പഴയ നിയമംMOV

സങ്കീര്‍ത്തനങ്ങള്‍ 60

1സംഗീതപ്രമാണിക്ക്; സാക്ഷ്യസാരസം എന്ന രാഗത്തിൽ; അഭ്യസിപ്പിപ്പാനുള്ള ദാവീദിന്‍റെ ഒരു സ്വര്‍ണഗീതം. യോവാബ് മെസൊപ്പൊത്താമ്യയിലെ അരാമ്യരോടും സോബയിലെ അരാമ്യരോടും യുദ്ധം ചെയ്തു മടങ്ങിവന്നശേഷം ഉപ്പുതാഴ്വരയിൽ പന്തീരായിരം എദോമ്യരെ സംഹരിച്ചുകളഞ്ഞ സമയത്തു ചമച്ചത്. [1] ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞു ചിതറിച്ചിരിക്കുന്നു; നീ കോപിച്ചിരിക്കുന്നു; ഞങ്ങളെ യഥാസ്ഥാനത്താക്കേണമേ.

2നീ ദേശത്തെ നടുക്കി ഭിന്നിപ്പിച്ചിരിക്കുന്നു; അതു കുലുങ്ങുകയാൽ അതിന്‍റെ ഭിന്നങ്ങളെ നന്നാക്കേണമേ.

3നീ നിന്‍റെ ജനത്തെ കാഠിന്യം അനുഭവിപ്പിച്ചു; പരിഭ്രമത്തിന്‍റെ വീഞ്ഞു നീ ഞങ്ങളെ കുടിപ്പിച്ചിരിക്കുന്നു.

4സത്യംനിമിത്തം ഉയര്‍ത്തേണ്ടതിനു നീ നിന്‍റെ ഭക്തന്മാര്‍ക്ക് ഒരു കൊടി നല്കിയിരിക്കുന്നു. സേലാ.

5നിനക്കു പ്രിയമുള്ളവര്‍ വിടുവിക്കപ്പെടേണ്ടതിനു നിന്‍റെ വലംകൈകൊണ്ടു രക്ഷിച്ച് ഞങ്ങള്‍ക്ക് ഉത്തരമരുളേണമേ.

6ദൈവം തന്‍റെ വിശുദ്ധിയിൽ അരുളിച്ചെയ്തതുകൊണ്ട് ഞാന്‍ ആനന്ദിക്കും; ഞാന്‍ ശെഖേമിനെ വിഭാഗിച്ച് സുക്കോത്ത്താഴ്വരയെ അളക്കും.

7ഗിലെയാദ് എനിക്കുള്ളത്; മനശ്ശെയും എനിക്കുള്ളത്; എഫ്രയീം എന്‍റെ തലക്കോരികയും യെഹൂദാ എന്‍റെ ചെങ്കോലും ആകുന്നു.

8മോവാബ് എനിക്കു കഴുകുവാനുള്ള വട്ടക; എദോമിന്മേൽ ഞാന്‍ എന്‍റെ ചെരിപ്പ് എറിയും; ഫെലിസ്ത്യദേശമേ, നീ എന്‍റെ നിമിത്തം ജയഘോഷം കൊള്ളുക!

9ഉറപ്പുള്ള നഗരത്തിലേക്ക് എന്നെ ആര്‍ കൊണ്ടുപോകും? എദോമിലേക്ക് എന്നെ ആര്‍ വഴിനടത്തും?

10ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ? ദൈവമേ, നീ ഞങ്ങളുടെ സൈന്യങ്ങളോടുകൂടെ പുറപ്പെടുന്നതുമില്ല.

11വൈരിയുടെ നേരേ ഞങ്ങള്‍ക്കു സഹായം ചെയ്യേണമേ; മനുഷ്യന്‍റെ സഹായം വ്യര്‍ഥമല്ലോ.

12ദൈവത്താൽ നാം വീര്യം പ്രവര്‍ത്തിക്കും; അവന്‍ തന്നെ നമ്മുടെ വൈരികളെ മെതിച്ചുകളയും.