പഴയ നിയമംMOV

സങ്കീര്‍ത്തനങ്ങള്‍ 148

1യഹോവയെ സ്തുതിപ്പിന്‍; സ്വര്‍ഗത്തിൽനിന്നു യഹോവയെ സ്തുതിപ്പിന്‍; ഉന്നതങ്ങളിൽ അവനെ സ്തുതിപ്പിന്‍.

2അവന്‍റെ സകല ദൂതന്മാരുമായുള്ളോരേ, അവനെ സ്തുതിപ്പിന്‍; അവന്‍റെ സര്‍വസൈന്യവുമേ, അവനെ സ്തുതിപ്പിന്‍;

3സൂര്യചന്ദ്രന്മാരേ, അവനെ സ്തുതിപ്പിന്‍; പ്രകാശമുള്ള സകല നക്ഷത്രങ്ങളുമായുള്ളോവേ, അവനെ സ്തുതിപ്പിന്‍.

4സ്വര്‍ഗാധിസ്വര്‍ഗവും ആകാശത്തിനു മീതെയുള്ള വെള്ളവും ആയുള്ളോവേ, അവനെ സ്തുതിപ്പിന്‍.

5അവന്‍ കല്പിച്ചിട്ട് അവ സൃഷ്‍ടിക്കപ്പെട്ടിരിക്കയാൽ അവ യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ.

6അവന്‍ അവയെ സദാകാലത്തേക്കും സ്ഥിരമാക്കി; ലംഘിക്കരുതാത്ത ഒരു നിയമം വച്ചുമിരിക്കുന്നു.

7തിമിംഗലങ്ങളും എല്ലാ ആഴികളുമായുള്ളോവേ, ഭൂമിയിൽനിന്നു യഹോവയെ സ്തുതിപ്പിന്‍.

8തീയും കന്മഴയും ഹിമവും ആവിയും, അവന്‍റെ വചനം അനുഷ്ഠിക്കുന്ന കൊടുങ്കാറ്റും,

9പര്‍വതങ്ങളും സകല കുന്നുകളും, ഫലവൃക്ഷങ്ങളും സകല ദേവദാരുക്കളും,

10മൃഗങ്ങളും സകല കന്നുകാലികളും, ഇഴജന്തുക്കളും പറവജാതികളും,

11ഭൂമിയിലെ രാജാക്കന്മാരും സകല വംശങ്ങളും, ഭൂമിയിലെ പ്രഭുക്കന്മാരും സകല ന്യായാധിപന്മാരും,

12യുവാക്കളും യുവതികളും, വൃദ്ധന്മാരും ബാലന്മാരും,

13ഇവരൊക്കെയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ; അവന്‍റെ നാമം മാത്രം ഉയര്‍ന്നിരിക്കുന്നത്. അവന്‍റെ മഹത്ത്വം ഭൂമിക്കും ആകാശത്തിനും മേലായിരിക്കുന്നു.

14തന്നോട് അടുത്തിരിക്കുന്ന ജനമായി യിസ്രായേൽമക്കളായ തന്‍റെ സകല ഭക്തന്മാര്‍ക്കും പുകഴ്ചയായി അവന്‍ സ്വജനത്തിന് ഒരു കൊമ്പിനെ ഉയര്‍ത്തിയിരിക്കുന്നു. യഹോവയെ സ്തുതിപ്പിന്‍.