പഴയ നിയമംMOV

സങ്കീര്‍ത്തനങ്ങള്‍ 57

1സംഗീതപ്രമാണിക്ക്; നശിപ്പിക്കരുതേ എന്ന രാഗത്തിൽ; ദാവീദിന്‍റെ ഒരു സ്വര്‍ണഗീതം; അവന്‍ ശൗലിന്‍റെ മുമ്പിൽനിന്നു ഗുഹയിലേക്ക് ഓടിപ്പോയ കാലത്തു ചമച്ചത്. [1] ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ; എന്നോടു കൃപയുണ്ടാകേണമേ; ഞാന്‍ നിന്നെ ശരണം പ്രാപിക്കുന്നു; അതേ, ഈ ആപത്തുകള്‍ ഒഴിഞ്ഞുപോകുവോളം ഞാന്‍ നിന്‍റെ ചിറകിന്‍നിഴലിൽ ശരണം പ്രാപിക്കുന്നു.

2അത്യുന്നതനായ ദൈവത്തെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നു; എനിക്കുവേണ്ടി സകലവും നിര്‍വഹിക്കുന്ന ദൈവത്തെ തന്നെ.

3എന്നെ വിഴുങ്ങുവാന്‍ ഭാവിക്കുന്നവര്‍ ധിക്കാരം കാട്ടുമ്പോള്‍ അവന്‍ സ്വര്‍ഗത്തിൽനിന്നു കൈ നീട്ടി എന്നെ രക്ഷിക്കും. സേലാ. ദൈവം തന്‍റെ ദയയും വിശ്വസ്തതയും അയയ്ക്കുന്നു.

4എന്‍റെ പ്രാണന്‍ സിംഹങ്ങളുടെ ഇടയിൽ ഇരിക്കുന്നു; അഗ്നി ജ്വലിക്കുന്നവരുടെ നടുവിൽ ഞാന്‍ കിടക്കുന്നു; പല്ലുകള്‍ കുന്തങ്ങളും അസ്ത്രങ്ങളും നാവു മൂര്‍ച്ചയുള്ള വാളും ആയിരിക്കുന്ന മനുഷ്യപുത്രന്മാരുടെ ഇടയിൽ തന്നെ.

5ദൈവമേ, നീ ആകാശത്തിനു മീതെ ഉയര്‍ന്നിരിക്കേണമേ; നിന്‍റെ മഹത്ത്വം സര്‍വഭൂമിയിലും പരക്കട്ടെ.

6അവര്‍ എന്‍റെ കാലടികള്‍ക്ക് ഒരു വല വിരിച്ചു; എന്‍റെ മനസ്സ് ഇടിഞ്ഞിരിക്കുന്നു; അവര്‍ എന്‍റെ മുമ്പിൽ ഒരു കുഴി കുഴിച്ചു; അതിൽ അവര്‍ തന്നെ വീണു. സേലാ.

7എന്‍റെ മനസ്സ് ഉറച്ചിരിക്കുന്നു; ദൈവമേ, എന്‍റെ മനസ്സ് ഉറച്ചിരിക്കുന്നു; ഞാന്‍ പാടും; ഞാന്‍ കീര്‍ത്തനം ചെയ്യും.

8എന്‍ മനമേ, ഉണരുക; വീണയും കിന്നരവുമായുള്ളോവേ ഉണരുവിന്‍! ഞാന്‍ അതികാലത്തെ ഉണരും.

9കര്‍ത്താവേ, വംശങ്ങളുടെ ഇടയിൽ ഞാന്‍ നിനക്കു സ്തോത്രം ചെയ്യും; ജാതികളുടെ മധ്യേ ഞാന്‍ നിനക്കു കീര്‍ത്തനം ചെയ്യും.

10നിന്‍റെ ദയ ആകാശത്തോളവും നിന്‍റെ വിശ്വസ്തത മേഘങ്ങളോളവും വലിയതല്ലോ.

11ദൈവമേ, നീ ആകാശത്തിനു മീതെ ഉയര്‍ന്നിരിക്കേണമേ; നിന്‍റെ മഹത്ത്വം സര്‍വഭൂമിയിലും പരക്കട്ടെ.