പഴയ നിയമംMOV

സങ്കീര്‍ത്തനങ്ങള്‍ 85

1സംഗീതപ്രമാണിക്ക്; കോരഹുപുത്രന്മാരുടെ ഒരു സങ്കീര്‍ത്തനം. [1] യഹോവേ, നീ നിന്‍റെ ദേശത്തെ കടാക്ഷിച്ചിരിക്കുന്നു; യാക്കോബിന്‍റെ പ്രവാസികളെ തിരിച്ചുവരുത്തിയിരിക്കുന്നു.

2നിന്‍റെ ജനത്തിന്‍റെ അകൃത്യം നീ മോചിച്ചു; അവരുടെ പാപമൊക്കെയും നീ മൂടിക്കളഞ്ഞു. സേലാ.

3നിന്‍റെ ക്രോധം മുഴുവനും നീ അടക്കിക്കളഞ്ഞു; നിന്‍റെ ഉഗ്രകോപം നീ വിട്ടുതിരിഞ്ഞിരിക്കുന്നു.

4ഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങളോടുള്ള നിന്‍റെ നീരസം മതിയാക്കേണമേ.

5നീ എന്നും ഞങ്ങളോടു കോപിക്കുമോ? തലമുറതലമുറയോളം നിന്‍റെ കോപം ദീര്‍ഘിച്ചിരിക്കുമോ?

6നിന്‍റെ ജനം നിന്നിൽ ആനന്ദിക്കേണ്ടതിനു നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കയില്ലയോ?

7യഹോവേ, നിന്‍റെ ദയ ഞങ്ങളെ കാണിക്കേണമേ; നിന്‍റെ രക്ഷ ഞങ്ങള്‍ക്കു നല്കേണമേ.

8യഹോവയായ ദൈവം അരുളിച്ചെയ്യുന്നതു ഞാന്‍ കേള്‍ക്കും; അവര്‍ ഭോഷത്തത്തിലേക്ക് വീണ്ടും തിരിയാതിരിക്കേണ്ടതിന് അവന്‍ തന്‍റെ ജനത്തോടും തന്‍റെ ഭക്തന്മാരോടും സമാധാനം അരുളും.

9തിരുമഹത്ത്വം നമ്മുടെ ദേശത്തിൽ വസിക്കേണ്ടതിന് അവന്‍റെ രക്ഷ അവന്‍റെ ഭക്തന്മാരോട് അടുത്തിരിക്കുന്നു നിശ്ചയം.

10ദയയും വിശ്വസ്തതയും തമ്മിൽ എതിരേറ്റിരിക്കുന്നു; നീതിയും സമാധാനവും തമ്മിൽ ചുംബിച്ചിരിക്കുന്നു.

11വിശ്വസ്തത ഭൂമിയിൽനിന്നു മുളയ്ക്കുന്നു; നീതി സ്വര്‍ഗത്തിൽനിന്നു നോക്കുന്നു.

12യഹോവ നന്മ നല്കുകയും നമ്മുടെ ദേശം വിള തരികയും ചെയ്യും.

13നീതി അവനു മുമ്പായി നടക്കയും അവന്‍റെ കാൽച്ചുവടുകളുടെ വഴി നോക്കുകയും ചെയ്യും.