പുതിയ നിയമംMOV

വെളിപ്പാട് 1

1യേശുക്രിസ്തുവിന്‍റെ വെളിപ്പാട്: വേഗത്തില്‍ സംഭവിപ്പാനുള്ളത് തന്‍റെ ദാസന്മാരെ കാണിക്കേണ്ടതിനു ദൈവം അത് അവനു കൊടുത്തു. അവന്‍ അത് തന്‍റെ ദൂതന്‍ മുഖാന്തരം അയച്ച് തന്‍റെ ദാസനായ യോഹന്നാനു പ്രദര്‍ശിപ്പിച്ചു.

2അവന്‍ ദൈവത്തിന്‍റെ വചനവും യേശുക്രിസ്തുവിന്‍റെ സാക്ഷ്യവുമായി താന്‍ കണ്ടതൊക്കെയും സാക്ഷീകരിച്ചു.

3ഈ പ്രവചനത്തിന്‍റെ വാക്കുകളെ വായിച്ചു കേള്‍പ്പിക്കുന്നവനും കേള്‍ക്കുന്നവരും അതില്‍ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാന്മാര്‍; സമയം അടുത്തിരിക്കുന്നു.

4യോഹന്നാന്‍ ആസ്യയിലെ ഏഴു സഭകള്‍ക്കും എഴുതുന്നത്: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കല്‍നിന്നും അവന്‍റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴ് ആത്മാക്കളുടെ പക്കല്‍നിന്നും

5വിശ്വസ്തസാക്ഷിയും മരിച്ചവരില്‍ ആദ്യജാതനും ഭൂരാജാക്കന്മാര്‍ക്ക് അധിപതിയും ആയ യേശുക്രിസ്തുവിങ്കല്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.

6നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്‍റെ രക്തത്താല്‍ വിടുവിച്ചു തന്‍റെ പിതാവായ ദൈവത്തിനു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീര്‍ത്തവനുമായവന് എന്നെന്നേക്കും മഹത്ത്വവും ബലവും; ആമേന്‍.

7ഇതാ, അവന്‍ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളച്ചവരും അവനെ കാണും; ഭൂമിയിലെ ഗോത്രങ്ങളൊക്കെയും അവനെച്ചൊല്ലി വിലപിക്കും. ഉവ്വ്, ആമേന്‍.

8ഞാന്‍ അല്ഫയും ഓമേഗയും ആകുന്നു എന്ന് ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സര്‍വശക്തിയുള്ള ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

9നിങ്ങളുടെ സഹോദരനും യേശുവിന്‍റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണുതയിലും കൂട്ടാളിയുമായ യോഹന്നാന്‍ എന്ന ഞാന്‍ ദൈവവചനവും യേശുവിന്‍റെ സാക്ഷ്യവും നിമിത്തം പത്മൊസ് എന്ന ദ്വീപില്‍ ആയിരുന്നു.

10കര്‍ത്തൃദിവസത്തില്‍ ഞാന്‍ ആത്മവിവശനായി:

11നീ കാണുന്നത് ഒരു പുസ്തകത്തില്‍ എഴുതി എഫെസൊസ്, സ്മുര്‍ന്നാ, പെര്‍ഗരുമൊസ്, തുയഥൈര, സര്‍ദ്ദിസ്സ്, ഫിലദെല്‍ഫ്യ, ലവൊദിക്യ എന്ന ഏഴു സഭകള്‍ക്കും അയയ്ക്കുക എന്നിങ്ങനെ കാഹളത്തിനൊത്ത ഒരു മഹാനാദം എന്‍റെ പുറകില്‍കേട്ടു.

12എന്നോടു സംസാരിച്ച നാദം എന്ത് എന്നു കാണ്‍മാന്‍ ഞാന്‍ തിരിഞ്ഞു.

13തിരിഞ്ഞപ്പോള്‍ ഏഴു പൊന്‍നിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവില്‍ നിലയങ്കി ധരിച്ചു മാറത്തു പൊന്‍കച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.

14അവന്‍റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണ് അഗ്നിജ്വാലയ്ക്ക് ഒത്തതും

15കാല്‍ ഉലയില്‍ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിനു സദൃശവും അവന്‍റെ ശബ്ദം പെരുവെള്ളത്തിന്‍റെ ഇരച്ചില്‍പോലെയും ആയിരുന്നു.

16അവന്‍റെ വലംകൈയില്‍ ഏഴു നക്ഷത്രം ഉണ്ട്; അവന്‍റെ വായില്‍നിന്നു മൂര്‍ച്ചയേറിയ ഇരുവായ്ത്തലയുള്ള വാള്‍ പുറപ്പെടുന്നു; അവന്‍റെ മുഖം സൂര്യന്‍ ശക്തിയോടെ പ്രകാശിക്കുന്നതുപോലെ ആയിരുന്നു.

17അവനെ കണ്ടിട്ടു ഞാന്‍ മരിച്ചവനെപ്പോലെ അവന്‍റെ കാല്ക്കല്‍ വീണു. അവന്‍ വലംകൈ എന്‍റെമേല്‍ വച്ചു: ഭയപ്പെടേണ്ടാ, ഞാന്‍ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു.

18ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്‍റെയും പാതാളത്തിന്‍റെയും താക്കോല്‍ എന്‍റെ കൈവശമുണ്ട്.

19നീ കണ്ടതും ഇപ്പോള്‍ ഉള്ളതും ഇനി സംഭവിപ്പാനിരിക്കുന്നതും

20എന്‍റെ വലംകൈയില്‍ കണ്ട ഏഴു നക്ഷത്രത്തിന്‍റെ മര്‍മവും ഏഴു പൊന്‍നിലവിളക്കിന്‍റെ വിവരവും എഴുതുക. ഏഴു നക്ഷത്രം ഏഴു സഭകളുടെ ദൂതന്മാരാകുന്നു; ഏഴു നിലവിളക്ക് ഏഴു സഭകള്‍ ആകുന്നു എന്നു കല്പിച്ചു.