പഴയ നിയമംMOV

സങ്കീര്‍ത്തനങ്ങള്‍ 45

1സംഗീതപ്രമാണിക്ക്; സാരസരാഗത്തിൽ കോരഹ്പുത്രന്മാരുടെ ഒരു ധ്യാനം. പ്രേമഗീതം. [1] എന്‍റെ ഹൃദയം ശുഭവചനത്താൽ കവിയുന്നു; എന്‍റെ കൃതി രാജാവിനു വേണ്ടിയുള്ളത് എന്നു ഞാന്‍ പറയുന്നു. എന്‍റെ നാവ് സമര്‍ഥനായ ലേഖകന്‍റെ എഴുത്തുകോൽ ആകുന്നു.

2നീ മനുഷ്യപുത്രന്മാരിൽ അതിസുന്ദരന്‍; ലാവണ്യം നിന്‍റെ അധരങ്ങളിന്മേൽ പകര്‍ന്നിരിക്കുന്നു; അതുകൊണ്ട് ദൈവം നിന്നെ എന്നേക്കും അനുഗ്രഹിച്ചിരിക്കുന്നു.

3വീരനായുള്ളോവേ, നിന്‍റെ വാള്‍ അരയ്ക്കു കെട്ടുക; നിന്‍റെ തേജസ്സും നിന്‍റെ മഹിമയുംതന്നെ.

4സത്യവും സൗമ്യതയും നീതിയും പാലിക്കേണ്ടതിനു നീ മഹിമയോടെ കൃതാര്‍ഥനായി വാഹനമേറി എഴുന്നള്ളുക; നിന്‍റെ വലംകൈ ഭയങ്കരകാര്യങ്ങളെ നിനക്കുപദേശിച്ചു തരുമാറാകട്ടെ.

5നിന്‍റെ അസ്ത്രങ്ങള്‍ മൂര്‍ച്ചയുള്ളവയാകുന്നു; ജാതികള്‍ നിന്‍റെ കീഴിൽ വീഴുന്നു; രാജാവിന്‍റെ ശത്രുക്കളുടെ നെഞ്ചത്ത് അവ തറയ്ക്കുന്നു.

6ദൈവമേ, നിന്‍റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്‍റെ രാജത്വത്തിന്‍റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു.

7നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ട് ദൈവം, നിന്‍റെ ദൈവം തന്നെ, നിന്‍റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്നു.

8നിന്‍റെ വസ്ത്രമെല്ലാം മൂറും ചന്ദനവും ലവംഗവുംകൊണ്ട് സുഗന്ധമായിരിക്കുന്നു; ദന്തമന്ദിരങ്ങളിൽനിന്നു കമ്പിനാദം നിന്നെ സന്തോഷിപ്പിക്കുന്നു.

9നിന്‍റെ സ്ത്രീരത്നങ്ങളുടെ കൂട്ടത്തിൽ രാജകുമാരികള്‍ ഉണ്ട്; നിന്‍റെ വലത്തുഭാഗത്തു രാജ്ഞി ഓഫീര്‍തങ്കം അണിഞ്ഞു നില്ക്കുന്നു.

10അല്ലയോ കുമാരീ, കേള്‍ക്ക; നോക്കുക; ചെവി ചായിക്ക. സ്വജനത്തെയും നിന്‍റെ പിതൃഭവനത്തെയും മറക്ക.

11അപ്പോള്‍ രാജാവ് നിന്‍റെ സൗന്ദര്യത്തെ ആഗ്രഹിക്കും; അവന്‍ നിന്‍റെ നാഥനല്ലോ; നീ അവനെ നമസ്കരിച്ചുകൊള്‍ക.

12സോര്‍നിവാസികള്‍, ജനത്തിലെ ധനവാന്മാര്‍ തന്നെ, കാഴ്ചവച്ച് നിന്‍റെ മുഖപ്രസാദം തേടും.

13അന്തഃപുരത്തിലെ രാജകുമാരി ശോഭാപരിപൂര്‍ണയാകുന്നു; അവളുടെ വസ്ത്രം പൊന്‍കസവുകൊണ്ടുള്ളത്.

14അവളെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ച് രാജസന്നിധിയിൽ കൊണ്ടുവരും; അവളുടെ തോഴിമാരായി കൂടെ നടക്കുന്ന കന്യകമാരെയും നിന്‍റെ അടുക്കൽ കൊണ്ടുവരും.

15സന്തോഷത്തോടും ഉല്ലാസത്തോടുംകൂടെ അവരെ കൊണ്ടുവരും; അവര്‍ രാജമന്ദിരത്തിൽ പ്രവേശിക്കും.

16നിന്‍റെ പുത്രന്മാര്‍ നിന്‍റെ പിതാക്കന്മാര്‍ക്കു പകരം ഇരിക്കും; സര്‍വഭൂമിയിലും നീ അവരെ പ്രഭുക്കന്മാരാക്കും.

17ഞാന്‍ നിന്‍റെ നാമത്തെ എല്ലാ തലമുറകളിലും ഓര്‍ക്കുമാറാക്കും. അതുകൊണ്ട് ജാതികള്‍ എന്നും എന്നേക്കും നിനക്കു സ്തോത്രം ചെയ്യും.