പഴയ നിയമംMOV

സങ്കീര്‍ത്തനങ്ങള്‍ 86

1ദാവീദിന്‍റെ ഒരു പ്രാര്‍ഥന. [1] യഹോവേ, ചെവി ചായിക്കേണമേ; എനിക്കുത്തരമരുളേണമേ; ഞാന്‍ എളിയവനും ദരിദ്രനും ആകുന്നു.

2എന്‍റെ പ്രാണനെ കാക്കേണമേ; ഞാന്‍ നിന്‍റെ ഭക്തനാകുന്നു; എന്‍റെ ദൈവമേ, നിന്നിൽ ആശ്രയിക്കുന്ന അടിയനെ രക്ഷിക്കേണമേ.

3കര്‍ത്താവേ, എന്നോടു കൃപയുണ്ടാകേണമേ; ഇടവിടാതെ ഞാന്‍ നിന്നോടു നിലവിളിക്കുന്നു.

4അടിയന്‍റെ ഉള്ളത്തെ സന്തോഷിപ്പിക്കേണമേ; യഹോവേ, നിങ്കലേക്കു ഞാന്‍ എന്‍റെ ഉള്ളം ഉയര്‍ത്തുന്നു.

5കര്‍ത്താവേ, നീ നല്ലവനും ക്ഷമിക്കുന്നവനും നിന്നോട് അപേക്ഷിക്കുന്നവരോടൊക്കെയും മഹാദയാലുവുമാകുന്നു.

6യഹോവേ, എന്‍റെ പ്രാര്‍ഥനയെ ചെവിക്കൊള്ളേണമേ; എന്‍റെ യാചനകളെ ശ്രദ്ധിക്കേണമേ.

7നീ എനിക്കുത്തരമരുളുകയാൽ എന്‍റെ കഷ്ടദിവസത്തിൽ ഞാന്‍ നിന്നെ വിളിച്ചപേക്ഷിക്കുന്നു.

8കര്‍ത്താവേ, ദേവന്മാരിൽ നിനക്കു തുല്യനായവനില്ല; നിന്‍റെ പ്രവൃത്തികള്‍ക്കു തുല്യമായ ഒരു പ്രവൃത്തിയുമില്ല.

9കര്‍ത്താവേ, നീ ഉണ്ടാക്കിയ സകല ജാതികളും തിരുമുമ്പിൽ വന്നു നമസ്കരിക്കും; അവര്‍ നിന്‍റെ നാമത്തെ മഹത്ത്വപ്പെടുത്തും.

10നീ വലിയവനും അദ്ഭുതങ്ങളെ പ്രവര്‍ത്തിക്കുന്നവനുമല്ലോ; നീ മാത്രം ദൈവമാകുന്നു.

11യഹോവേ, നിന്‍റെ വഴി എനിക്കു കാണിച്ചുതരേണമേ; എന്നാൽ ഞാന്‍ നിന്‍റെ സത്യത്തിൽ നടക്കും; നിന്‍റെ നാമത്തെ ഭയപ്പെടുവാന്‍ എന്‍റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ.

12എന്‍റെ ദൈവമായ കര്‍ത്താവേ, ഞാന്‍ പൂര്‍ണഹൃദയത്തോടെ നിന്നെ സ്തുതിക്കും; നിന്‍റെ നാമത്തെ എന്നേക്കും മഹത്ത്വപ്പെടുത്തും.

13എന്നോടുള്ള നിന്‍റെ ദയ വലിയതല്ലോ; നീ എന്‍റെ പ്രാണനെ അധമപാതാളത്തിൽനിന്നു രക്ഷിച്ചിരിക്കുന്നു.

14ദൈവമേ, അഹങ്കാരികള്‍ എന്നോട് എതിര്‍ത്തിരിക്കുന്നു. ഘോരന്മാരുടെ കൂട്ടം എനിക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നു. അവര്‍ നിന്നെ ലക്ഷ്യമാക്കുന്നതുമില്ല.

15നീയോ കര്‍ത്താവേ, കരുണയും കൃപയും നിറഞ്ഞ ദൈവമാകുന്നു; ദീര്‍ഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവന്‍ തന്നെ.

16എങ്കലേക്കു തിരിഞ്ഞ് എന്നോടു കൃപയുണ്ടാകേണമേ; നിന്‍റെ ദാസന് നിന്‍റെ ശക്തി തന്ന്, നിന്‍റെ ദാസിയുടെ പുത്രനെ രക്ഷിക്കേണമേ.

17എന്നെ പകയ്ക്കുന്നവര്‍ കണ്ടു ലജ്ജിക്കേണ്ടതിനു നന്മയ്ക്കായി ഒരു അടയാളം എനിക്കു തരേണമേ; യഹോവേ, നീ എന്നെ സഹായിച്ച് ആശ്വസിപ്പിച്ചിരിക്കുന്നുവല്ലോ.