പഴയ നിയമംMOV

സങ്കീര്‍ത്തനങ്ങള്‍ 17

1ദാവീദിന്‍റെ ഒരു പ്രാര്‍ഥന. [1] യഹോവേ, ന്യായത്തെ കേള്‍ക്കേണമേ, എന്‍റെ നിലവിളിയെ ശ്രദ്ധിക്കേണമേ. കപടമില്ലാത്ത അധരങ്ങളിൽനിന്നുള്ള എന്‍റെ പ്രാര്‍ഥനയെ ചെവിക്കൊള്ളേണമേ.

2എനിക്കുള്ള വിധി നിന്‍റെ സന്നിധിയിൽ നിന്നു പുറപ്പെടട്ടെ; നിന്‍റെ കണ്ണ് നേര്‍ കാണുമാറാകട്ടെ.

3നീ എന്‍റെ ഹൃദയത്തെ ശോധനചെയ്തു രാത്രിയിൽ എന്നെ സന്ദര്‍ശിച്ചു; നീ എന്നെ പരീക്ഷിച്ചു ദുരുദ്ദേശ്യമൊന്നും കണ്ടെത്തുന്നില്ല; എന്‍റെ വായ് ലംഘനം ചെയ്കയില്ല എന്ന് ഞാന്‍ ഉറച്ചിരിക്കുന്നു.

4മനുഷ്യരുടെ പ്രവൃത്തികളെ കണ്ടിട്ട് ഞാന്‍ നിന്‍റെ അധരങ്ങളുടെ വചനത്താൽ നിഷ്ഠുരന്‍റെ പാതകളെ സൂക്ഷിച്ചൊഴിഞ്ഞിരിക്കുന്നു.

5എന്‍റെ നടപ്പ് നിന്‍റെ ചുവടുകളിൽ തന്നെ ആയിരുന്നു; എന്‍റെ കാൽ വഴുതിയതുമില്ല.

6ദൈവമേ, ഞാന്‍ നിന്നോട് അപേക്ഷിച്ചിരിക്കുന്നു; നീ എനിക്കുത്തരമരുളുമല്ലോ; നിന്‍റെ ചെവി എങ്കലേക്കു ചായിച്ച് എന്‍റെ അപേക്ഷ കേള്‍ക്കേണമേ.

7നിന്നെ ശരണമാക്കുന്നവരെ അവരോട് എതിര്‍ക്കുന്നവരുടെ കൈയിൽനിന്നു നിന്‍റെ വലംകൈയാൽ രക്ഷിക്കുന്നവനായുള്ളോവേ, നിന്‍റെ അദ്ഭുതകാരുണ്യം കാണിക്കേണമേ.

8കണ്ണിന്‍റെ കൃഷ്ണമണിപോലെ എന്നെ കാക്കേണമേ; എന്നെ കൊള്ളയിടുന്ന ദുഷ്ടന്മാരും

9എന്നെ ചുറ്റിവളയുന്ന പ്രാണശത്രുക്കളും എന്നെ പിടിക്കാതവണ്ണം നിന്‍റെ ചിറകിന്‍റെ നിഴലിൽ എന്നെ മറച്ചുകൊള്ളേണമേ.

10അവര്‍ തങ്ങളുടെ ഹൃദയത്തെ അടച്ചിരിക്കുന്നു; വായ്കൊണ്ട് വമ്പു പറയുന്നു.

11അവര്‍ ഇപ്പോള്‍ ഞങ്ങളുടെ കാലടി തുടര്‍ന്നു ഞങ്ങളെ വളഞ്ഞിരിക്കുന്നു; ഞങ്ങളെ നിലത്തു തള്ളിയിടുവാന്‍ ദൃഷ്‍ടിവയ്ക്കുന്നു.

12കടിച്ചുകീറുവാന്‍ കൊതിക്കുന്ന സിംഹംപോലെയും മറവിടങ്ങളിൽ പതിയിരിക്കുന്ന ബാലസിംഹംപോലെയും തന്നെ.

13യഹോവേ, എഴുന്നേറ്റ് അവനോടെതിര്‍ത്ത് അവനെ തള്ളിയിടേണമേ. യഹോവേ, എന്‍റെ പ്രാണനെ നിന്‍റെ വാള്‍കൊണ്ടു ദുഷ്ടന്‍റെ കൈയിൽനിന്നും

14തൃക്കൈകൊണ്ടു ലൗകികപുരുഷന്മാരുടെ വശത്തുനിന്നും വിടുവിക്കേണമേ; അവരുടെ ഓഹരി ഈ ആയുസ്സിൽ അത്രേ; നിന്‍റെ സമ്പത്തുകൊണ്ടു നീ അവരുടെ വയറു നിറയ്ക്കുന്നു; അവര്‍ക്കു പുത്രസമ്പത്തു ധാരാളം ഉണ്ട്; തങ്ങളുടെ ധനശിഷ്ടം അവര്‍ കുഞ്ഞുങ്ങള്‍ക്കു വച്ചേക്കുന്നു.

15ഞാനോ, നീതിയിൽ നിന്‍റെ മുഖത്തെ കാണും; ഞാന്‍ ഉണരുമ്പോള്‍ നിന്‍റെ രൂപം കണ്ടു തൃപ്തനാകും.