പഴയ നിയമംMOV

സങ്കീര്‍ത്തനങ്ങള്‍ 37

1ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] ദുഷ്പ്രവൃത്തിക്കാരുടെ നിമിത്തം നീ മുഷിയരുത്; നീതികേട് ചെയ്യുന്നവരോട് അസൂയപ്പെടുകയുമരുത്.

2അവര്‍ പുല്ലുപോലെ വേഗത്തിൽ ഉണങ്ങി പച്ചച്ചെടിപോലെ വാടിപ്പോകുന്നു.

3യഹോവയിൽ ആശ്രയിച്ചു നന്മ ചെയ്ക; ദേശത്തു പാര്‍ത്തു വിശ്വസ്തത ആചരിക്ക.

4യഹോവയിൽ തന്നെ രസിച്ചുകൊള്‍ക; അവന്‍ നിന്‍റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും.

5നിന്‍റെ വഴി യഹോവയെ ഭരമേല്പിക്ക; അവനിൽ തന്നെ ആശ്രയിക്ക; അവന്‍ അതു നിര്‍വഹിക്കും.

6അവന്‍ നിന്‍റെ നീതിയെ പ്രഭാതംപോലെയും നിന്‍റെ ന്യായത്തെ മധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും.

7യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്ന് അവനായി പ്രത്യാശിക്ക; കാര്യസാധ്യം പ്രാപിക്കുന്നവനെയും ദുരുപായം പ്രയോഗിക്കുന്നവനെയും കുറിച്ചു നീ മുഷിയരുത്.

8കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക; മുഷിഞ്ഞുപോകരുത്; അതു ദോഷത്തിനു ഹേതുവാകയേയുള്ളൂ.

9ദുഷ്പ്രവൃത്തിക്കാര്‍ ഛേദിക്കപ്പെടും; യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും.

10കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടന്‍ ഇല്ല; നീ അവന്‍റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല.

11എന്നാൽ സൗമ്യതയുള്ളവര്‍ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവര്‍ ആനന്ദിക്കും.

12ദുഷ്ടന്‍ നീതിമാനു ദോഷം നിരൂപിക്കുന്നു; അവന്‍റെ നേരേ അവന്‍ പല്ലു കടിക്കുന്നു.

13കര്‍ത്താവ് അവനെ നോക്കി ചിരിക്കും; അവന്‍റെ ദിവസം വരുന്നു എന്ന് അവന്‍ കാണുന്നു.

14എളിയവനെയും ദരിദ്രനെയും വീഴിപ്പാനും സന്മാര്‍ഗികളെ കൊല്ലുവാനും ദുഷ്ടന്മാര്‍ വാളൂരി വില്ലു കുലച്ചിരിക്കുന്നു.

15അവരുടെ വാള്‍ അവരുടെ ഹൃദയത്തിൽ തന്നെ കടക്കും; അവരുടെ വില്ലുകള്‍ ഒടിഞ്ഞുപോകും.

16അനേകദുഷ്ടന്മാര്‍ക്കുള്ള സമൃദ്ധിയെക്കാള്‍ നീതിമാനുള്ള അല്പം ഏറ്റവും നല്ലത്.

17ദുഷ്ടന്മാരുടെ ഭുജങ്ങള്‍ ഒടിഞ്ഞുപോകും; എന്നാൽ നീതിമാന്മാരെ യഹോവ താങ്ങും.

18യഹോവ നിഷ്കളങ്കന്മാരുടെ നാളുകളെ അറിയുന്നു; അവരുടെ അവകാശം ശാശ്വതമായിരിക്കും.

19ദുഷ്കാലത്ത് അവര്‍ ലജ്ജിച്ചുപോകയില്ല; ക്ഷാമകാലത്ത് അവര്‍ തൃപ്തരായിരിക്കും,

20എന്നാൽ ദുഷ്ടന്മാര്‍ നശിച്ചുപോകും; യഹോവയുടെ ശത്രുക്കള്‍ പുല്പുറത്തിന്‍റെ ഭംഗിപോലേയുള്ളൂ; അവര്‍ ക്ഷയിച്ചുപോകും; പുകപോലെ ക്ഷയിച്ചുപോകും.

21ദുഷ്ടന്‍ വായ്പ വാങ്ങുന്നു, തിരികെ കൊടുക്കുന്നില്ല; നീതിമാനോ കൃപാലുവായി ദാനം ചെയ്യുന്നു.

22അവനാൽ അനുഗ്രഹിക്കപ്പെട്ടവര്‍ ഭൂമിയെ കൈവശമാക്കും. അവനാൽ ശപിക്കപ്പെട്ടവരോ ഛേദിക്കപ്പെടും.

23ഒരു മനുഷ്യന്‍റെ വഴിയിൽ പ്രസാദം തോന്നിയാൽ യഹോവ അവന്‍റെ ഗമനം സ്ഥിരമാക്കുന്നു.

24അവന്‍ വീണാലും നിലംപരിചാകയില്ല; യഹോവ അവനെ കൈ പിടിച്ചു താങ്ങുന്നു.

25ഞാന്‍ ബാലനായിരുന്നു, വൃദ്ധനായിത്തീര്‍ന്നു; നീതിമാന്‍ തുണയില്ലാതിരിക്കുന്നതും അവന്‍റെ സന്തതി ആഹാരം ഇരക്കുന്നതും ഞാന്‍ കണ്ടിട്ടില്ല.

26അവന്‍ നിത്യം കൃപാലുവായി വായ്പ കൊടുക്കുന്നു; അവന്‍റെ സന്തതി അനുഗ്രഹിക്കപ്പെടുന്നു.

27ദോഷം വിട്ടൊഴിഞ്ഞു ഗുണം ചെയ്ക; എന്നാൽ നീ സദാകാലം സുഖമായി വസിക്കും.

28യഹോവ ന്യായപ്രിയനാകുന്നു; തന്‍റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല; അവര്‍ എന്നേക്കും പരിപാലിക്കപ്പെടുന്നു; ദുഷ്ടന്മാരുടെ സന്തതിയോ ഛേദിക്കപ്പെടും.

29നീതിമാന്മാര്‍ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും;

30നീതിമാന്‍റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു; അവന്‍റെ നാവ് ന്യായം സംസാരിക്കുന്നു.

31തന്‍റെ ദൈവത്തിന്‍റെ ന്യായപ്രമാണം അവന്‍റെ ഹൃദയത്തിൽ ഉണ്ട്; അവന്‍റെ കാലടികള്‍ വഴുതുകയില്ല.

32ദുഷ്ടന്‍ നീതിമാനായി പതിയിരുന്ന്, അവനെ കൊല്ലുവാന്‍ നോക്കുന്നു.

33യഹോവ അവനെ അവന്‍റെ കൈയിൽ വിട്ടുകൊടുക്കയില്ല; ന്യായവിസ്താരത്തിൽ അവനെ കുറ്റം വിധിക്കയുമില്ല.

34യഹോവയ്ക്കായി പ്രത്യാശിച്ച് അവന്‍റെ വഴി പ്രമാണിച്ചു നടക്ക; എന്നാൽ ഭൂമിയെ അവകാശമാക്കുവാന്‍ അവന്‍ നിന്നെ ഉയര്‍ത്തും; ദുഷ്ടന്മാര്‍ ഛേദിക്കപ്പെടുന്നതു നീ കാണും.

35ദുഷ്ടന്‍ പ്രബലനായിരിക്കുന്നതും; സ്വദേശികമായ പച്ചവൃക്ഷംപോലെ തഴയ്ക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.

36ഞാന്‍ പിന്നെ അതിലെ പോയപ്പോള്‍ അവന്‍ ഇല്ല; ഞാന്‍ അന്വേഷിച്ചു, അവനെ കണ്ടതുമില്ല.

37നിഷ്കളങ്കനെ കുറിക്കൊള്ളുക; നേരുള്ളവനെ നോക്കിക്കൊള്‍ക; സമാധാനപുരുഷനു സന്തതി ഉണ്ടാകും.

38എന്നാൽ അതിക്രമക്കാര്‍ ഒരുപോലെ മുടിഞ്ഞുപോകും; ദുഷ്ടന്മാരുടെ സന്താനം ഛേദിക്കപ്പെടും.

39നീതിമാന്മാരുടെ രക്ഷ യഹോവയിങ്കൽനിന്നു വരുന്നു; കഷ്ടകാലത്ത് അവന്‍ അവരുടെ ദുര്‍ഗമാകുന്നു.

40യഹോവ അവരെ സഹായിച്ചു വിടുവിക്കുന്നു; അവര്‍ അവനിൽ ആശ്രയിക്കകൊണ്ട് അവന്‍ അവരെ ദുഷ്ടന്മാരുടെ കൈയിൽ നിന്നു വിടുവിച്ചു രക്ഷിക്കുന്നു.