പഴയ നിയമംMOV

സങ്കീര്‍ത്തനങ്ങള്‍ 19

1സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] ആകാശം ദൈവത്തിന്‍റെ മഹത്ത്വത്തെ വര്‍ണിക്കുന്നു; ആകാശവിതാനം അവന്‍റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.

2പകൽ പകലിനു വാക്കു പൊഴിക്കുന്നു; രാത്രി രാത്രിക്ക് അറിവുകൊടുക്കുന്നു.

3ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേള്‍പ്പാനുമില്ല.

4ഭൂമിയിൽ എല്ലാടവും അതിന്‍റെ അളവുനൂലും ഭൂതലത്തിന്‍റെ അറ്റത്തോളം അതിന്‍റെ വചനങ്ങളും ചെല്ലുന്നു; അവിടെ അവന്‍ സൂര്യന് ഒരു കൂടാരം അടിച്ചിരിക്കുന്നു.

5അതു മണവറയിൽനിന്നു പുറപ്പെടുന്ന മണവാളനു തുല്യം; വീരനെപ്പോലെ തന്‍റെ ഓട്ടം ഓടുവാന്‍ സന്തോഷിക്കുന്നു.

6ആകാശത്തിന്‍റെ അറ്റത്തുനിന്ന് അതിന്‍റെ ഉദയവും അറുതിവരെ അതിന്‍റെ അയനവും ആകുന്നു; അതിന്‍റെ ഉഷ്ണം ഏല്ക്കാതെ മറഞ്ഞിരിക്കുന്നത് ഒന്നുമില്ല.

7യഹോവയുടെ ന്യായപ്രമാണം തികവുള്ളത്; അതു പ്രാണനെ തണുപ്പിക്കുന്നു. യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു; അത് അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു.

8യഹോവയുടെ ആജ്ഞകള്‍ നേരുള്ളവ; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; യഹോവയുടെ കല്പന നിര്‍മ്മലമായത്; അത് കണ്ണുകളെ പ്രകാശിപ്പിക്കുന്നു.

9യഹോവാഭക്തി നിര്‍മ്മലമായത്; അത് എന്നേക്കും നിലനില്ക്കുന്നു; യഹോവയുടെ വിധികള്‍ സത്യമായവ; അവ ഒട്ടൊഴിയാതെ നീതിയുള്ളവയാകുന്നു.

10അവ പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തക്കവ; തേനിലും തേങ്കട്ടയിലും മധുരമുള്ളവ.

11അടിയനും അവയാൽ പ്രബോധനം ലഭിക്കുന്നു; അവയെ പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ട്.

12തന്‍റെ തെറ്റുകളെ ഗ്രഹിക്കുന്നവന്‍ ആര്‍? മറഞ്ഞിരിക്കുന്ന തെറ്റുകളെ പോക്കി എന്നെ മോചിക്കേണമേ.

13സ്വമേധാപാപങ്ങളെ അകറ്റി അടിയനെ കാക്കേണമേ; അവ എന്‍റെമേൽ വാഴരുതേ; എന്നാൽ ഞാന്‍ നിഷ്കളങ്കനും മഹാപാതകരഹിതനും ആയിരിക്കും.

14എന്‍റെ പാറയും എന്‍റെ വീണ്ടെടുപ്പുകാരനുമായ യഹോവേ, എന്‍റെ വായിലെ വാക്കുകളും എന്‍റെ ഹൃദയത്തിലെ ധ്യാനവും നിനക്കു പ്രസാദമായിരിക്കുമാറാകട്ടെ.