പഴയ നിയമംMOV

സങ്കീര്‍ത്തനങ്ങള്‍ 92

1ശബ്ബത്തുനാള്‍ക്കുള്ള ഒരു ഗീതം; ഒരു സങ്കീര്‍ത്തനം. [1] യഹോവയ്ക്കു സ്തോത്രം ചെയ്യുന്നതും അത്യുന്നതനായുള്ളോവേ, നിന്‍റെ നാമത്തെ കീര്‍ത്തിക്കുന്നതും

2പത്തു കമ്പിയുള്ള വാദിത്രംകൊണ്ടും വീണകൊണ്ടും ഗംഭീരസ്വരമുള്ള കിന്നരംകൊണ്ടും

3രാവിലെ നിന്‍റെ ദയയെയും രാത്രിതോറും നിന്‍റെ വിശ്വസ്തതയെയും വര്‍ണിക്കുന്നതും നല്ലത്.

4യഹോവേ, നിന്‍റെ പ്രവൃത്തികൊണ്ട് നീ എന്നെ സന്തോഷിപ്പിക്കുന്നു; ഞാന്‍ നിന്‍റെ കൈകളുടെ പ്രവൃത്തികളെകുറിച്ച് ഘോഷിച്ചുല്ലസിക്കുന്നു.

5യഹോവേ, നിന്‍റെ പ്രവൃത്തികള്‍ എത്ര വലിയവയാകുന്നു; നിന്‍റെ വിചാരങ്ങള്‍ അത്യന്തം അഗാധമായവ തന്നെ.

6മൃഗപ്രായനായ മനുഷ്യന്‍ അത് അറിയുന്നില്ല; മൂഢന്‍ അതു ഗ്രഹിക്കുന്നതുമില്ല.

7ദുഷ്ടന്മാര്‍ പുല്ലുപോലെ മുളയ്ക്കുന്നതും നീതികേടു പ്രവര്‍ത്തിക്കുന്നവരൊക്കെയും തഴയ്ക്കുന്നതും എന്നേക്കും നശിച്ചുപോകേണ്ടതിനാകുന്നു.

8നീയോ, യഹോവേ, എന്നേക്കും അത്യുന്നതനാകുന്നു.

9യഹോവേ, ഇതാ, നിന്‍റെ ശത്രുക്കള്‍, ഇതാ, നിന്‍റെ ശത്രുക്കള്‍ നശിച്ചുപോകുന്നു; നീതികേടു പ്രവര്‍ത്തിക്കുന്ന ഏവരും ചിതറിപ്പോകും.

10എങ്കിലും എന്‍റെ കൊമ്പ് നീ കാട്ടു പോത്തിന്‍റെ കൊമ്പുപോലെ ഉയര്‍ത്തും; പുതിയ എണ്ണ എന്നെ തേപ്പിക്കുന്നു.

11എന്‍റെ കണ്ണ് എന്‍റെ ശത്രുക്കളെ കണ്ടും എന്‍റെ ചെവി എന്നോട് എതിര്‍ക്കുന്ന ദുഷ്കര്‍മികളെക്കുറിച്ചു കേട്ടും രസിക്കും.

12നീതിമാന്‍ പനപോലെ തഴയ്ക്കും; ലെബാനോനിലെ ദേവദാരുപോലെ വളരും.

13യഹോവയുടെ ആലയത്തിൽ നടുതലയായവര്‍ നമ്മുടെ ദൈവത്തിന്‍റെ പ്രാകാരങ്ങളിൽ തഴയ്ക്കും.

14വാര്‍ധക്യത്തിലും അവര്‍ ഫലം കായിച്ചുകൊണ്ടിരിക്കും; അവര്‍ പുഷ്‍ടിവച്ചും പച്ചപിടിച്ചും ഇരിക്കും.

15യഹോവ നേരുള്ളവന്‍, അവന്‍ എന്‍റെ പാറ, അവനിൽ നീതികേടില്ല എന്നു കാണിക്കേണ്ടതിനു തന്നെ.