പഴയ നിയമംMOV

സങ്കീര്‍ത്തനങ്ങള്‍ 30

1ഭവനപ്രതിഷ്ഠാഗീതം; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] യഹോവേ, ഞാന്‍ നിന്നെ പുകഴ്ത്തുന്നു; നീ എന്നെ ഉദ്ധരിച്ചിരിക്കുന്നു; എന്‍റെ ശത്രുക്കള്‍ എന്നെക്കുറിച്ചു സന്തോഷിപ്പാന്‍ നീ ഇടയാക്കിയതുമില്ല.

2എന്‍റെ ദൈവമായ യഹോവേ; ഞാന്‍ നിന്നോടു നിലവിളിച്ചു; നീ എന്നെ സൗഖ്യമാക്കുകയും ചെയ്തു.

3യഹോവേ, നീ എന്‍റെ പ്രാണനെ പാതാളത്തിൽനിന്നു കരേറ്റിയിരിക്കുന്നു; ഞാന്‍ കുഴിയിൽ ഇറങ്ങിപ്പോകാതിരിക്കേണ്ടതിനു നീ എനിക്ക് ജീവരക്ഷ വരുത്തിയിരിക്കുന്നു.

4യഹോവയുടെ വിശുദ്ധന്മാരേ, അവനു സ്തുതിപാടുവിന്‍; അവന്‍റെ വിശുദ്ധനാമത്തിനു സ്തോത്രം ചെയ്‍വിന്‍.

5അവന്‍റെ കോപം ക്ഷണനേരത്തേക്കേയുള്ളൂ; അവന്‍റെ പ്രസാദമോ ജീവപര്യന്തമുള്ളത്; സന്ധ്യയിങ്കൽ കരച്ചൽ വന്നു രാപാര്‍ക്കും; ഉഷസ്സിലോ ആനന്ദഘോഷം വരുന്നു.

6ഞാന്‍ ഒരുനാളും കുലുങ്ങിപ്പോകയില്ല എന്ന് എന്‍റെ സുഖകാലത്തു ഞാന്‍ പറഞ്ഞു.

7യഹോവേ, നിന്‍റെ പ്രസാദത്താൽ നീ എന്‍റെ പര്‍വതത്തെ ഉറച്ചു നില്ക്കുമാറാക്കി; നീ നിന്‍റെ മുഖത്തെ മറച്ചു, ഞാന്‍ ഭ്രമിച്ചുപോയി.

8യഹോവേ, ഞാന്‍ നിന്നോടു നിലവിളിച്ചു; യഹോവയോടു ഞാന്‍ യാചിച്ചു.

9ഞാന്‍ കുഴിയിൽ ഇറങ്ങിപ്പോയാൽ എന്‍റെ രക്തംകൊണ്ട് എന്തു ലാഭമുള്ളൂ? ധൂളി നിന്നെ സ്തുതിക്കുമോ? അതു നിന്‍റെ സത്യത്തെ പ്രസ്താവിക്കുമോ?

10യഹോവേ, കേള്‍ക്കേണമേ; എന്നോടു കരുണയുണ്ടാകേണമേ; യഹോവേ, എന്‍റെ രക്ഷകനായിരിക്കേണമേ.

11നീ എന്‍റെ വിലാപത്തെ എനിക്കു നൃത്തമാക്കിത്തീര്‍ത്തു; എന്‍റെ രട്ടു നീ അഴിച്ച് എന്നെ സന്തോഷം ഉടുപ്പിച്ചിരിക്കുന്നു.

12ഞാന്‍ മൗനമായിരിക്കാതെ നിനക്കു സ്തുതി പാടേണ്ടതിനു തന്നെ. എന്‍റെ ദൈവമായ യഹോവേ, ഞാന്‍ എന്നേക്കും നിനക്കു സ്തോത്രം ചെയ്യും.