പഴയ നിയമംMOV

സങ്കീര്‍ത്തനങ്ങള്‍ 5

1സംഗീതപ്രമാണിക്ക് വേണുനാദത്തോടെ; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] യഹോവേ, എന്‍റെ വാക്കുകള്‍ക്കു ചെവിതരേണമേ; എന്‍റെ ധ്യാനത്തെ ശ്രദ്ധിക്കേണമേ.

2എന്‍റെ രാജാവും എന്‍റെ ദൈവവുമായുള്ളോവേ, എന്‍റെ സങ്കടയാചന കേള്‍ക്കേണമേ; നിന്നോടല്ലോ ഞാന്‍ പ്രാര്‍ഥിക്കുന്നത്.

3യഹോവേ, രാവിലെ എന്‍റെ പ്രാര്‍ഥന കേള്‍ക്കേണമേ; രാവിലെ ഞാന്‍ നിനക്കായി ഒരുക്കി കാത്തിരിക്കുന്നു.

4നീ ദുഷ്ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല; ദുഷ്ടന്‍ നിന്നോടുകൂടെ പാര്‍ക്കയില്ല.

5അഹങ്കാരികള്‍ നിന്‍റെ സന്നിധിയിൽ നില്ക്കയില്ല; നീതികേടു പ്രവര്‍ത്തിക്കുന്നവരെ ഒക്കെയും നീ പകയ്ക്കുന്നു.

6ഭോഷ്കുപറയുന്നവരെ നീ നശിപ്പിക്കും; രക്തപാതകവും ചതിവുമുള്ളവന്‍ യഹോവയ്ക്ക് അറപ്പാകുന്നു;

7ഞാനോ, നിന്‍റെ കൃപയുടെ ബഹുത്വത്താൽ നിന്‍റെ ആലയത്തിലേക്കു ചെന്ന് നിന്‍റെ വിശുദ്ധമന്ദിരത്തിനു നേരേ നിങ്കലുള്ള ഭക്തിയോടെ ആരാധിക്കും.

8യഹോവേ, എന്‍റെ ശത്രുക്കള്‍ നിമിത്തം നിന്‍റെ നീതിയാൽ എന്നെ നടത്തേണമേ; എന്‍റെ മുമ്പിൽ നിന്‍റെ വഴിയെ നിരപ്പാക്കേണമേ.

9അവരുടെ വായിൽ ഒട്ടും നേരില്ല; അവരുടെ അന്തരംഗം നാശകൂപം തന്നെ; അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാകുന്നു; നാവുകൊണ്ട് അവര്‍ മധുരവാക്കു പറയുന്നു.

10ദൈവമേ അവരെ കുറ്റം വിധിക്കേണമേ; തങ്ങളുടെ ആലോചനകളാൽ തന്നെ അവര്‍ വീഴട്ടെ; അവരുടെ അതിക്രമങ്ങളുടെ ബഹുത്വം നിമിത്തം അവരെ തള്ളിക്കളയേണമേ; നിന്നോടല്ലോ അവര്‍ മത്സരിച്ചിരിക്കുന്നത്.

11എന്നാൽ നിന്നെ ശരണം പ്രാപിക്കുന്നവര്‍ എല്ലാവരും സന്തോഷിക്കും; നീ അവരെ പാലിക്കുന്നതുകൊണ്ട് അവര്‍ എപ്പോഴും ആനന്ദിച്ചാര്‍ക്കും; നിന്‍റെ നാമത്തെ സ്നേഹിക്കുന്നവര്‍ നിന്നിൽ ഉല്ലസിക്കും.

12യഹോവേ, നീ നീതിമാനെ അനുഗ്രഹിക്കും; പരിചകൊണ്ടെന്നപോലെ നീ ദയകൊണ്ട് അവനെ മറയ്ക്കും.