പഴയ നിയമംMOV

സങ്കീര്‍ത്തനങ്ങള്‍ 56

1സംഗീതപ്രമാണിക്ക്; ദൂരസ്ഥന്മാരുടെ ഇടയിൽ മിണ്ടാത്ത പ്രാവ് എന്ന രാഗത്തിൽ; ദാവീദിന്‍റെ ഒരു സ്വര്‍ണഗീതം; ഫെലിസ്ത്യര്‍ അവനെ ഗത്തിൽവച്ചു പിടിച്ചപ്പോള്‍ ചമച്ചത്. [1] ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ; മനുഷ്യര്‍ എന്നെ വിഴുങ്ങുവാന്‍ പോകുന്നു; അവര്‍ ഇടവിടാതെ പൊരുതി എന്നെ ഞെരുക്കുന്നു.

2എന്‍റെ ശത്രുക്കള്‍ ഇടവിടാതെ എന്നെ വിഴുങ്ങുവാന്‍ ഭാവിക്കുന്നു; ഗര്‍വത്തോടെ എന്നോടു പൊരുതുന്നവര്‍ അനേകരല്ലോ.

3ഞാന്‍ ഭയപ്പെടുന്ന നാളിൽ നിന്നിൽ ആശ്രയിക്കും.

4ഞാന്‍ ദൈവത്തിൽ അവന്‍റെ വചനത്തെ പുകഴും; ഞാന്‍ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാന്‍ ഭയപ്പെടുകയില്ല. ജഡത്തിന് എന്നോട് എന്തുചെയ്‍വാന്‍ കഴിയും?

5ഇടവിടാതെ അവര്‍ എന്‍റെ വാക്കുകളെ കോട്ടിക്കളയുന്നു; അവരുടെ വിചാരങ്ങളൊക്കെയും എന്‍റെ നേരേ തിന്മയ്ക്കായിട്ടാകുന്നു.

6അവര്‍ കൂട്ടംകൂടി ഒളിച്ചിരിക്കുന്നു; എന്‍റെ പ്രാണനായി പതിയിരിക്കുമ്പോലെ അവര്‍ എന്‍റെ കാലടികളെ നോക്കിക്കൊണ്ടിരിക്കുന്നു.

7നീതികേടിനാൽ അവര്‍ ഒഴിഞ്ഞുപോകുമോ? ദൈവമേ, നിന്‍റെ കോപത്തിൽ ജാതികളെ തള്ളിയിടേണമേ.

8നീ എന്‍റെ ഉഴൽച്ചകളെ എണ്ണുന്നു; എന്‍റെ കണ്ണുനീര്‍ നിന്‍റെ തുരുത്തിയിൽ ആക്കിവയ്ക്കേണമേ; അതു നിന്‍റെ പുസ്തകത്തിൽ ഇല്ലയോ?

9ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ തന്നെ എന്‍റെ ശത്രുക്കള്‍ പിന്തിരിയുന്നു; ദൈവം എനിക്ക് അനുകൂലമെന്നു ഞാന്‍ അറിയുന്നു.

10ഞാന്‍ ദൈവത്തിൽ അവന്‍റെ വചനത്തെ പുകഴും; ഞാന്‍ യഹോവയിൽ അവന്‍റെ വചനത്തെ പുകഴും.

11ഞാന്‍ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാന്‍ ഭയപ്പെടുകയില്ല. മനുഷ്യന് എന്നോട് എന്തു ചെയ്‍വാന്‍ കഴിയും?

12ദൈവമേ, നിനക്കുള്ള നേര്‍ച്ചകള്‍ക്കു ഞാന്‍ കടപ്പെട്ടിരിക്കുന്നു; ഞാന്‍ നിനക്കു സ്തോത്രയാഗങ്ങളെ അര്‍പ്പിക്കും.

13ഞാന്‍ ദൈവത്തിന്‍റെ മുമ്പാകെ ജീവന്‍റെ പ്രകാശത്തിൽ നടക്കേണ്ടതിനു നീ എന്‍റെ പ്രാണനെ മരണത്തിൽനിന്നും എന്‍റെ കാലുകളെ ഇടര്‍ച്ചയിൽനിന്നും വിടുവിച്ചുവല്ലോ.