പഴയ നിയമംMOV

സങ്കീര്‍ത്തനങ്ങള്‍ 146

1യഹോവയെ സ്തുതിപ്പിന്‍; എന്‍ മനമേ, യഹോവയെ സ്തുതിക്ക.

2ജീവനുള്ളെന്നും ഞാന്‍ യഹോവയെ സ്തുതിക്കും; ഞാന്‍ ഉള്ള കാലത്തോളം എന്‍റെ ദൈവത്തിനു കീര്‍ത്തനം ചെയ്യും.

3നിങ്ങള്‍ പ്രഭുക്കന്മാരിൽ ആശ്രയിക്കരുത്, സഹായിപ്പാന്‍ കഴിയാത്ത മനുഷ്യപുത്രനിലും അരുത്.

4അവന്‍റെ ശ്വാസം പോകുന്നു; അവന്‍ മണ്ണിലേക്കു തിരിയുന്നു; അന്നു തന്നെ അവന്‍റെ നിരൂപണങ്ങള്‍ നശിക്കുന്നു.

5യാക്കോബിന്‍റെ ദൈവം സഹായമായി തന്‍റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവന്‍ ഭാഗ്യവാന്‍.

6അവന്‍ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കി; അവന്‍ എന്നേക്കും വിശ്വസ്തത കാക്കുന്നു.

7പീഡിതന്മാര്‍ക്ക് അവന്‍ ന്യായം പാലിച്ചു കൊടുക്കുന്നു; വിശപ്പുള്ളവര്‍ക്ക് അവന്‍ ആഹാരം നല്കുന്നു; യഹോവ ബദ്ധന്മാരെ അഴിച്ചുവിടുന്നു.

8യഹോവ കുരുടന്മാര്‍ക്കു കാഴ്ച കൊടുക്കുന്നു; യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിര്‍ത്തുന്നു; യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു.

9യഹോവ പരദേശികളെ പരിപാലിക്കുന്നു; അവന്‍ അനാഥനെയും വിധവയെയും സംരക്ഷണ ചെയ്യുന്നു; എന്നാൽ ദുഷ്ടന്മാരുടെ വഴി അവന്‍ മറിച്ചു കളയുന്നു.

10യഹോവ എന്നേക്കും വാഴും; സീയോനേ, നിന്‍റെ ദൈവം തലമുറതലമുറയോളം തന്നെ. യഹോവയെ സ്തുതിപ്പിന്‍.