പഴയ നിയമംMOV

സങ്കീര്‍ത്തനങ്ങള്‍ 72

1ശലോമോന്‍റെ ഒരു സങ്കീര്‍ത്തനം. [1] ദൈവമേ, രാജാവിനു നിന്‍റെ ന്യായവും രാജകുമാരനു നിന്‍റെ നീതിയും നല്കേണമേ.

2അവന്‍ നിന്‍റെ ജനത്തെ നീതിയോടും നിന്‍റെ എളിയവരെ ന്യായത്തോടുംകൂടെ പരിപാലിക്കട്ടെ.

3നീതിയാൽ പര്‍വതങ്ങളിലും കുന്നുകളിലും ജനത്തിനു സമാധാനം വിളയട്ടെ.

4ജനത്തിൽ എളിയവര്‍ക്ക് അവന്‍ ന്യായം പാലിച്ചുകൊടുക്കട്ടെ; ദരിദ്രജനത്തെ അവന്‍ രക്ഷിക്കയും പീഡിപ്പിക്കുന്നവനെ തകര്‍ത്തുകളകയും ചെയ്യട്ടെ;

5സൂര്യചന്ദ്രന്മാരുള്ള കാലത്തോളവും അവര്‍ തലമുറതലമുറയായി നിന്നെ ഭയപ്പെടട്ടെ.

6അരിഞ്ഞ പുല്പുറത്തു പെയ്യുന്ന മഴപോലെയും ഭൂമിയെ നനയ്ക്കുന്ന വന്മഴപോലെയും അവന്‍ ഇറങ്ങി വരട്ടെ.

7അവന്‍റെ കാലത്തു നീതിമാന്മാര്‍ തഴയ്ക്കട്ടെ; ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ.

8അവന്‍ സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റങ്ങള്‍വരെയും ഭരിക്കട്ടെ.

9മരുഭൂമിയിൽ വസിക്കുന്നവര്‍ അവന്‍റെ മുമ്പിൽ വണങ്ങട്ടെ; അവന്‍റെ ശത്രുക്കള്‍ പൊടിമണ്ണു നക്കട്ടെ.

10തര്‍ശ്ശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാര്‍ കാഴ്ച കൊണ്ടുവരട്ടെ; ശെബയിലെയും സെബയിലെയും രാജാക്കന്മാര്‍ കപ്പം കൊടുക്കട്ടെ.

11സകല രാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ; സകല ജാതികളും അവനെ സേവിക്കട്ടെ.

12അവന്‍ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ.

13എളിയവനെയും ദരിദ്രനെയും അവന്‍ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവന്‍ രക്ഷിക്കും.

14അവരുടെ പ്രാണനെ അവന്‍ പീഡയിൽ നിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും; അവരുടെ രക്തം അവനു വിലയേറിയതായിരിക്കും.

15അവന്‍ ജീവിച്ചിരിക്കും; ശെബപൊന്ന് അവനു കാഴ്ചവരും; അവനുവേണ്ടി എപ്പോഴും പ്രാര്‍ഥന കഴിക്കും; ഇടവിടാതെ അവനെ അനുഗ്രഹിക്കും.

16ദേശത്തു പര്‍വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും; അതിന്‍റെ വിളവു ലെബാനോനെപ്പോലെ ഉലയും; നഗരവാസികള്‍ ഭൂമിയിലെ സസ്യംപോലെ തഴയ്ക്കും.

17അവന്‍റെ നാമം എന്നേക്കും ഇരിക്കും; അവന്‍റെ നാമം സൂര്യന്‍ ഉള്ളേടത്തോളം നിലനില്ക്കും; മനുഷ്യര്‍ അവന്‍റെ പേര്‍ ചൊല്ലി അന്യോന്യം അനുഗ്രഹിക്കും; സകല ജാതികളും അവനെ ഭാഗ്യവാന്‍ എന്നു പറയും.

18താന്‍ മാത്രം അദ്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്‍റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.

19അവന്‍റെ മഹത്ത്വമുള്ള നാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ഭൂമി മുഴുവനും അവന്‍റെ മഹത്ത്വംകൊണ്ടു നിറയുമാറാകട്ടെ. ആമേന്‍, ആമേന്‍.

20യിശ്ശായിപുത്രനായ ദാവീദിന്‍റെ പ്രാര്‍ഥനകള്‍, അവസാനിച്ചിരിക്കുന്നു.