പഴയ നിയമംMOV

സങ്കീര്‍ത്തനങ്ങള്‍ 54

1സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ ദാവീദിന്‍റെ ഒരു ധ്യാനം. സീഫ്യര്‍ ചെന്നു ശൗലിനോട്: ദാവീദ് ഞങ്ങളുടെ അടുക്കൽ ഒളിച്ചിരിക്കുന്നു എന്നു പറഞ്ഞപ്പോള്‍ ചമച്ചത്. [1] ദൈവമേ, നിന്‍റെ നാമത്താൽ എന്നെ രക്ഷിക്കേണമേ; നിന്‍റെ ശക്തിയാൽ എനിക്കു ന്യായം പാലിച്ചു തരേണമേ.

2ദൈവമേ, എന്‍റെ പ്രാര്‍ഥന കേള്‍ക്കേണമേ; എന്‍റെ വായിലെ വാക്കുകളെ ശ്രദ്ധിക്കേണമേ.

3അന്യജാതിക്കാര്‍ എന്നോട് എതിര്‍ത്തിരിക്കുന്നു; ഘോരന്മാര്‍ എനിക്കു ജീവഹാനി വരുത്തുവാന്‍ നോക്കുന്നു; അവര്‍ ദൈവത്തെ തങ്ങളുടെ മുമ്പാകെ വച്ചിട്ടുമില്ല.

4ഇതാ, ദൈവം എന്‍റെ സഹായകനാകുന്നു; കര്‍ത്താവ് എന്‍റെ പ്രാണനെ താങ്ങുന്നവരോടുകൂടെ ഉണ്ട്.

5അവന്‍ എന്‍റെ ശത്രുക്കള്‍ക്കു തിന്മ പകരം ചെയ്യും; നിന്‍റെ വിശ്വസ്തതയാൽ അവരെ സംഹരിച്ചുകളയേണമേ.

6സ്വമേധാദാനത്തോടെ ഞാന്‍ നിനക്കു ഹനനയാഗം കഴിക്കും; യഹോവേ, നിന്‍റെ നാമം നല്ലത് എന്നു ചൊല്ലി ഞാന്‍ അതിനു സ്തോത്രം ചെയ്യും.

7അവന്‍ എന്നെ സകല കഷ്ടത്തിൽനിന്നും വിടുവിച്ചിരിക്കുന്നു; എന്‍റെ കണ്ണ് എന്‍റെ ശത്രുക്കളെ കണ്ടു രസിക്കും.