പഴയ നിയമംMOV

സങ്കീര്‍ത്തനങ്ങള്‍ 8

1സംഗീതപ്രമാണിക്ക് ഗത്ത്യരാഗത്തിൽ; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] ഞങ്ങളുടെ കര്‍ത്താവായ യഹോവേ, നിന്‍റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു! നീ ആകാശത്തിൽ നിന്‍റെ തേജസ്സു വച്ചിരിക്കുന്നു.

2നിന്‍റെ വൈരികള്‍ നിമിത്തം, ശത്രുവിനെയും പകയനെയും മിണ്ടാതാക്കുവാന്‍തന്നെ, നീ ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്ന് ബലം നിയമിച്ചിരിക്കുന്നു.

3നിന്‍റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോള്‍,

4മര്‍ത്യനെ നീ ഓര്‍ക്കേണ്ടതിന് അവന്‍ എന്ത്? മനുഷ്യപുത്രനെ സന്ദര്‍ശിക്കേണ്ടതിന് അവന്‍ എന്തുമാത്രം?

5നീ അവനെ ദൈവത്തെക്കാള്‍ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.

6നിന്‍റെ കൈകളുടെ പ്രവൃത്തികള്‍ക്ക് നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്‍റെ കാല്കീഴെയാക്കിയിരിക്കുന്നു;

7ആടുകളെയും കാളകളെയും എല്ലാം കാട്ടിലെ മൃഗങ്ങളെയൊക്കെയും

8ആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും സമുദ്രമാര്‍ഗങ്ങളിൽ സഞ്ചരിക്കുന്ന സകലത്തെയും തന്നെ.

9ഞങ്ങളുടെ കര്‍ത്താവായ യഹോവേ, നിന്‍റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു!