പഴയ നിയമംMOV
1സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. അവന്‍ ബത്ത്-ശേബയുടെ അടുക്കൽ ചെന്നശേഷം നാഥാന്‍പ്രവാചകന്‍ അവന്‍റെ അടുക്കൽ വന്നപ്പോള്‍ ചമച്ചത്. [1] ദൈവമേ, നിന്‍റെ ദയയ്ക്കു തക്കവണ്ണം എന്നോടു കൃപയുണ്ടാകേണമേ; നിന്‍റെ കരുണയുടെ ബഹുത്വപ്രകാരം എന്‍റെ ലംഘനങ്ങളെ മായിച്ചുകളയേണമേ.
2എന്നെ നന്നായി കഴുകി എന്‍റെ അകൃത്യം പോക്കേണമേ; എന്‍റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ.
3എന്‍റെ ലംഘനങ്ങളെ ഞാന്‍ അറിയുന്നു; എന്‍റെ പാപം എപ്പോഴും എന്‍റെ മുമ്പിൽ ഇരിക്കുന്നു.
4നിന്നോടുതന്നെ ഞാന്‍ പാപം ചെയ്തു; നിനക്ക് അനിഷ്ടമായുള്ളതു ഞാന്‍ ചെയ്തിരിക്കുന്നു. സംസാരിക്കുമ്പോള്‍ നീ നീതിമാനായും വിധിക്കുമ്പോള്‍ നിര്‍മ്മലനായും ഇരിക്കേണ്ടതിനു തന്നെ.
5ഇതാ, ഞാന്‍ അകൃത്യത്തിൽ ഉരുവായി; പാപത്തിൽ എന്‍റെ അമ്മ എന്നെ ഗര്‍ഭം ധരിച്ചു.
6അന്തര്‍ഭാഗത്തിലെ സത്യമല്ലോ നീ ഇച്ഛിക്കുന്നത്; അന്തരംഗത്തിൽ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ.
7ഞാന്‍ നിര്‍മ്മലനാകേണ്ടതിന് ഈസോപ്പുകൊണ്ട് എന്നെ ശുദ്ധീകരിക്കേണമേ; ഞാന്‍ ഹിമത്തെക്കാള്‍ വെളുക്കേണ്ടതിന് എന്നെ കഴുകേണമേ.
8സന്തോഷവും ആനന്ദവും എന്നെ കേള്‍ക്കുമാറാക്കേണമേ; നീ ഒടിച്ച അസ്ഥികള്‍ ഉല്ലസിക്കട്ടെ.
9എന്‍റെ പാപങ്ങളെ കാണാതവണ്ണം നിന്‍റെ മുഖം മറയ്ക്കേണമേ. എന്‍റെ അകൃത്യങ്ങളെയൊക്കെയും മായിച്ചുകളയേണമേ.
10ദൈവമേ, നിര്‍മ്മലമായോരു ഹൃദയം എന്നിൽ സൃഷ്‍ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ.
11നിന്‍റെ സന്നിധിയിൽനിന്ന് എന്നെ തള്ളിക്കളയരുതേ; നിന്‍റെ പരിശുദ്ധാത്മാവിനെ എന്നിൽനിന്ന് എടുക്കയുമരുതേ.
12നിന്‍റെ രക്ഷയുടെ സന്തോഷം എനിക്കു തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങേണമേ.
13അപ്പോള്‍ ഞാന്‍ അതിക്രമക്കാരോടു നിന്‍റെ വഴികളെ ഉപദേശിക്കും; പാപികള്‍ നിങ്കലേക്കു മനം തിരിയും.
14എന്‍റെ രക്ഷയുടെ ദൈവമായ ദൈവമേ, രക്തപാതകത്തിൽനിന്ന് എന്നെ വിടുവിക്കേണമേ; എന്നാൽ എന്‍റെ നാവ് നിന്‍റെ നീതിയെ ഘോഷിക്കും.
15കര്‍ത്താവേ, എന്‍റെ അധരങ്ങളെ തുറക്കേണമേ; എന്നാൽ എന്‍റെ വായ് നിന്‍റെ സ്തുതിയെ വര്‍ണിക്കും.
16ഹനനയാഗം നീ ഇച്ഛിക്കുന്നില്ല; അല്ലെങ്കിൽ ഞാന്‍ അര്‍പ്പിക്കുമായിരുന്നു; ഹോമയാഗത്തിൽ നിനക്കു പ്രസാദവുമില്ല.
17ദൈവത്തിന്‍റെ ഹനനയാഗങ്ങള്‍ തകര്‍ന്നിരിക്കുന്ന മനസ്സ്; തകര്‍ന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല.
18നിന്‍റെ പ്രസാദപ്രകാരം സീയോനോടു നന്മ ചെയ്യേണമേ; യെരൂശലേമിന്‍റെ മതിലുകളെ പണിയേണമേ.
19അപ്പോള്‍ നീ നീതിയാഗങ്ങളിലും ഹോമയാഗങ്ങളിലും സര്‍വാംഗഹോമങ്ങളിലും പ്രസാദിക്കും; അപ്പോള്‍ നിന്‍റെ യാഗപീഠത്തിന്മേൽ കാളകളെ അര്‍പ്പിക്കും.