പഴയ നിയമംMOV

സങ്കീര്‍ത്തനങ്ങള്‍ 24

1ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] ഭൂമിയും അതിന്‍റെ പൂര്‍ണതയും ഭൂതലവും അതിന്‍റെ നിവാസികളും യഹോവയ്ക്കുള്ളതാകുന്നു.

2സമുദ്രങ്ങളുടെമേൽ അവന്‍ അതിനെ സ്ഥാപിച്ചു; നദികളുടെമേൽ അവന്‍ അതിനെ ഉറപ്പിച്ചു.

3യഹോവയുടെ പര്‍വതത്തിൽ ആര്‍ കയറും? അവന്‍റെ വിശുദ്ധസ്ഥലത്ത് ആര്‍ നില്ക്കും?

4വെടിപ്പുള്ള കൈയും നിര്‍മ്മലഹൃദയവും ഉള്ളവന്‍. വ്യാജത്തിനു മനസ്സു വയ്ക്കാതെയും കള്ളസ്സത്യം ചെയ്യാതെയും ഇരിക്കുന്നവന്‍.

5അവന്‍ യഹോവയോട് അനുഗ്രഹവും തന്‍റെ രക്ഷയുടെ ദൈവത്തോടു നീതിയും പ്രാപിക്കും.

6ഇതാകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ; യാക്കോബിന്‍റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവര്‍ ഇവര്‍ തന്നെ. സേലാ.

7വാതിലുകളേ, നിങ്ങളുടെ തലകളെ ഉയര്‍ത്തുവിന്‍; പണ്ടേയുള്ള കതകുകളേ, ഉയര്‍ന്നിരിപ്പിന്‍; മഹത്ത്വത്തിന്‍റെ രാജാവ് പ്രവേശിക്കട്ടെ.

8മഹത്ത്വത്തിന്‍റെ രാജാവ് ആര്‍? ബലവാനും വീരനുമായ യഹോവ, യുദ്ധവീരനായ യഹോവ തന്നെ.

9വാതിലുകളേ, നിങ്ങളുടെ തലകളെ ഉയര്‍ത്തുവിന്‍; പണ്ടേയുള്ള കതകുകളേ, ഉയര്‍ന്നിരിപ്പിന്‍; മഹത്ത്വത്തിന്‍റെ രാജാവ് പ്രവേശിക്കട്ടെ.

10മഹത്ത്വത്തിന്‍റെ രാജാവ് ആര്‍? സൈന്യങ്ങളുടെ യഹോവ തന്നെ; അവനാകുന്നു മഹത്ത്വത്തിന്‍റെ രാജാവ്. സേലാ.