പഴയ നിയമംMOV

സങ്കീര്‍ത്തനങ്ങള്‍ 47

1സംഗീതപ്രമാണിക്ക്; കോരഹ്പുത്രന്മാരുടെ ഒരു സങ്കീര്‍ത്തനം. [1] സകല ജാതികളുമായുള്ളോരേ, കൈകൊട്ടുവിന്‍; ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആര്‍ക്കുവിന്‍.

2അത്യുന്നതനായ യഹോവ ഭയങ്കരന്‍; അവന്‍ സര്‍വഭൂമിക്കും മഹാരാജാവാകുന്നു.

3അവന്‍ ജാതികളെ നമ്മുടെ കീഴിലും വംശങ്ങളെ നമ്മുടെ കാല്ക്കീഴിലും ആക്കുന്നു.

4അവന്‍ നമുക്ക് നമ്മുടെ അവകാശത്തെ തിരഞ്ഞെടുത്തു തന്നു; താന്‍ സ്നേഹിച്ച യാക്കോബിന്‍റെ ശ്ലാഘ്യഭൂമിയെ തന്നെ.

5ദൈവം ജയഘോഷത്തോടും യഹോവ കാഹളനാദത്തോടുംകൂടെ ആരോഹണം ചെയ്യുന്നു.

6ദൈവത്തിനു സ്തുതി പാടുവിന്‍, സ്തുതി പാടുവിന്‍; നമ്മുടെ രാജാവിനു സ്തുതി പാടുവിന്‍, സ്തുതി പാടുവിന്‍.

7ദൈവം സര്‍വഭൂമിക്കും രാജാവാകുന്നു; ഒരു ചാതുര്യകീര്‍ത്തനം പാടുവിന്‍.

8ദൈവം ജാതികളെ ഭരിക്കുന്നു; ദൈവം തന്‍റെ വിശുദ്ധസിംഹാസനത്തിൽ ഇരിക്കുന്നു.

9വംശങ്ങളുടെ പ്രഭുക്കന്മാര്‍ അബ്രാഹാമിന്‍ ദൈവത്തിന്‍റെ ജനമായി ഒന്നിച്ചുകൂടുന്നു; ഭൂമിയിലെ പരിചകള്‍ ദൈവത്തിനുള്ളവയല്ലോ; അവന്‍ ഏറ്റവും ഉന്നതനായിരിക്കുന്നു.