പഴയ നിയമംMOV

സങ്കീര്‍ത്തനങ്ങള്‍ 3

1ദാവീദ് തന്‍റെ മകനായ അബ്ശാലോമിന്‍റെ മുമ്പിൽനിന്ന് ഓടിപ്പോയപ്പോള്‍ പാടിയ ഒരു സങ്കീര്‍ത്തനം [1] യഹോവേ, എന്‍റെ വൈരികള്‍ എത്ര പെരുകിയിരിക്കുന്നു! എന്നോട് എതിര്‍ക്കുന്നവര്‍ അനേകര്‍ ആകുന്നു.

2അവന് ദൈവത്തിങ്കൽ രക്ഷയില്ല എന്ന് എന്നെക്കുറിച്ച് പലരും പറയുന്നു. സേലാ.

3നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും എന്‍റെ മഹത്ത്വവും എന്‍റെ തല ഉയര്‍ത്തുന്നവനും ആകുന്നു.

4ഞാന്‍ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു; അവന്‍ തന്‍റെ വിശുദ്ധപര്‍വതത്തിൽനിന്ന് ഉത്തരം അരുളുകയും ചെയ്യുന്നു. സേലാ.

5ഞാന്‍ കിടന്നുറങ്ങി; യഹോവ എന്നെ താങ്ങുകയാൽ ഉണര്‍ന്നുമിരിക്കുന്നു.

6എനിക്കു വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന ആയിരം ആയിരം ജനങ്ങളെ ഞാന്‍ ഭയപ്പെടുകയില്ല.

7യഹോവേ, എഴുന്നേല്ക്കേണമേ; എന്‍റെ ദൈവമേ, എന്നെ രക്ഷിക്കേണമേ. നീ എന്‍റെ ശത്രുക്കളെയൊക്കെയും ചെകിട്ടത്തടിച്ചു; നീ ദുഷ്ടന്മാരുടെ പല്ല് തകര്‍ത്തുകളഞ്ഞു.

8രക്ഷ യഹോവയ്ക്കുള്ളതാകുന്നു; നിന്‍റെ അനുഗ്രഹം നിന്‍റെ ജനത്തിന്മേൽ വരുമാറാകട്ടെ. സേലാ.