൊണ്ടുള്ള ഒരു അളവുകോല്‍ ഉണ്ടായിരുന്നു.
16നഗരം സമചതുരമായി കിടക്കുന്നു; അതിന്റെ വീതിയും നീളവും സമം. അളവുകോല്‍കൊണ്ട് അവന് നഗരത്തെ അളന്നു, ആയിരത്തിരുനൂറു നാഴിക കണ്ടു; അതിന്റെ നീളവും വീതിയും ഉയരവും സമം തന്നെ.
17അതിന്റെ മതില് അളന്നു; മനുഷ്യന്റെ അളവിന് എന്നുവച്ചാല്‍ ദൂതന്റെ അളവിനു തന്നെ, നൂറ്റിനാല്പത്തിനാലു മുഴം ഉണ്ടായിരുന്നു.
18മതിലിന്റെ പണി സൂര്യകാന്തവും നഗരം സ്വച്ഛസ്ഫടികത്തിനൊത്ത തങ്കവും ആയിരുന്നു.
19നഗരമതിലിന്റെ അടിസ്ഥാനങ്ങള്‍ സകല രത്നവുംകൊണ്ട് അലങ്കരിച്ചിരിക്കുന്നു; ഒന്നാം അടിസ്ഥാനം സൂര്യകാന്തം, രണ്ടാമത്തേത് നീലരത്നം, മൂന്നാമത്തേത് മാണിക്യം, നാലാമത്തേത് മരതകം,
20അഞ്ചാമത്തേത് നഖവര്‍ണി, ആറാമത്തേത് ചുവപ്പുകല്ല്, ഏഴാമത്തേത് പീതരത്നം, എട്ടാമത്തേത് ഗോമേദകം, ഒമ്പതാമത്തേത് പുഷ്യരാഗം, പത്താമത്തേത് വൈഡൂര്യം, പതിനൊന്നാമത്തേത് പത്മരാഗം, പന്ത്രണ്ടാമത്തേത് സുഗന്ധിരത്നം.
21പന്ത്രണ്ടു ഗോപുരവും പന്ത്രണ്ടു മുത്ത്; ഓരോ ഗോപുരം ഓരോ മുത്തുകൊണ്ടുള്ളതും നഗരത്തിന്റെ വീഥി സ്വച്ഛസ്ഫടികത്തിന് തുല്യമായ തങ്കവും ആയിരുന്നു.
22മന്ദിരം അതില്‍ കണ്ടില്ല; സര്‍വശക്തിയുള്ള ദൈവമായ കര്‍ത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആകുന്നു.
23നഗരത്തില്‍ പ്രകാശിപ്പാന് സൂര്യനും ചന്ദ്രനും ആവശ്യമില്ല; ദൈവതേജസ്സ് അതിനെ പ്രകാശിപ്പിച്ചു; കുഞ്ഞാട് അതിന്റെ വിളക്ക് ആകുന്നു.
24ജാതികള്‍ അതിന്റെ വെളിച്ചത്തില്‍ നടക്കും; ഭൂമിയുടെ രാജാക്കന്മാര് തങ്ങളുടെ മഹത്ത്വം അതിലേക്കു കൊണ്ടുവരും.
25അതിന്റെ ഗോപുരങ്ങള്‍ പകല്‍ക്കാലത്ത് അടയ്ക്കുകയില്ല; രാത്രി അവിടെ ഇല്ലല്ലോ.
26ജാതികളുടെ മഹത്ത്വവും ബഹുമാനവും അതിലേക്കു കൊണ്ടുവരും.
27കുഞ്ഞാടിന്റെ ജീവപുസ്തകത്തില്‍ എഴുതിയിരിക്കുന്നവരല്ലാതെ അശുദ്ധമായത് യാതൊന്നും മ്ലേച്ഛതയും ഭോഷ്കും പ്രവര്ത്തിക്കുന്നവന് ആരും അതില്‍ കടക്കയില്ല.