പഴയ നിയമംMOV

സങ്കീര്‍ത്തനങ്ങള്‍ 9

1സംഗീതപ്രമാണിക്ക് പുത്രമരണരാഗത്തിൽ;ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] ഞാന്‍ പൂര്‍ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; നിന്‍റെ അദ്ഭുതങ്ങളെയൊക്കെയും ഞാന്‍ വര്‍ണിക്കും.

2ഞാന്‍ നിന്നിൽ സന്തോഷിച്ചുല്ലസിക്കും; അത്യുന്നതനായുള്ളോവേ, ഞാന്‍ നിന്‍റെ നാമത്തെ കീര്‍ത്തിക്കും.

3എന്‍റെ ശത്രുക്കള്‍ പിന്‍വാങ്ങുകയിൽ ഇടറിവീണു, നിന്‍റെ സന്നിധിയിൽ നശിച്ചുപോകും.

4നീ എന്‍റെ കാര്യവും വ്യവഹാരവും നടത്തിയിരിക്കുന്നു; നീ നീതിയോടെ വിധിച്ചുകൊണ്ട് സിംഹാസനത്തിൽ ഇരിക്കുന്നു.

5നീ ജാതികളെ ശാസിച്ചു ദുഷ്ടനെ നശിപ്പിച്ചു; അവരുടെ നാമത്തെ നീ സദാകാലത്തേക്കും മായിച്ചുകളഞ്ഞു.

6ശത്രുക്കള്‍ മുടിഞ്ഞു സദാകാലത്തേക്കും നശിച്ചിരിക്കുന്നു; അവരുടെ പട്ടണങ്ങളെയും നീ മറിച്ചുകളഞ്ഞിരിക്കുന്നു; അവയുടെ ഓര്‍മകൂടെ ഇല്ലാതെയായിരിക്കുന്നു.

7എന്നാൽ യഹോവ എന്നേക്കും വാഴുന്നു; ന്യായവിധിക്ക് അവന്‍ സിംഹാസനം ഒരുക്കിയിരിക്കുന്നു.

8അവന്‍ ലോകത്തെ നീതിയോടെ വിധിക്കും; ജാതികള്‍ക്ക് നേരോടെ ന്യായപാലനം ചെയ്യും.

9യഹോവ പീഡിതന് ഒരു അഭയസ്ഥാനം; കഷ്ടകാലത്ത് ഒരഭയസ്ഥാനംതന്നെ.

10നിന്‍റെ നാമത്തെ അറിയുന്നവര്‍ നിങ്കൽ ആശ്രയിക്കും; യഹോവേ, നിന്നെ അന്വേഷിക്കുന്നവരെ നീ ഉപേക്ഷിക്കുന്നില്ലല്ലോ.

11സീയോനിൽ വസിക്കുന്ന യഹോവയ്ക്കു സ്തോത്രം പാടുവിന്‍; അവന്‍റെ പ്രവൃത്തികളെ ജാതികളുടെ ഇടയിൽ ഘോഷിപ്പിന്‍.

12രക്തപാതകത്തിനു പ്രതികാരം ചെയ്യുന്നവന്‍ അവരെ ഓര്‍ക്കുന്നു; എളിയവരുടെ നിലവിളിയെ അവന്‍ മറക്കുന്നതുമില്ല.

13യഹോവേ, എന്നോടു കരുണയുണ്ടാകേണമേ; മരണവാതിലുകളിൽനിന്ന് എന്നെ ഉദ്ധരിക്കുന്നവനേ, എന്നെ പകയ്ക്കുന്നവരാൽ എനിക്കു നേരിടുന്ന കഷ്ടം നോക്കേണമേ.

14ഞാന്‍ സീയോന്‍പുത്രിയുടെ പടിവാതിലുകളിൽ നിന്‍റെ സ്തുതിയെയൊക്കെയും പ്രസ്താവിച്ച് നിന്‍റെ രക്ഷയിൽ സന്തോഷിക്കേണ്ടതിനു തന്നെ.

15ജാതികള്‍ തങ്ങള്‍ ഉണ്ടാക്കിയ കുഴിയിൽ താണുപോയി; അവര്‍ ഒളിച്ചുവച്ച വലയിൽ അവരുടെ കാൽ തന്നെ അകപ്പെട്ടിരിക്കുന്നു.

16യഹോവ തന്നെത്താന്‍ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു; ദുഷ്ടന്‍ സ്വന്തകൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിയിരിക്കുന്നു. തന്ത്രിനാദം. സേലാ.

17ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകല ജാതികളും പാതാളത്തിലേക്കു തിരിയും.

18ദരിദ്രനെ എന്നേക്കും മറന്നുപോകയില്ല; സാധുക്കളുടെ പ്രത്യാശയ്ക്ക് എന്നും ഭംഗം വരികയുമില്ല.

19യഹോവേ, എഴുന്നേല്ക്കേണമേ, മര്‍ത്യന്‍ പ്രബലനാകരുതേ; ജാതികള്‍ നിന്‍റെ സന്നിധിയിൽ വിധിക്കപ്പെടുമാറാകട്ടെ.

20യഹോവേ, തങ്ങള്‍ മര്‍ത്യരത്രേ എന്നു ജാതികള്‍ അറിയേണ്ടതിന് അവര്‍ക്കു ഭയം വരുത്തേണമേ. സേലാ.