പഴയ നിയമംMOV

സങ്കീര്‍ത്തനങ്ങള്‍ 33

1നീതിമാന്മാരേ, യഹോവയിൽ ഘോഷിച്ചുല്ലസിപ്പിന്‍; സ്തുതിക്കുന്നതു നേരുള്ളവര്‍ക്ക് ഉചിതമല്ലോ.

2കിന്നരംകൊണ്ട് യഹോവയ്ക്കു സ്തോത്രം ചെയ്‍വിന്‍; പത്തു കമ്പിയുള്ള വീണകൊണ്ട് അവനു സ്തുതി പാടുവിന്‍.

3അവനു പുതിയ പാട്ടു പാടുവിന്‍; ഘോഷസ്വരത്തോടെ നന്നായി വാദ്യം വായിപ്പിന്‍.

4യഹോവയുടെ വചനം നേരുള്ളത്; അവന്‍റെ സകല പ്രവൃത്തിയും വിശ്വസ്തതയുള്ളത്.

5അവന്‍ നീതിയും ന്യായവും ഇഷ്ടപ്പെടുന്നു; യഹോവയുടെ ദയകൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നു.

6യഹോവയുടെ വചനത്താൽ ആകാശവും അവന്‍റെ വായിലെ ശ്വാസത്താൽ അതിലെ സകല സൈന്യവും ഉളവായി;

7അവന്‍ സമുദ്രത്തിലെ വെള്ളത്തെ കൂമ്പാരമായി കൂട്ടുന്നു; അവന്‍ ആഴികളെ ഭണ്ഡാരഗൃഹങ്ങളിൽ സംഗ്രഹിക്കുന്നു.

8സകല ഭൂവാസികളും യഹോവയെ ഭയപ്പെടട്ടെ; ഭൂതലത്തിൽ പാര്‍ക്കുന്നവരൊക്കെയും അവനെ ശങ്കിക്കട്ടെ.

9അവന്‍ അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു; അവന്‍ കല്പിച്ചു; അങ്ങനെ സ്ഥാപിതമായി.

10യഹോവ ജാതികളുടെ ആലോചനയെ വ്യര്‍ഥമാക്കുന്നു; വംശങ്ങളുടെ നിരൂപണങ്ങളെ നിഷ്ഫലമാക്കുന്നു.

11യഹോവയുടെ ആലോചന ശാശ്വതമായും അവന്‍റെ ഹൃദയവിചാരങ്ങള്‍ തലമുറതലമുറയായും നില്ക്കുന്നു.

12യഹോവ ദൈവമായിരിക്കുന്ന ജാതിയും അവന്‍ തനിക്ക് അവകാശമായി തിരഞ്ഞെടുത്ത ജനവും ഭാഗ്യമുള്ളത്.

13യഹോവ സ്വര്‍ഗത്തിൽനിന്നു നോക്കുന്നു; മനുഷ്യപുത്രന്മാരെയൊക്കെയും കാണുന്നു.

14അവന്‍ തന്‍റെ വാസസ്ഥലത്തുനിന്നു സര്‍വഭൂവാസികളെയും നോക്കുന്നു.

15അവന്‍ അവരുടെ ഹൃദയങ്ങളെ ഒരുപോലെ മനഞ്ഞിരിക്കുന്നു; അവരുടെ പ്രവൃത്തികളെയൊക്കെയും അവന്‍ ഗ്രഹിക്കുന്നു.

16സൈന്യബഹുത്വത്താൽ രാജാവ് ജയം പ്രാപിക്കുന്നില്ല; ബലാധിക്യംകൊണ്ട് വീരന്‍ രക്ഷപെടുന്നതുമില്ല.

17ജയത്തിനു കുതിര വ്യര്‍ഥമാകുന്നു; തന്‍റെ ബലാധിക്യംകൊണ്ട് അതു വിടുവിക്കുന്നതുമില്ല.

18യഹോവയുടെ ദൃഷ്‍ടി തന്‍റെ ഭക്തന്മാരുടെമേലും തന്‍റെ ദയയ്ക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു;

19അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിപ്പാനും ക്ഷാമത്തിൽ അവരെ ജീവനോടെ രക്ഷിപ്പാനും തന്നെ.

20നമ്മുടെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു; അവന്‍ നമ്മുടെ സഹായവും പരിചയും ആകുന്നു.

21അവന്‍റെ വിശുദ്ധനാമത്തിൽ നാം ആശ്രയിക്കയാൽ നമ്മുടെ ഹൃദയം അവനിൽ സന്തോഷിക്കും.

22യഹോവേ, ഞങ്ങള്‍ നിങ്കൽ പ്രത്യാശവയ്ക്കുന്നതുപോലെ നിന്‍റെ ദയ ഞങ്ങളുടെമേൽ ഉണ്ടാകുമാറാകട്ടെ.