പുതിയ നിയമംMOV
1അനന്തരം ഞാന്‍ വലിയ അധികാരമുള്ള മറ്റൊരു ദൂതന് സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങുന്നതു കണ്ടു; അവന്റെ തേജസ്സിനാല്‍ ഭൂമി പ്രകാശിച്ചു.
2അവന് ഉറക്കെ വിളിച്ചുപറഞ്ഞത്: വീണുപോയി; മഹതിയാം ബാബിലോന് വീണുപോയി; ദുര്‍ഭൂതങ്ങളുടെ പാര്‍പ്പിടവും സകല അശുദ്ധാത്മാക്കളുടെയും തടവും അശുദ്ധിയും അറപ്പുമുള്ള സകല പക്ഷികളുടെയും തടവുമായിത്തീര്‍ന്നു.
3അവളുടെ വേശ്യാവൃത്തിയുടെ ക്രോധമദ്യം സകല ജാതികളും കുടിച്ചു; ഭൂമിയിലെ രാജാക്കന്മാര് അവളോടു വേശ്യാസംഗം ചെയ്കയും ഭൂമിയിലെ വ്യാപാരികള്‍ അവളുടെ പുളപ്പിന്റെ ആധിക്യത്താല്‍ സമ്പന്നരാകയും ചെയ്തു.
4വേറൊരു ശബ്ദം സ്വര്‍ഗത്തില്‍നിന്നു പറയുന്നതായി ഞാന്‍ കേട്ടത്: എന്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളില്‍ കൂട്ടാളികളാകാതെയും അവളുടെ ബാധകളില്‍ ഓഹരിക്കാരാകാതെയുമിരിപ്പാന്‍ അവളെ വിട്ടുപോരുവിന്.
5അവളുടെ പാപം ആകാശത്തോളം കുന്നിച്ചിരിക്കുന്നു; അവളുടെ അകൃത്യം ദൈവം ഓര്‍ത്തിട്ടുമുണ്ട്.
6അവള് നിങ്ങള്‍ക്കു ചെയ്തതുപോലെ നിങ്ങള്‍ അവള്‍ക്ക് പകരം ചെയ്വിന്; അവളുടെ പ്രവൃത്തികള്‍ക്കു തക്കവണ്ണം അവള്‍ക്ക് ഇരട്ടിച്ചു കൊടുപ്പിന്; അവള് കലക്കിത്തന്ന പാനപാത്രത്തില്‍ അവള്‍ക്ക് ഇരട്ടി കലക്കിക്കൊടുപ്പിന്;
7അവള് തന്നെത്താന്‍ മഹത്ത്വപ്പെടുത്തി പുളച്ചേടത്തോളം അവള്‍ക്കു പീഡയും ദുഃഖവും കൊടുപ്പിന്. രാജ്ഞിയായിട്ട് ഞാന്‍ ഇരിക്കുന്നു; ഞാന്‍ വിധവയല്ല; ദുഃഖം കാണ്‍കയുമില്ല എന്ന് അവള് ഹൃദയംകൊണ്ടു പറയുന്നു.
8അതുനിമിത്തം മരണം, ദുഃഖം, ക്ഷാമം എന്നിങ്ങനെ അവളുടെ ബാധകള്‍ ഒരു ദിവസത്തില്‍തന്നെ വരും; അവളെ തീയില്‍ ഇട്ടു ചുട്ടുകളയും; അവളെ ന്യായം വിധിച്ച ദൈവമായ കര്‍ത്താവ് ശക്തനല്ലോ.
9അവളോടുകൂടെ വേശ്യാസംഗം ചെയ്തു പുളച്ചിരിക്കുന്ന ഭൂരാജാക്കന്മാര് അവളുടെ പീഡനിമിത്തം ഭയപ്പെട്ടു ദൂരത്തു നിന്നുകൊണ്ട് അവളുടെ ദഹനത്തിന്റെ പുക കാണുമ്പോള്‍ അവളെച്ചൊല്ലി കരഞ്ഞും മാറത്തടിച്ചുംകൊണ്ടു:
10അയ്യോ, അയ്യോ, മഹാനഗരമായ ബാബിലോനേ, ബലമേറിയ പട്ടണമേ, ഒരു മണിക്കൂറുകൊണ്ടു നിന്റെ ന്യായവിധി വന്നല്ലോ എന്നു പറയും.
11ഭൂമിയിലെ വ്യാപാരികള്‍ പൊന്ന്, വെള്ളി, രത്നം, മുത്ത്, നേരിയതുണി,
12ധൂമ്രവസ്ത്രം, പട്ട്, കടുംചുവപ്പ്, ചന്ദനത്തരങ്ങള്, ആനക്കൊമ്പുകൊണ്ടുള്ള സകലവിധ സാമാനങ്ങള്‍, വിലയേറിയ മരവും പിച്ചളയും ഇരുമ്പും മര്‍മരക്കല്ലുംകൊണ്ടുള്ള ഓരോ സാമാനം,
13ലവംഗം, ഏലം, ധൂപവര്‍ഗം, മൂറ്, കുന്തുരുക്കം, വീഞ്ഞ്, എണ്ണ, നേരിയ മാവ്, കോതമ്പ്, കന്നുകാലി, ആട്, കുതിര, രഥം, മാനുഷദേഹം, മാനുഷപ്രാണന് എന്നീ ചരക്ക് ഇനി ആരും വാങ്ങായ്കയാല് അവളെച്ചൊല്ലി കരഞ്ഞു ദുഃഖിക്കുന്നു.
14നീ കൊതിച്ച കായ്കനിയും നിന്നെ വിട്ടുപോയി; സ്വാദും ശോഭയും ഉള്ളതെല്ലാം നിനക്ക് ഇല്ലാതെയായി; നീ ഇനി അവയെ ഒരിക്കലും കാണുകയില്ല.
15ഈ വകകൊണ്ടു വ്യാപാരം ചെയ്ത് അവളാല്‍ സമ്പന്നരായവര്‍ അവള്‍ക്കുള്ള പീഡ ഭയപ്പെട്ടു ദൂരത്തു നിന്നു:
16അയ്യോ, അയ്യോ, മഹാനഗരമേ, നേരിയ തുണിയും ധൂമ്രവര്‍ണവും കടുംചുവപ്പും ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളേ,
17ഇത്ര വലിയ സമ്പത്ത് ഒരു മണിക്കൂറുകൊണ്ടു നശിച്ചുപോയല്ലോ എന്നു പറഞ്ഞു കരഞ്ഞു ദുഃഖിക്കും. ഏതു മാലുമിയും ഓരോ ദിക്കിലേക്കു കപ്പലേറി പോകുന്ന ഏവനും കപ്പല്ക്കാരും കടലില്‍ തൊഴില്‍ ചെയ്യുന്നവരൊക്കെയും
18ദൂരത്തുനിന്ന് അവളുടെ ദഹനത്തിന്റെ പുക കണ്ട്: മഹാനഗരത്തോടു തുല്യമായ നഗരം ഏത് എന്നു നിലവിളിച്ചുപറഞ്ഞു.
19അവര്‍ തലയില്‍ പൂഴി വാരിയിട്ടുംകൊണ്ട്: അയ്യോ, അയ്യോ, കടലില്‍ കപ്പലുള്ളവര്‍ക്ക് എല്ലാം തന്റെ ഐശ്വര്യത്താല് സമ്പത്ത് വര്‍ധിപ്പിച്ച മഹാനഗരം ഒരു മണിക്കൂറുകൊണ്ടു നശിച്ചുപോയല്ലോ എന്നു പറഞ്ഞ് കരഞ്ഞും ദുഃഖിച്ചുംകൊണ്ടു നിലവിളിച്ചു.
20സ്വര്‍ഗമേ, വിശുദ്ധന്മാരും അപ്പൊസ്തലന്മാരും പ്രവാചകന്മാരുമായുള്ളോരേ, ദൈവം അവളോട് നിങ്ങള്‍ക്കുവേണ്ടി പ്രതികാരം നടത്തിയതുകൊണ്ട് അവളെച്ചൊല്ലി ആനന്ദിപ്പിന്.
21പിന്നെ ശക്തനായൊരു ദൂതന് തിരികല്ലോളം വലുതായൊരു കല്ല് എടുത്തു സമുദ്രത്തില്‍ എറിഞ്ഞു പറഞ്ഞത്: ഇങ്ങനെ ബാബിലോന് മഹാനഗരത്തെ ഹേമത്തോടെ എറിഞ്ഞുകളയും; ഇനി അതിനെ കാണുകയില്ല.
22വൈണികന്മാര്, വാദ്യക്കാര്‍, കുഴലൂത്തുകാര്‍, കാഹളക്കാര്‍ എന്നിവരുടെ സ്വരം നിന്നില്‍ ഇനി കേള്‍ക്കയില്ല; യാതൊരു കൗശലപ്പണിയും ചെയ്യുന്ന ഒരു ശില്പിയെയും നിന്നില്‍ ഇനി കാണുകയില്ല; തിരികല്ലിന്റെ ഒച്ച ഇനി നിന്നില്‍ കേള്‍ക്കയില്ല.
23വിളക്കിന്റെ വെളിച്ചം ഇനി നിന്നില്‍ പ്രകാശിക്കയില്ല; മണവാളന്റെയും മണവാട്ടിയുടെയും സ്വരം ഇനി നിന്നില്‍ കേള്‍ക്കയില്ല; നിന്റെ വ്യാപാരികള്‍ ഭൂമിയിലെ മഹത്തുക്കള്‍ ആയിരുന്നു; നിന്റെ ക്ഷുദ്രത്താല് സകല ജാതികളും വശീകരിക്കപ്പെട്ടിരുന്നു.
24പ്രവാചകന്മാരുടെയും വിശുദ്ധന്മാരുടെയും ഭൂമിയില്‍ വച്ചു കൊന്നുകളഞ്ഞ എല്ലാവരുടെയും രക്തം അവളില്‍ അല്ലോ കണ്ടത്.