പഴയ നിയമംMOV

സങ്കീര്‍ത്തനങ്ങള്‍ 18

1സംഗീതപ്രമാണിക്ക്; യഹോവയുടെ ദാസനായ ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. യഹോവ അവനെ സകല ശത്രുക്കളുടെ കൈയിൽനിന്നും ശൗലിന്‍റെ കൈയിൽനിന്നും വിടുവിച്ച കാലത്ത് അവന്‍ ഈ സംഗീതവാക്യങ്ങളെ യഹോവയ്ക്കു പാടി. [1] എന്‍റെ ബലമായ യഹോവേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു.

2യഹോവ എന്‍റെ ശൈലവും എന്‍റെ കോട്ടയും എന്‍റെ രക്ഷകനും എന്‍റെ ദൈവവും ഞാന്‍ ശരണമാക്കുന്ന എന്‍റെ പാറയും എന്‍റെ പരിചയും എന്‍റെ രക്ഷയായ കൊമ്പും എന്‍റെ ഗോപുരവും ആകുന്നു.

3സ്തുത്യനായ യഹോവയെ ഞാന്‍ വിളിച്ചപേക്ഷിക്കയും എന്‍റെ ശത്രുക്കളുടെ കൈയിൽനിന്നു രക്ഷപ്രാപിക്കയും ചെയ്യും.

4മരണപാശങ്ങള്‍ എന്നെ ചുറ്റി; അഗാധപ്രവാഹങ്ങള്‍ എന്നെ ഭ്രമിപ്പിച്ചു.

5പാതാളപാശങ്ങള്‍ എന്നെ വളഞ്ഞു; മരണത്തിന്‍റെ കെണികളും എന്നെ തുടര്‍ന്നു പിടിച്ചു.

6എന്‍റെ കഷ്ടതയിൽ ഞാന്‍ യഹോവയെ വിളിച്ചപേക്ഷിച്ചു, എന്‍റെ ദൈവത്തോട് നിലവിളിച്ചു; അവന്‍ തന്‍റെ മന്ദിരത്തിൽനിന്ന് എന്‍റെ അപേക്ഷ കേട്ടു; തിരുമുമ്പിൽ ഞാന്‍ കഴിച്ച പ്രാര്‍ഥന അവന്‍റെ ചെവിയിൽ എത്തി.

7ഭൂമി ഞെട്ടിവിറച്ചു; മലകളുടെ അടിസ്ഥാനങ്ങള്‍ ഇളകി; അവന്‍ കോപിക്കയാൽ അവ കുലുങ്ങിപ്പോയി.

8അവന്‍റെ മൂക്കിൽനിന്നു പുക പൊങ്ങി; അവന്‍റെ വായിൽനിന്നു തീ പുറപ്പെട്ടു ദഹിപ്പിച്ചു; തീക്കനൽ അവങ്കൽനിന്നു ജ്വലിച്ചു.

9അവന്‍ ആകാശം ചായിച്ചിറങ്ങി; കൂരിരുള്‍ അവന്‍റെ കാല്ക്കീഴുണ്ടായിരുന്നു.

10അവന്‍ കെരൂബിനെ വാഹനമാക്കി പറന്നു; അവന്‍ കാറ്റിന്‍റെ ചിറകിന്മേലിരുന്നു പറപ്പിച്ചു.

11അവന്‍ അന്ധകാരത്തെ തന്‍റെ മറവും ജലതമസ്സിനെയും ആകാശമേഘങ്ങളെയും തനിക്കു ചുറ്റും കൂടാരവുമാക്കി.

12അവന്‍റെ മുമ്പിലുള്ള പ്രകാശത്താൽ ആലിപ്പഴവും തീക്കനലും അവന്‍റെ മേഘങ്ങളിൽക്കൂടി പൊഴിഞ്ഞു.

13യഹോവ ആകാശത്തിൽ ഇടി മുഴക്കി, അത്യുന്നതന്‍ തന്‍റെ നാദം കേള്‍പ്പിച്ചു, ആലിപ്പഴവും തീക്കനലും പൊഴിഞ്ഞു.

14അവന്‍ അസ്ത്രം എയ്ത് അവരെ ചിതറിച്ചു; മിന്നൽ അയച്ച് അവരെ തോല്പിച്ചു.

15യഹോവേ, നിന്‍റെ ഭര്‍ത്സനത്താലും നിന്‍റെ മൂക്കിലെ ശ്വാസത്തിന്‍റെ ഊത്തിനാലും നീര്‍ത്തോടുകള്‍ കാണായ്‍വന്നു ഭൂതലത്തിന്‍റെ അടിസ്ഥാനങ്ങള്‍ വെളിപ്പെട്ടു.

16അവന്‍ ഉയരത്തിൽനിന്ന് കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുത്തു.

17ബലമുള്ള ശത്രുവിന്‍റെ കൈയിൽനിന്നും എന്നെ പകച്ചവരുടെ പക്കൽനിന്നും അവന്‍ എന്നെ വിടുവിച്ചു; അവര്‍ എന്നിലും ബലമേറിയവരായിരുന്നു.

18എന്‍റെ അനര്‍ഥദിവസത്തിൽ അവര്‍ എന്നെ ആക്രമിച്ചു; എന്നാൽ യഹോവ എനിക്കു തുണയായിരുന്നു.

19അവന്‍ എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു; എന്നിൽ പ്രസാദിച്ചിരുന്നതുകൊണ്ട് എന്നെ വിടുവിച്ചു.

20യഹോവ എന്‍റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി; എന്‍റെ കൈകളുടെ വെടിപ്പിനൊത്തവണ്ണം എനിക്കു പകരം തന്നു.

21ഞാന്‍ യഹോവയുടെ വഴികളെ പ്രമാണിച്ചു; എന്‍റെ ദൈവത്തോടു ദ്രോഹം ചെയ്തതുമില്ല.

22അവന്‍റെ വിധികളൊക്കെയും എന്‍റെ മുമ്പിൽ ഉണ്ട്; അവന്‍റെ ചട്ടങ്ങളെ ഞാന്‍ വിട്ടു നടന്നിട്ടുമില്ല.

23ഞാന്‍ അവന്‍റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു; അകൃത്യം ചെയ്യാതെ എന്നെത്തന്നെ കാത്തു.

24യഹോവ എന്‍റെ നീതിപ്രകാരവും അവന്‍റെ കാഴ്ചയിൽ എന്‍റെ കൈകള്‍ക്കുള്ള വെടിപ്പിന്‍ പ്രകാരവും എനിക്കു പകരം നല്കി.

25ദയാലുവോടു നീ ദയാലു ആകുന്നു; നിഷ്കളങ്കനോടു നീ നിഷ്കളങ്കന്‍;

26നിര്‍മ്മലനോടു നീ നിര്‍മ്മലനാകുന്നു; വക്രനോടു നീ വക്രത കാണിക്കുന്നു.

27എളിയജനത്തെ നീ രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ നീ താഴ്ത്തും.

28നീ എന്‍റെ ദീപത്തെ കത്തിക്കും; എന്‍റെ ദൈവമായ യഹോവ എന്‍റെ അന്ധകാരത്തെ പ്രകാശമാക്കും.

29നിന്നാൽ ഞാന്‍ പടക്കൂട്ടത്തിന്‍റെ നേരേ പാഞ്ഞുചെല്ലും; എന്‍റെ ദൈവത്താൽ ഞാന്‍ മതിൽ ചാടിക്കടക്കും.

30ദൈവത്തിന്‍റെ വഴി തികവുള്ളത്; യഹോവയുടെ വചനം ഊതിക്കഴിച്ചത്; തന്നെ ശരണമാക്കുന്ന ഏവര്‍ക്കും അവന്‍ പരിചയാകുന്നു.

31യഹോവയല്ലാതെ ദൈവം ആരുള്ളൂ? നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളൂ?

32എന്നെ ശക്തികൊണ്ട് അരമുറുക്കുകയും എന്‍റെ വഴി കുറവു തീര്‍ക്കുകയും ചെയ്യുന്ന ദൈവം തന്നെ.

33അവന്‍ എന്‍റെ കാലുകളെ മാന്‍പേടക്കാല്ക്കു തുല്യമാക്കി, എന്‍റെ ഗിരികളിൽ എന്നെ നില്ക്കുമാറാക്കുന്നു.

34അവന്‍ എന്‍റെ കൈകള്‍ക്കു യുദ്ധാഭ്യാസം വരുത്തുന്നു; എന്‍റെ ഭുജങ്ങള്‍ താമ്രചാപം കുലയ്ക്കുന്നു.

35നിന്‍റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്‍റെ വലംകൈ എന്നെ താങ്ങി നിന്‍റെ സൗമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു.

36ഞാന്‍ കാലടി വയ്ക്കേണ്ടതിന് നീ വിശാലത വരുത്തി; എന്‍റെ നരിയാണികള്‍ വഴുതിപ്പോയതുമില്ല.

37ഞാന്‍ എന്‍റെ ശത്രുക്കളെ പിന്തുടര്‍ന്നു പിടിച്ചു; അവരെ മുടിക്കുവോളം ഞാന്‍ പിന്തിരിഞ്ഞില്ല.

38അവര്‍ക്ക് എഴുന്നേറ്റുകൂടാതവണ്ണം ഞാന്‍ അവരെ തകര്‍ത്തു; അവര്‍ എന്‍റെ കാല്ക്കീഴിൽ വീണിരിക്കുന്നു.

39യുദ്ധത്തിനായി നീ എന്‍റെ അരയ്ക്കു ശക്തി കെട്ടിയിരിക്കുന്നു; എന്നോട് എതിര്‍ത്തവരെ എനിക്കു കീഴടക്കിയിരിക്കുന്നു.

40എന്നെ പകയ്ക്കുന്നവരെ ഞാന്‍ സംഹരിക്കേണ്ടതിന് നീ എന്‍റെ ശത്രുക്കളെ എനിക്കു പുറംകാട്ടുമാറാക്കി.

41അവര്‍ നിലവിളിച്ചു; രക്ഷിപ്പാന്‍ ആരുമുണ്ടായിരുന്നില്ല; യഹോവയോടു നിലവിളിച്ചു; അവന്‍ ഉത്തരമരുളിയതുമില്ല.

42ഞാന്‍ അവരെ കാറ്റത്തെ പൊടിപോലെ പൊടിച്ചു; വീഥികളിലെ ചെളിയെപ്പോലെ ഞാന്‍ അവരെ കോരിക്കളഞ്ഞു.

43ജനത്തിന്‍റെ കലഹങ്ങളിൽനിന്നു നീ എന്നെ വിടുവിച്ചു; ജാതികള്‍ക്ക് എന്നെ തലവനാക്കിയിരിക്കുന്നു; ഞാന്‍ അറിയാത്ത ജനം എന്നെ സേവിക്കുന്നു.

44അവര്‍ കേള്‍ക്കുമ്പോള്‍ തന്നെ എന്നെ അനുസരിക്കും; അന്യജാതിക്കാര്‍ എന്നോട് അനുസരണഭാവം കാണിക്കും.

45അന്യജാതിക്കാര്‍ ക്ഷയിച്ചുപോകുന്നു; തങ്ങളുടെ ദുര്‍ഗങ്ങളിൽനിന്ന് അവര്‍ വിറച്ചുംകൊണ്ടു വരുന്നു.

46യഹോവ ജീവിക്കുന്നു; എന്‍റെ പാറ വാഴ്ത്തപ്പെട്ടവന്‍; എന്‍റെ രക്ഷയുടെ ദൈവം ഉന്നതന്‍ തന്നെ.

47ദൈവം എനിക്കുവേണ്ടി പ്രതികാരം ചെയ്കയും ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു.

48അവന്‍ ശത്രുവശത്തുനിന്ന് എന്നെ വിടുവിക്കുന്നു; എന്നോട് എതിര്‍ക്കുന്നവര്‍ക്കു മീതെ നീ എന്നെ ഉയര്‍ത്തുന്നു; സാഹസക്കാരന്‍റെ കൈയിൽനിന്ന് നീ എന്നെ വിടുവിക്കുന്നു.

49അതുകൊണ്ട് യഹോവേ, ഞാന്‍ ജാതികളുടെ മധ്യേ നിനക്കു സ്തോത്രം ചെയ്യും; നിന്‍റെ നാമത്തെ ഞാന്‍ കീര്‍ത്തിക്കും.

50അവന്‍ തന്‍റെ രാജാവിനു മഹാരക്ഷ നല്കുന്നു; തന്‍റെ അഭിഷിക്തനു ദയ കാണിക്കുന്നു; ദാവീദിനും അവന്‍റെ സന്തതിക്കും എന്നേക്കുംതന്നെ.