പഴയ നിയമംMOV

സങ്കീര്‍ത്തനങ്ങള്‍ 40

1സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] ഞാന്‍ യഹോവയ്ക്കായി കാത്തുകാത്തിരുന്നു; അവന്‍ എങ്കലേക്കു ചാഞ്ഞ് എന്‍റെ നിലവിളി കേട്ടു.

2നാശകരമായ കുഴിയിൽനിന്നും കുഴഞ്ഞ ചേറ്റിൽനിന്നും അവന്‍ എന്നെ കയറ്റി; എന്‍റെ കാലുകളെ ഒരു പാറമേൽ നിര്‍ത്തി, എന്‍റെ ഗമനത്തെ സ്ഥിരമാക്കി.

3അവന്‍ എന്‍റെ വായിൽ പുതിയൊരു പാട്ടു തന്നു, നമ്മുടെ ദൈവത്തിനു സ്തുതിതന്നെ; പലരും അതു കണ്ടു ഭയപ്പെട്ടു യഹോവയിൽ ആശ്രയിക്കും.

4യഹോവയെ തന്‍റെ ആശ്രയമാക്കിക്കൊള്ളുകയും നിഗളികളെയും വ്യാജത്തിലേക്കു തിരിയുന്നവരെയും ആദരിക്കാതിരിക്കയും ചെയ്യുന്ന മനുഷ്യന്‍ ഭാഗ്യവാന്‍.

5എന്‍റെ ദൈവമായ യഹോവേ, നീ ചെയ്ത അദ്ഭുതപ്രവൃത്തികളും ഞങ്ങള്‍ക്കുവേണ്ടിയുള്ള നിന്‍റെ വിചാരങ്ങളും വളരെയാകുന്നു; നിന്നോടു സദൃശന്‍ ആരുമില്ല; ഞാന്‍ അവയെ വിവരിച്ചു പ്രസ്താവിക്കുമായിരുന്നു; എന്നാൽ അവ എണ്ണിക്കൂടാതവണ്ണം അധികമാകുന്നു.

6ഹനനയാഗവും ഭോജനയാഗവും നീ ഇച്ഛിച്ചില്ല; നീ ചെവികളെ എനിക്കു തുളച്ചിരിക്കുന്നു. ഹോമയാഗവും പാപയാഗവും നീ ചോദിച്ചില്ല.

7അപ്പോള്‍ ഞാന്‍ പറഞ്ഞു; ഇതാ, ഞാന്‍ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു;

8എന്‍റെ ദൈവമേ, നിന്‍റെ ഇഷ്ടം ചെയ്‍വാന്‍ ഞാന്‍ പ്രിയപ്പെടുന്നു; നിന്‍റെ ന്യായപ്രമാണം എന്‍റെ ഉള്ളിൽ ഇരിക്കുന്നു.

9ഞാന്‍ മഹാസഭയിൽ നീതിയെ പ്രസംഗിച്ചു; അധരങ്ങളെ ഞാന്‍ അടക്കിയിട്ടില്ല; യഹോവേ, നീ അറിയുന്നു.

10ഞാന്‍ നിന്‍റെ നീതിയെ എന്‍റെ ഹൃദയത്തിൽ മറച്ചുവച്ചില്ല; നിന്‍റെ വിശ്വസ്തതയും രക്ഷയും ഞാന്‍ പ്രസ്താവിച്ചു; നിന്‍റെ ദയയും സത്യവും ഞാന്‍ മഹാസഭയ്ക്കു മറച്ചതുമില്ല.

11യഹോവേ, നിന്‍റെ കരുണ നീ എനിക്ക് അടച്ചുകളകയില്ല; നിന്‍റെ ദയയും സത്യവും എന്നെ നിത്യം പരിപാലിക്കും.

12സംഖ്യയില്ലാത്ത അനര്‍ഥങ്ങള്‍ എന്നെ ചുറ്റിയിരിക്കുന്നു; മേല്പോട്ടു നോക്കുവാന്‍ കഴിയാതവണ്ണം എന്‍റെ അകൃത്യങ്ങള്‍ എന്നെ എത്തിപ്പിടിച്ചിരിക്കുന്നു; അവ എന്‍റെ തലയിലെ രോമങ്ങളിലും അധികം; ഞാന്‍ ധൈര്യഹീനനായിത്തീര്‍ന്നിരിക്കുന്നു.

13യഹോവേ, എന്നെ വിടുവിപ്പാന്‍ ഇഷ്ടം തോന്നേണമേ; യഹോവേ, എന്നെ സഹായിപ്പാന്‍ വേഗം വരേണമേ.

14എനിക്കു ജീവഹാനി വരുത്തുവാന്‍ നോക്കുന്നവര്‍ ലജ്ജിച്ചു ഭ്രമിച്ചു പോകട്ടെ; എന്‍റെ അനര്‍ഥത്തിൽ സന്തോഷിക്കുന്നവര്‍ പിന്തിരിഞ്ഞ് അപമാനം ഏല്ക്കട്ടെ.

15നന്നായി, നന്നായി എന്ന് എന്നോടു പറയുന്നവര്‍ തങ്ങളുടെനാണം നിമിത്തം സ്തംഭിച്ചുപോകട്ടെ.

16നിന്നെ അന്വേഷിക്കുന്ന എല്ലാവരും നിന്നിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ; നിന്‍റെ രക്ഷയെ ഇച്ഛിക്കുന്നവര്‍ യഹോവ മഹത്ത്വമുള്ളവന്‍ എന്ന് എപ്പോഴും പറയട്ടെ.

17ഞാനോ എളിയവനും ദരിദ്രനും ആകുന്നു; എങ്കിലും കര്‍ത്താവ് എന്നെ വിചാരിക്കുന്നു; നീ തന്നെ എന്‍റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; എന്‍റെ ദൈവമേ, താമസിക്കരുതേ.