പഴയ നിയമംMOV

സങ്കീര്‍ത്തനങ്ങള്‍ 4

1സംഗീതപ്രമാണിക്ക് തന്ത്രിനാദത്തോടെ; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] എന്‍റെ നീതിയായ ദൈവമേ, ഞാന്‍ വിളിക്കുമ്പോള്‍ ഉത്തരമരുളേണമേ; ഞാന്‍ ഞെരുക്കത്തിൽ ഇരുന്നപ്പോള്‍ നീ എനിക്കു വിശാലത വരുത്തി; എന്നോടു കൃപ തോന്നി എന്‍റെ പ്രാര്‍ഥന കേള്‍ക്കേണമേ.

2പുരുഷന്മാരേ, നിങ്ങള്‍ എത്രത്തോളം എന്‍റെ മാനത്തെ നിന്ദയാക്കി മായയെ ഇച്ഛിച്ചു വ്യാജത്തെ അന്വേഷിക്കും? സേലാ.

3യഹോവ ഭക്തനെ തനിക്കു വേര്‍തിരിച്ചിരിക്കുന്നു എന്നറിവിന്‍; ഞാന്‍ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോള്‍ അവന്‍ കേള്‍ക്കും.

4നടുങ്ങുവിന്‍; പാപം ചെയ്യാതിരിപ്പിന്‍; നിങ്ങളുടെ കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ചു മൗനമായിരിപ്പിന്‍. സേലാ.

5നീതിയാഗങ്ങളെ അര്‍പ്പിപ്പിന്‍; യഹോവയിൽ ആശ്രയം വയ്പിന്‍.

6നമുക്ക് ആര്‍ നന്മ കാണിക്കും എന്നു പലരും പറയുന്നു; യഹോവേ, നിന്‍റെ മുഖപ്രകാശം ഞങ്ങളുടെമേൽ ഉദിപ്പിക്കേണമേ.

7ധാന്യവും വീഞ്ഞും വര്‍ധിച്ചപ്പോള്‍ അവര്‍ക്കുണ്ടായതിലും അധികം സന്തോഷം നീ എന്‍റെ ഹൃദയത്തിൽ നല്കിയിരിക്കുന്നു.

8ഞാന്‍ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിര്‍ഭയം വസിക്കുമാറാക്കുന്നത്.