പഴയ നിയമംMOV
1സംഗീതപ്രമാണിക്ക്; നശിപ്പിക്കരുതേ എന്ന രാഗത്തിൽ; ദാവീദിന്‍റെ ഒരു സ്വര്‍ണഗീതം. അവനെ കൊല്ലേണ്ടതിനു ശൗൽ അയച്ച ആളുകള്‍ വീടു കാത്തിരുന്ന കാലത്തു ചമച്ചത്. [1] എന്‍റെ ദൈവമേ, എന്‍റെ ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ; എന്നോട് എതിര്‍ക്കുന്നവരുടെ വശത്തുനിന്ന് എന്നെ ഉദ്ധരിക്കേണമേ.
2നീതികേടു പ്രവര്‍ത്തിക്കുന്നവരുടെ കൈയിൽനിന്ന് എന്നെ വിടുവിച്ചു രക്തപാതകന്മാരുടെ പക്കൽനിന്ന് എന്നെ രക്ഷിക്കേണമേ.
3ഇതാ, അവര്‍ എന്‍റെ പ്രാണനായി പതിയിരിക്കുന്നു; യഹോവേ, ബലവാന്മാര്‍ എന്‍റെ നേരേ കൂട്ടം കൂടുന്നത് എന്‍റെ അതിക്രമം ഹേതുവായിട്ടല്ല; എന്‍റെ പാപം ഹേതുവായിട്ടുമല്ല.
4എന്‍റെ പക്കൽ അകൃത്യം ഇല്ലാതെ അവര്‍ ഓടി ഒരുങ്ങുന്നു; എന്നെ സഹായിപ്പാന്‍ ഉണര്‍ന്നു കടാക്ഷിക്കേണമേ.
5സൈന്യങ്ങളുടെ ദൈവമായ യഹോവേ, യിസ്രായേലിന്‍റെ ദൈവമേ, സകല ജാതികളെയും സന്ദര്‍ശിക്കേണ്ടതിനു നീ ഉണരേണമേ; നീതികെട്ട ദ്രോഹികളിൽ ആരോടും കൃപ ഉണ്ടാകരുതേ. സേലാ.
6സന്ധ്യാസമയത്ത് അവര്‍ മടങ്ങിവരുന്നു; നായെപ്പോലെ കുരച്ചുംകൊണ്ട് അവര്‍ പട്ടണത്തിനു ചുറ്റും നടക്കുന്നു.
7അവര്‍ തങ്ങളുടെ വായ്കൊണ്ട് ശകാരിക്കുന്നു; വാളുകള്‍ അവരുടെ അധരങ്ങളിൽ ഉണ്ട്; ആര്‍ കേള്‍ക്കും എന്ന് അവര്‍ പറയുന്നു.
8എങ്കിലും യഹോവേ, നീ അവരെ ചൊല്ലി ചിരിക്കും; നീ സകല ജാതികളെയും പരിഹസിക്കും.
9എന്‍റെ ബലമായുള്ളോവേ, ഞാന്‍ നിന്നെ കാത്തിരിക്കും; ദൈവം എന്‍റെ ഗോപുരമാകുന്നു.
10എന്‍റെ ദൈവം തന്‍റെ ദയയാൽ എന്നെ എതിരേല്ക്കും; ദൈവം എന്നെ എന്‍റെ ശത്രുക്കളെ കണ്ടു രസിക്കുമാറാക്കും.
11അവരെ കൊന്നുകളയരുതേ; എന്‍റെ ജനം മറക്കാതിരിക്കേണ്ടതിനു തന്നെ; ഞങ്ങളുടെ പരിചയാകുന്ന കര്‍ത്താവേ, നിന്‍റെ ശക്തികൊണ്ട് അവരെ ഉഴലുമാറാക്കി താഴ്ത്തേണമേ.
12അവരുടെ വായിലെ പാപവും അധരങ്ങളിലെ വാക്കുകളും നിമിത്തവും അവര്‍ പറയുന്ന ശാപവും ഭോഷ്കും നിമിത്തവും അവര്‍ തങ്ങളുടെ അഹങ്കാരത്തിൽ പിടിപെട്ടു പോകട്ടെ.
13കോപത്തോടെ അവരെ സംഹരിക്കേണമേ; അവര്‍ ഇല്ലാതെയാകുംവണ്ണം അവരെ സംഹരിച്ചുകളയേണമേ; ദൈവം യാക്കോബിൽ വാഴുന്നു എന്ന് ഭൂമിയുടെ അറ്റംവരെ അറിയുമാറാകട്ടെ. സേലാ.
14സന്ധ്യാസമയത്ത് അവര്‍ മടങ്ങിവരുന്നു; നായെപ്പോലെ കുരച്ചുംകൊണ്ട് അവര്‍ നഗരത്തിനു ചുറ്റും നടക്കുന്നു.
15അവര്‍ ആഹാരത്തിനായി ഉഴന്നുനടക്കുന്നു, തൃപ്തിയായില്ലങ്കിൽ അവര്‍ രാത്രി മുഴുവനും താമസിക്കുന്നു.
16ഞാനോ നിന്‍റെ ബലത്തെക്കുറിച്ചു പാടും; അതികാലത്തു ഞാന്‍ നിന്‍റെ ദയയെക്കുറിച്ച് ഘോഷിച്ചാനന്ദിക്കും. കഷ്ടകാലത്തു നീ എന്‍റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു.
17എന്‍റെ ബലമായുള്ളോവേ, ഞാന്‍ നിനക്കു സ്തുതി പാടും; ദൈവം എന്‍റെ ഗോപുരവും എന്നോടു ദയയുള്ള ദൈവവും അല്ലോ.