പഴയ നിയമംMOV
1സംഗീതപ്രമാണിക്ക്; നശിപ്പിക്കരുതേ എന്ന രാഗത്തിൽ; ദാവീദിന്‍റെ ഒരു സ്വര്‍ണഗീതം. [1] ദേവന്മാരേ, നിങ്ങള്‍ വാസ്തവമായി നീതി പ്രസ്താവിക്കുന്നുവോ? മനുഷ്യപുത്രന്മാരേ, നിങ്ങള്‍ പരമാര്‍ഥമായി വിധിക്കുന്നുവോ?
2നിങ്ങള്‍ ഹൃദയത്തിൽ ദുഷ്ടത പ്രവര്‍ത്തിക്കുന്നു; ഭൂമിയിൽ നിങ്ങളുടെ കൈകളുടെ നിഷ്ഠുരത തൂക്കിക്കൊടുക്കുന്നു.
3ദുഷ്ടന്മാര്‍ ഗര്‍ഭംമുതൽ ഭ്രഷ്ടന്മാരായിരിക്കുന്നു; അവര്‍ ജനനംമുതൽ ഭോഷ്കു പറഞ്ഞു തെറ്റി നടക്കുന്നു.
4അവരുടെ വിഷം സര്‍പ്പവിഷംപോലെ; അവര്‍ ചെവിയടഞ്ഞ പൊട്ടയണലിപോലെയാകുന്നു.
5എത്ര സാമര്‍ഥ്യത്തോടെ മന്ത്രം ചൊല്ലിയാലും മന്ത്രവാദികളുടെ വാക്ക് അതു കേള്‍ക്കയില്ല.
6ദൈവമേ, അവരുടെ വായിലെ പല്ലുകളെ തകര്‍ക്കേണമേ; യഹോവേ, ബാലസിംഹങ്ങളുടെ അണപ്പല്ലുകളെ തകര്‍ത്തുകളയേണമേ.
7ഒഴുകിപ്പോകുന്ന വെള്ളംപോലെ അവര്‍ ഉരുകിപ്പോകട്ടെ. അവന്‍ തന്‍റെ അമ്പുകളെ തൊടുക്കുമ്പോള്‍ അവ ഒടിഞ്ഞുപോയതുപോലെ ആകട്ടെ.
8അലിഞ്ഞു പൊയ്പോകുന്ന അച്ചുപോലെ അവര്‍ ആകട്ടെ; ഗര്‍ഭം അലസിപ്പോയ സ്ത്രീയുടെ പ്രജപോലെ അവര്‍ സൂര്യനെ കാണാതിരിക്കട്ടെ.
9നിങ്ങളുടെ കലങ്ങള്‍ക്കു മുള്‍തീ തട്ടും മുമ്പേ പച്ചയും വെന്തതുമെല്ലാം ഒരുപോലെ അവന്‍ ചുഴലിക്കാറ്റിനാൽ പാറ്റിക്കളയും.
10നീതിമാന്‍ പ്രതിക്രിയ കണ്ട് ആനന്ദിക്കും; അവന്‍ തന്‍റെ കാലുകളെ ദുഷ്ടന്മാരുടെ രക്തത്തിൽ കഴുകും.
11ആകയാൽ: നീതിമാന് പ്രതിഫലം ഉണ്ട് നിശ്ചയം; ഭൂമിയിൽ ന്യായം വിധിക്കുന്ന ഒരു ദൈവം ഉണ്ട് നിശ്ചയം എന്നു മനുഷ്യര്‍ പറയും.