പഴയ നിയമംMOV

സങ്കീര്‍ത്തനങ്ങള്‍ 78

1ആസാഫിന്‍റെ ധ്യാനം. [1] എന്‍റെ ജനമേ, എന്‍റെ ഉപദേശം ശ്രദ്ധിപ്പിന്‍; എന്‍റെ വായ്മൊഴികള്‍ക്കു നിങ്ങളുടെ ചെവി ചായിപ്പിന്‍.

2ഞാന്‍ ഉപമ പ്രസ്താവിപ്പാന്‍ വായ് തുറക്കും; പുരാതനകടങ്കഥകളെ ഞാന്‍ പറയും.

3നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു; നമ്മുടെ പിതാക്കന്മാര്‍ നമ്മോടു പറഞ്ഞിരിക്കുന്നു.

4നാം അവരുടെ മക്കളോട് അവയെ മറച്ചുവയ്ക്കാതെ വരുവാനുള്ള തലമുറയോടു യഹോവയുടെ സ്തുതിയും ബലവും അവന്‍ ചെയ്ത അദ്ഭുതപ്രവൃത്തികളും വിവരിച്ചുപറയും.

5അവന്‍ യാക്കോബിൽ ഒരു സാക്ഷ്യം സ്ഥാപിച്ചു; യിസ്രായേലിൽ ഒരു ന്യായപ്രമാണം നിയമിച്ചു; നമ്മുടെ പിതാക്കന്മാരോട് അവയെ തങ്ങളുടെ മക്കളെ അറിയിപ്പാന്‍ കല്പിച്ചു.

6വരുവാനുള്ള തലമുറ, ജനിപ്പാനിരിക്കുന്ന മക്കള്‍ തന്നെ, അവയെ ഗ്രഹിച്ച് എഴുന്നേറ്റു തങ്ങളുടെ മക്കളോടറിയിക്കയും

7അവര്‍ തങ്ങളുടെ ആശ്രയം ദൈവത്തിൽ വയ്ക്കുകയും ദൈവത്തിന്‍റെ പ്രവൃത്തികളെ മറന്നുകളയാതെ അവന്‍റെ കല്പനകളെ പ്രമാണിച്ചു നടക്കയും

8തങ്ങളുടെ പിതാക്കന്മാരെപ്പോലെ ശാഠ്യവും മത്സരവും ഉള്ള തലമുറയായി ഹൃദയത്തെ സ്ഥിരമാക്കാതെ ദൈവത്തോട് അവിശ്വസ്ത മനസ്സുള്ളോരു തലമുറയായി തീരാതിരിക്കയും ചെയ്യേണ്ടതിനു തന്നെ.

9ആയുധം ധരിച്ച വില്ലാളികളായ എഫ്രയീമ്യര്‍ യുദ്ധദിവസത്തിൽ പിന്തിരിഞ്ഞുപോയി.

10അവര്‍ ദൈവത്തിന്‍റെ നിയമം പ്രമാണിച്ചില്ല. അവന്‍റെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു നടന്നു.

11അവര്‍ അവന്‍റെ പ്രവൃത്തികളെയും അവരെ കാണിച്ച അദ്ഭുതങ്ങളെയും മറന്നുകളഞ്ഞു.

12അവന്‍ മിസ്രയീംദേശത്ത്, സോവാന്‍ വയലിൽവച്ച് അവരുടെ പിതാക്കന്മാര്‍ കാണ്‍കെ, അദ്ഭുതം പ്രവര്‍ത്തിച്ചു.

13അവന്‍ സമുദ്രത്തെ വിഭാഗിച്ചു, അതിൽക്കൂടി അവരെ കടത്തി; അവന്‍ വെള്ളത്തെ ചിറപോലെ നില്ക്കുമാറാക്കി.

14പകൽസമയത്ത് അവന്‍ മേഘംകൊണ്ടും രാത്രി മുഴുവനും അഗ്നിപ്രകാശംകൊണ്ടും അവരെ നടത്തി.

15അവന്‍ മരുഭൂമിയിൽ പാറകളെ പിളര്‍ന്ന് ആഴികളാൽ എന്നപോലെ അവര്‍ക്ക് ധാരാളം കുടിപ്പാന്‍ കൊടുത്തു.

16പാറയിൽനിന്ന് അവന്‍ ഒഴുക്കുകളെ പുറപ്പെടുവിച്ചു; വെള്ളം നദികളെപ്പോലെ ഒഴുകുമാറാക്കി.

17എങ്കിലും അവര്‍ അവനോടു പാപം ചെയ്തു; അത്യുന്നതനോടു മരുഭൂമിയിൽവച്ചു മത്സരിച്ചുകൊണ്ടിരുന്നു.

18തങ്ങളുടെ കൊതിക്ക് ഭക്ഷണം ചോദിച്ചുകൊണ്ട് അവര്‍ ഹൃദയത്തിൽ ദൈവത്തെ പരീക്ഷിച്ചു.

19അവര്‍ ദൈവത്തിനു വിരോധമായി സംസാരിച്ചു: മരുഭൂമിയിൽ മേശ ഒരുക്കുവാന്‍ ദൈവത്തിനു കഴിയുമോ?

20അവന്‍ പാറയെ അടിച്ചു, വെള്ളം പുറപ്പെട്ടു, തോടുകളും കവിഞ്ഞൊഴുകി സത്യം; എന്നാൽ അപ്പംകൂടെ തരുവാന്‍ അവനു കഴിയുമോ? തന്‍റെ ജനത്തിന് അവന്‍ മാംസം വരുത്തി കൊടുക്കുമോ എന്നു പറഞ്ഞു.

21ആകയാൽ യഹോവ അതു കേട്ടു കോപിച്ചു; യാക്കോബിന്‍റെ നേരേ തീ ജ്വലിച്ചു; യിസ്രായേലിന്‍റെ നേരേ കോപവും പൊങ്ങി.

22അവര്‍ ദൈവത്തിൽ വിശ്വസിക്കയും അവന്‍റെ രക്ഷയിൽ ആശ്രയിക്കയും ചെയ്യായ്കയാൽ തന്നെ.

23അവന്‍ മീതെ മേഘങ്ങളോടു കല്പിച്ചു; ആകാശത്തിന്‍റെ വാതിലുകളെ തുറന്നു.

24അവര്‍ക്ക് തിന്മാന്‍ മന്ന വര്‍ഷിപ്പിച്ചു; സ്വര്‍ഗീയധാന്യം അവര്‍ക്കു കൊടുത്തു.

25മനുഷ്യര്‍ ശക്തിമാന്മാരുടെ അപ്പം തിന്നു; അവന്‍ അവര്‍ക്ക് തൃപ്തിയാകുംവണ്ണം ആഹാരം അയച്ചു.

26അവന്‍ ആകാശത്തിൽ കിഴക്കന്‍കാറ്റ് അടിപ്പിച്ചു; തന്‍റെ ശക്തിയാൽ കിഴക്കന്‍കാറ്റ് വരുത്തി.

27അവന്‍ അവര്‍ക്ക് പൊടിപോലെ മാംസത്തെയും കടല്പുറത്തെ മണൽപോലെ പക്ഷികളെയും വര്‍ഷിപ്പിച്ചു;

28അവരുടെ പാളയത്തിന്‍റെ നടുവിലും പാര്‍പ്പിടങ്ങളുടെ ചുറ്റിലും അവയെ പൊഴിച്ചു.

29അങ്ങനെ അവര്‍ തിന്ന് തൃപ്തരായിത്തീര്‍ന്നു; അവര്‍ ആഗ്രഹിച്ചത് അവന്‍ അവര്‍ക്കു കൊടുത്തു.

30അവരുടെ കൊതിക്ക് മതിവന്നില്ല; ഭക്ഷണം അവരുടെ വായിൽ ഇരിക്കുമ്പോള്‍ തന്നെ,

31ദൈവത്തിന്‍റെ കോപം അവരുടെമേൽ വന്നു; അവരുടെ അതിപുഷ്ടന്മാരിൽ ചിലരെ കൊന്നു യിസ്രായേലിലെ യൗവനക്കാരെ സംഹരിച്ചു.

32ഇതെല്ലാമായിട്ടും അവര്‍ പിന്നെയും പാപം ചെയ്തു; അവന്‍റെ അദ്ഭുതപ്രവൃത്തികളെ വിശ്വസിച്ചതുമില്ല.

33അതുകൊണ്ട് അവന്‍ അവരുടെ നാളുകളെ ശ്വാസംപോലെയും അവരുടെ സംവത്സരങ്ങളെ അതിവേഗത്തിലും കഴിയുമാറാക്കി.

34അവന്‍ അവരെ കൊല്ലുമ്പോള്‍ അവര്‍ അവനെ അന്വേഷിക്കും; അവര്‍ തിരിഞ്ഞ് ജാഗ്രതയോടെ ദൈവത്തെ തിരയും.

35ദൈവം തങ്ങളുടെ പാറ എന്നും അത്യുന്നതനായ ദൈവം തങ്ങളുടെ വീണ്ടെടുപ്പുകാരന്‍ എന്നും അവര്‍ ഓര്‍ക്കും.

36എങ്കിലും അവര്‍ വായ്കൊണ്ട് അവനോടു കപടം സംസാരിക്കും. നാവുകൊണ്ട് അവനോടു ഭോഷ്കു പറയും.

37അവരുടെ ഹൃദയം അവങ്കൽ സ്ഥിരമായിരുന്നില്ല; അവന്‍റെ നിയമത്തോട് അവര്‍ വിശ്വസ്തത കാണിച്ചതുമില്ല.

38എങ്കിലും അവന്‍ കരുണയുള്ളവനാകകൊണ്ട് അവരെ നശിപ്പിക്കാതെ അവരുടെ അകൃത്യം ക്ഷമിച്ചു; തന്‍റെ ക്രോധത്തെ മുഴുവനും ജ്വലിപ്പിക്കാതെ തന്‍റെ കോപത്തെ പലപ്പോഴും അടക്കിക്കളഞ്ഞു.

39അവര്‍ ജഡമത്രേ എന്നും മടങ്ങിവരാതെ കടന്നുപോകുന്ന കാറ്റ് എന്നും അവന്‍ ഓര്‍ത്തു.

40മരുഭൂമിയിൽ അവര്‍ എത്ര പ്രാവശ്യം അവനോടു മത്സരിച്ചു! ശൂന്യപ്രദേശത്ത് എത്ര പ്രാവശ്യം അവനെ ദുഃഖിപ്പിച്ചു!

41അവര്‍ പിന്നെയും പിന്നെയും ദൈവത്തെ പരീക്ഷിച്ചു; യിസ്രായേലിന്‍റെ പരിശുദ്ധനെ മുഷിപ്പിച്ചു.

42മിസ്രയീമിൽ അടയാളങ്ങളെയും സോവാന്‍വയലിൽ അദ്ഭുതങ്ങളെയും ചെയ്ത അവന്‍റെ കൈയും

43അവന്‍ ശത്രുവിന്‍ വശത്തുനിന്ന് അവരെ വിടുവിച്ച ദിവസവും അവര്‍ ഓര്‍ത്തില്ല.

44അവന്‍ അവരുടെ നദികളെയും തോടുകളെയും അവര്‍ക്ക് കുടിപ്പാന്‍ വഹിയാതവണ്ണം രക്തമാക്കിത്തീര്‍ത്തു.

45അവന്‍ അവരുടെ ഇടയിൽ ഈച്ചയെ അയച്ചു; അവ അവരെ അരിച്ചുകളഞ്ഞു: തവളയെയും അയച്ചു അവ അവര്‍ക്കു നാശം ചെയ്തു.

46അവരുടെ വിള അവന്‍ തുള്ളനും അവരുടെ പ്രയത്നം വെട്ടുക്കിളിക്കും കൊടുത്തു.

47അവന്‍ അവരുടെ മുന്തിരിവള്ളികളെ കന്മഴകൊണ്ടും അവരുടെ കാട്ടത്തിവൃക്ഷങ്ങളെ ആലിപ്പഴംകൊണ്ടും നശിപ്പിച്ചു.

48അവന്‍ അവരുടെ കന്നുകാലികളെ കന്മഴയ്ക്കും അവരുടെ ആട്ടിന്‍കൂട്ടങ്ങളെ ഇടിത്തീക്കും ഏല്പിച്ചു.

49അവന്‍ അവരുടെ ഇടയിൽ തന്‍റെ കോപാഗ്നിയും ക്രോധവും രോഷവും കഷ്ടവും അയച്ചു; അനര്‍ഥദൂതന്മാരുടെ ഒരു ഗണത്തെത്തന്നെ.

50അവന്‍ തന്‍റെ കോപത്തിന് ഒരു പാത ഒരുക്കി, അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിക്കാതെ അവരുടെ ജീവനെ മഹാമാരിക്ക് ഏല്പിച്ചുകളഞ്ഞു.

51അവന്‍ മിസ്രയീമിലെ എല്ലാ കടിഞ്ഞൂലിനെയും ഹാംകൂടാരങ്ങളിലുള്ളവരുടെ വീര്യത്തിന്‍റെ പ്രഥമഫലത്തെയും സംഹരിച്ചു.

52എന്നാൽ തന്‍റെ ജനത്തെ അവന്‍ ആടുകളെപ്പോലെ പുറപ്പെടുവിച്ചു; മരുഭൂമിയിൽ ആട്ടിന്‍കൂട്ടത്തെപ്പോലെ അവരെ നടത്തി.

53അവന്‍ അവരെ നിര്‍ഭയമായി നടത്തുകയാൽ അവര്‍ക്കു പേടിയുണ്ടായില്ല; അവരുടെ ശത്രുക്കളെ സമുദ്രം മൂടിക്കളഞ്ഞു.

54അവന്‍ അവരെ തന്‍റെ വിശുദ്ധ ദേശത്തിലേക്കും തന്‍റെ വലംകൈ സമ്പാദിച്ച ഈ പര്‍വതത്തിലേക്കും കൊണ്ടുവന്നു.

55അവരുടെ മുമ്പിൽനിന്ന് അവന്‍ ജാതികളെ നീക്കിക്കളഞ്ഞു; ചരടുകൊണ്ട് അളന്ന് അവര്‍ക്ക് അവകാശം പകുത്തുകൊടുത്തു; യിസ്രായേലിന്‍റെ ഗോത്രങ്ങളെ അവരവരുടെ കൂടാരങ്ങളിൽ പാര്‍പ്പിച്ചു.

56എങ്കിലും അവര്‍ അത്യുന്നതനായ ദൈവത്തെ പരീക്ഷിച്ചു മത്സരിച്ചു; അവന്‍റെ സാക്ഷ്യങ്ങളെ പ്രമാണിച്ചതുമില്ല.

57അവര്‍ തങ്ങളുടെ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞു ദ്രോഹം ചെയ്തു; വഞ്ചനയുള്ള വില്ലുപോലെ അവര്‍ മാറിക്കളഞ്ഞു.

58അവര്‍ തങ്ങളുടെ പൂജാഗിരികളെക്കൊണ്ട് അവനെ കോപിപ്പിച്ചു; വിഗ്രഹങ്ങളെക്കൊണ്ട് അവനു തീക്ഷ്ണത ജനിപ്പിച്ചു.

59ദൈവം കേട്ടു ക്രുദ്ധിച്ചു; യിസ്രായേലിനെ ഏറ്റവും വെറുത്തു.

60ആകയാൽ അവന്‍ ശീലോവിലെ തിരുനിവാസവും താന്‍ മനുഷ്യരുടെ ഇടയിൽ അടിച്ചിരുന്ന കൂടാരവും ഉപേക്ഷിച്ചു.

61തന്‍റെ ബലത്തെ പ്രവാസത്തിലും തന്‍റെ മഹത്ത്വത്തെ ശത്രുവിന്‍റെ കൈയിലും ഏല്പിച്ചുകൊടുത്തു.

62അവന്‍ തന്‍റെ അവകാശത്തോടു കോപിച്ചു; തന്‍റെ ജനത്തെ വാളിനു വിട്ടുകൊടുത്തു.

63അവരുടെ യൗവനക്കാര്‍ തീക്ക് ഇരയായിത്തീര്‍ന്നു; അവരുടെ കന്യകമാര്‍ക്കു വിവാഹഗീതം ഉണ്ടായതുമില്ല.

64അവരുടെ പുരോഹിതന്മാര്‍ വാള്‍കൊണ്ട് വീണു; അവരുടെ വിധവമാര്‍ വിലാപം കഴിച്ചതുമില്ല.

65അപ്പോള്‍ കര്‍ത്താവ് ഉറക്കുണര്‍ന്നു വരുന്നവനെപ്പോലെയും വീഞ്ഞുകുടിച്ച് അട്ടഹസിക്കുന്ന വീരനെപ്പോലെയും ഉണര്‍ന്നു.

66അവന്‍ തന്‍റെ ശത്രുക്കളെ പുറകോട്ട് അടിച്ചുകളഞ്ഞു; അവര്‍ക്ക് നിത്യനിന്ദ വരുത്തുകയും ചെയ്തു.

67എന്നാൽ അവന്‍ യോസേഫിന്‍റെ കൂടാരത്തെ ത്യജിച്ചു; എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തതുമില്ല.

68അവന്‍ യെഹൂദാഗോത്രത്തെയും താന്‍ പ്രിയപ്പെട്ട സീയോന്‍പര്‍വതത്തെയും തിരഞ്ഞെടുത്തു.

69താന്‍ സദാകാലത്തേക്കും സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും സ്വര്‍ഗോന്നതികളെപ്പോലെയും അവന്‍ തന്‍റെ വിശുദ്ധമന്ദിരത്തെ പണിതു.

70അവന്‍ തന്‍റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്തു; ആട്ടിന്‍തൊഴുത്തുകളിൽനിന്ന് അവനെ വരുത്തി.

71തന്‍റെ ജനമായ യാക്കോബിനെയും തന്‍റെ അവകാശമായ യിസ്രായേലിനെയും മേയിക്കേണ്ടതിന് അവന്‍ അവനെ തള്ളയാടുകളെ നോക്കുന്ന വേലയിൽനിന്നു കൊണ്ടുവന്നു.

72അങ്ങനെ അവന്‍ പരമാര്‍ഥഹൃദയത്തോടെ അവരെ മേയിച്ചു; കൈമിടുക്കോടെ അവരെ നടത്തി.