പഴയ നിയമംMOV

സങ്കീര്‍ത്തനങ്ങള്‍ 29

1ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] ദൈവപുത്രന്മാരേ, യഹോവയ്ക്കു കൊടുപ്പിന്‍, യഹോവയ്ക്കു മഹത്ത്വവും ശക്തിയും കൊടുപ്പിന്‍.

2യഹോവയ്ക്ക് അവന്‍റെ നാമത്തിന്‍റെ മഹത്ത്വം കൊടുപ്പിന്‍; വിശുദ്ധാലങ്കാരം ധരിച്ച് യഹോവയെ നമസ്കരിപ്പിന്‍.

3യഹോവയുടെ ശബ്ദം വെള്ളത്തിന്മീതെ മുഴങ്ങുന്നു; പെരുവെള്ളത്തിന്മീതെ യഹോവ, മഹത്ത്വത്തിന്‍റെ ദൈവം തന്നെ, ഇടിമുഴക്കുന്നു.

4യഹോവയുടെ ശബ്ദം ശക്തിയോടെ മുഴങ്ങുന്നു; യഹോവയുടെ ശബ്ദം മഹിമയോടെ മുഴങ്ങുന്നു.

5യഹോവയുടെ ശബ്ദം ദേവദാരുക്കളെ തകര്‍ക്കുന്നു; യഹോവ ലെബാനോനിലെ ദേവദാരുക്കളെ തകര്‍ക്കുന്നു.

6അവന്‍ അവയെ കാളക്കുട്ടിയെപ്പോലെയും ലെബാനോനെയും സിര്യോനെയും കാട്ടുപോത്തിന്‍കുട്ടിയെപ്പോലെയും തുള്ളിക്കുന്നു.

7യഹോവയുടെ ശബ്ദം അഗ്നിജ്വാലകളെ ചിന്നിക്കുന്നു.

8യഹോവയുടെ ശബ്ദം മരുഭൂമിയെ നടുക്കുന്നു; യഹോവ കാദേശ്മരുവിനെ നടുക്കുന്നു.

9യഹോവയുടെ ശബ്ദം മാന്‍പേടകളെ പ്രസവിക്കുമാറാക്കുന്നു; അതു വനങ്ങളെ തോലുരിക്കുന്നു; അവന്‍റെ മന്ദിരത്തിൽ സകലവും മഹത്ത്വം എന്നു ചൊല്ലുന്നു.

10യഹോവ ജലപ്രളയത്തിന്മീതെ ഇരുന്നു; യഹോവ എന്നേക്കും രാജാവായി ഇരിക്കുന്നു.

11യഹോവ തന്‍റെ ജനത്തിനു ശക്തി നല്കും; യഹോവ തന്‍റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും.