പഴയ നിയമംMOV
1സംഗീതപ്രമാണിക്ക് ഒരു സങ്കീര്‍ത്തനം; ദാവീദിന്‍റെ ഒരു ഗീതം. [1] ദൈവമേ, സീയോനിൽ സ്തുതി നിനക്കു യോഗ്യം; നിനക്കു തന്നെ നേര്‍ച്ച കഴിക്കുന്നു.
2പ്രാര്‍ഥന കേള്‍ക്കുന്നവനായുള്ളോവേ, സകല ജഡവും നിന്‍റെ അടുക്കലേക്കു വരുന്നു.
3എന്‍റെ അകൃത്യങ്ങള്‍ എന്‍റെ നേരേ അതിബലമായിരിക്കുന്നു; നീയോ ഞങ്ങളുടെ അതിക്രമങ്ങള്‍ക്കു പരിഹാരം വരുത്തും.
4നിന്‍റെ പ്രാകാരങ്ങളിൽ പാര്‍ക്കേണ്ടതിനു നീ തിരഞ്ഞെടുത്ത് അടുപ്പിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍; ഞങ്ങള്‍ നിന്‍റെ വിശുദ്ധമന്ദിരമായ നിന്‍റെ ആലയത്തിലെ നന്മകൊണ്ടു തൃപ്തന്മാരാകും.
5ഭൂമിയുടെ എല്ലാ അറുതികള്‍ക്കും ദൂരത്തുള്ള സമുദ്രത്തിനും ആശ്രയമായിരിക്കുന്ന ഞങ്ങളുടെ രക്ഷയാം ദൈവമേ, നീ ഭയങ്കരകാര്യങ്ങളാൽ നീതിയോടെ ഞങ്ങള്‍ക്ക് ഉത്തരമരുളുന്നു.
6അവന്‍ ബലം അരയ്ക്കു കെട്ടിക്കൊണ്ട് തന്‍റെ ശക്തിയാൽ പര്‍വതങ്ങളെ ഉറപ്പിക്കുന്നു.
7അവന്‍ സമുദ്രങ്ങളുടെ മുഴക്കവും തിരമാലകളുടെ കോപവും ജാതികളുടെ കലഹവും ശമിപ്പിക്കുന്നു.
8ഭൂസീമാവാസികളും നിന്‍റെ ലക്ഷ്യങ്ങള്‍ നിമിത്തം ഭയപ്പെടുന്നു; ഉദയത്തിന്‍റെയും അസ്തമയത്തിന്‍റെയും ദിക്കുകളെ നീ ഘോഷിച്ചുല്ലസിക്കുമാറാക്കുന്നു.
9നീ ഭൂമിയെ സന്ദര്‍ശിച്ചു നനയ്ക്കുന്നു; നീ അതിനെ അത്യന്തം പുഷ്‍ടിയുള്ളതാക്കുന്നു; ദൈവത്തിന്‍റെ നദിയിൽ വെള്ളം നിറഞ്ഞിരിക്കുന്നു; ഇങ്ങനെ നീ ഭൂമിയെ ഒരുക്കി അവര്‍ക്കു ധാന്യം കൊടുക്കുന്നു.
10നീ അതിന്‍റെ ഉഴവുചാലുകളെ നനയ്ക്കുന്നു; നീ അതിന്‍റെ കട്ട ഉടച്ചുനിരത്തുന്നു; മഴയാൽ നീ അതിനെ കുതിര്‍ക്കുന്നു; അതിലെ മുളയെ നീ അനുഗ്രഹിക്കുന്നു.
11നീ സംവത്സരത്തെ നിന്‍റെ നന്മകൊണ്ട് അലങ്കരിക്കുന്നു; നിന്‍റെ പാതകള്‍ പുഷ്‍ടിപൊഴിക്കുന്നു.
12മരുഭൂമിയിലെ പുല്പുറങ്ങള്‍ പുഷ്‍ടി പൊഴിക്കുന്നു; കുന്നുകള്‍ ഉല്ലാസം ധരിക്കുന്നു.
13മേച്ചൽപ്പുറങ്ങള്‍ ആട്ടിന്‍കൂട്ടങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കുന്നു; താഴ്വരകള്‍ ധാന്യംകൊണ്ടു മൂടിയിരിക്കുന്നു; അവ ആര്‍ക്കുകയും പാടുകയും ചെയ്യുന്നു.