പഴയ നിയമംMOV

സങ്കീര്‍ത്തനങ്ങള്‍ 63

1ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം; അവന്‍ യെഹൂദാമരുഭൂമിയിൽ ഇരിക്കുംകാലത്തു ചമച്ചത്. [1] ദൈവമേ, നീ എന്‍റെ ദൈവം; അതികാലത്തേ ഞാന്‍ നിന്നെ അന്വേഷിക്കും; വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്ത് എന്‍റെ ഉള്ളം നിനക്കായി ദാഹിക്കുന്നു; എന്‍റെ ദേഹം നിനക്കായി കാംക്ഷിക്കുന്നു.

2അങ്ങനെ നിന്‍റെ ബലവും മഹത്ത്വവും കാണേണ്ടതിനു ഞാന്‍ വിശുദ്ധമന്ദിരത്തിൽ നിന്നെ നോക്കിയിരിക്കുന്നു.

3നിന്‍റെ ദയ ജീവനെക്കാള്‍ നല്ലതാകുന്നു; എന്‍റെ അധരങ്ങള്‍ നിന്നെ സ്തുതിക്കും.

4എന്‍റെ ജീവകാലമൊക്കെയും ഞാന്‍ അങ്ങനെ നിന്നെ വാഴ്ത്തും; നിന്‍റെ നാമത്തിൽ ഞാന്‍ എന്‍റെ കൈകളെ മലര്‍ത്തും.

5എന്‍റെ കിടക്കയിൽ നിന്നെ ഓര്‍ക്കയും ഞാന്‍ രാത്രിയാമങ്ങളിൽ നിന്നെ ധ്യാനിക്കയും ചെയ്യുമ്പോള്‍

6എന്‍റെ പ്രാണനു മജ്ജയും മേദസ്സുംകൊണ്ട് എന്നപോലെ തൃപ്തി വരുന്നു; എന്‍റെ വായ് സന്തോഷമുള്ള അധരങ്ങളാൽ നിന്നെ സ്തുതിക്കുന്നു.

7നീ എനിക്കു സഹായമായിത്തീര്‍ന്നുവല്ലോ; നിന്‍റെ ചിറകിന്‍നിഴലിൽ ഞാന്‍ ഘോഷിച്ചാനന്ദിക്കുന്നു.

8എന്‍റെ ഉള്ളം നിന്നോടു പറ്റിയിരിക്കുന്നു; നിന്‍റെ വലംകൈ എന്നെ താങ്ങുന്നു.

9എന്നാൽ അവര്‍ സ്വന്തനാശത്തിനായി എനിക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നു; അവര്‍ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങിപ്പോകും.

10അവരെ വാളിന്‍റെ ശക്തിക്ക് ഏല്പിക്കും; കുറുനരികള്‍ക്ക് അവര്‍ ഇരയായിത്തീരും.

11എന്നാൽ രാജാവ് ദൈവത്തിൽ സന്തോഷിക്കും അവന്‍റെ നാമത്തിൽ സത്യം ചെയ്യുന്നവനെല്ലാം പുകഴും; എങ്കിലും ഭോഷ്കു പറയുന്നവരുടെ വായ് അടഞ്ഞുപോകും.