പുതിയ നിയമംMOV

വെളിപ്പാട് 10

1ബലവാനായ മറ്റൊരു ദൂതന്‍ സ്വര്‍ഗത്തില്‍ നിന്നിറങ്ങുന്നത് ഞാന്‍ കണ്ടു. അവന്‍ മേഘം ഉടുത്തും തലയില്‍ ആകാശവില്ലു ധരിച്ചും മുഖം സൂര്യനെപ്പോലെയും കാല്‍ തീത്തൂണുപോലെയും ഉള്ളവന്‍.

2അവന്‍റെ കൈയില്‍ തുറന്നൊരു ചെറുപുസ്തകം ഉണ്ടായിരുന്നു. അവന്‍ വലംകാല്‍ സമുദ്രത്തിന്മേലും ഇടംകാല്‍ ഭൂമിമേലും വച്ചു.

3സിംഹം അലറുംപോലെ അത്യുച്ചത്തില്‍ ആര്‍ത്തു; ആര്‍ത്തപ്പോള്‍ ഏഴ് ഇടിയും നാദം മുഴക്കി.

4ഏഴ് ഇടി നാദം മുഴക്കിയപ്പോള്‍ ഞാന്‍ എഴുതുവാന്‍ ഭാവിച്ചു; എന്നാല്‍ ഏഴ് ഇടി മുഴക്കിയത് എഴുതാതെ മുദ്രയിട്ടേക്ക എന്ന് സ്വര്‍ഗത്തില്‍നിന്ന് ഒരു ശബ്ദം കേട്ടു.

5സമുദ്രത്തിന്മേലും ഭൂമിമേലും നില്ക്കുന്നവനായി ഞാന്‍ കണ്ട ദൂതന്‍ വലംകൈ ആകാശത്തേക്ക് ഉയര്‍ത്തി:

6ഇനി കാലം ഉണ്ടാകയില്ല; ഏഴാമത്തെ ദൂതന്‍ കാഹളം ഊതുവാനിരിക്കുന്ന നാദത്തിന്‍റെ കാലത്ത് ദൈവത്തിന്‍റെ മര്‍മം അവന്‍ തന്‍റെ ദാസന്മാരായ പ്രവാചകന്മാര്‍ക്ക് അറിയിച്ചു കൊടുത്തതുപോലെ നിവൃത്തിയാകുമെന്ന്

7ആകാശവും അതിലുള്ളതും ഭൂമിയും അതിലുള്ളതും സമുദ്രവും അതിലുള്ളതും സൃഷ്ടിച്ചവനായി എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെച്ചൊല്ലി സത്യം ചെയ്തു.

8ഞാന്‍ സ്വര്‍ഗത്തില്‍നിന്നു കേട്ട ശബ്ദം പിന്നെയും എന്നോടു സംസാരിച്ചു: നീ ചെന്നു സമുദ്രത്തിന്മേലും ഭൂമിമേലും നില്ക്കുന്ന ദൂതന്‍റെ കൈയില്‍ തുറന്നിരിക്കുന്ന പുസ്തകം വാങ്ങുക എന്നു കല്പിച്ചു.

9ഞാന്‍ ദൂതന്‍റെ അടുക്കല്‍ ചെന്ന് ആ ചെറുപുസ്തകം തരുവാന്‍ പറഞ്ഞു. അവന്‍ എന്നോട്: നീ ഇതു വാങ്ങി തിന്നുക; അത് നിന്‍റെ വയറ്റിനെ കയ്പിക്കും എങ്കിലും വായില്‍ തേന്‍പോലെ മധുരിക്കും എന്നു പറഞ്ഞു.

10ഞാന്‍ ദൂതന്‍റെ കൈയില്‍നിന്ന് ചെറുപുസ്തകം വാങ്ങിത്തിന്നു; അത് എന്‍റെ വായില്‍ തേന്‍പോലെ മധുരമായിരുന്നു; തിന്നു കഴിഞ്ഞപ്പോള്‍ എന്‍റെ വയര്‍ കയ്ച്ചുപോയി.

11അവന്‍ എന്നോട്: നീ ഇനിയും അനേകം വംശങ്ങളെയും ജാതികളെയും ഭാഷകളെയും രാജാക്കന്മാരെയും കുറിച്ചു പ്രവചിക്കേണ്ടിവരും എന്നു പറഞ്ഞു.