പഴയ നിയമംMOV

സങ്കീര്‍ത്തനങ്ങള്‍ 143

1ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] യഹോവേ, എന്‍റെ പ്രാര്‍ഥന കേട്ട്, എന്‍റെ യാചനകള്‍ക്കു ചെവി തരേണമേ; നിന്‍റെ വിശ്വസ്തതയാലും നീതിയാലും എനിക്ക് ഉത്തരമരുളേണമേ.

2അടിയനെ ന്യായവിസ്താരത്തിൽ പ്രവേശിപ്പിക്കരുതേ; ജീവനുള്ളവന്‍ ആരും തിരുസന്നിധിയിൽ നീതിമാനാകയില്ലല്ലോ.

3ശത്രു എന്‍റെ പ്രാണനെ ഉപദ്രവിച്ചിരിക്കുന്നു; അവന്‍ എന്നെ നിലത്തിട്ടു തകര്‍ത്തിരിക്കുന്നു; പണ്ടേ മരിച്ചവരെപ്പോലെ അവന്‍ എന്നെ ഇരുട്ടിൽ പാര്‍പ്പിച്ചിരിക്കുന്നു.

4ആകയാൽ എന്‍റെ മനം എന്‍റെ ഉള്ളിൽ വിഷാദിച്ചിരിക്കുന്നു; എന്‍റെ ഹൃദയം എന്‍റെ ഉള്ളിൽ സ്തംഭിച്ചിരിക്കുന്നു.

5ഞാന്‍ പണ്ടത്തെ നാളുകളെ ഓര്‍ക്കുന്നു; നിന്‍റെ സകല പ്രവൃത്തികളെയും ഞാന്‍ ധ്യാനിക്കുന്നു; നിന്‍റെ കൈകളുടെ പ്രവൃത്തിയെ ഞാന്‍ ചിന്തിക്കുന്നു.

6ഞാന്‍ എന്‍റെ കൈകളെ നിങ്കലേക്കു മലര്‍ത്തുന്നു; വരണ്ട നിലംപോലെ എന്‍റെ പ്രാണന്‍ നിനക്കായി ദാഹിക്കുന്നു. സേലാ.

7യഹോവേ, വേഗം എനിക്ക് ഉത്തരമരുളേണമേ; എന്‍റെ ആത്മാവ് കാംക്ഷിക്കുന്നു. ഞാന്‍ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാന്‍ നിന്‍റെ മുഖത്തെ എനിക്കു മറയ്ക്കരുതേ.

8രാവിലെ നിന്‍റെ ദയ എന്നെ കേള്‍ക്കുമാറാക്കേണമേ; ഞാന്‍ നിന്നിൽ ആശ്രയിക്കുന്നുവല്ലോ; ഞാന്‍ നടക്കേണ്ടുന്ന വഴി എന്നെ അറിയിക്കേണമേ; ഞാന്‍ എന്‍റെ ഉള്ളം നിങ്കലേക്ക് ഉയര്‍ത്തുന്നുവല്ലോ.

9യഹോവേ, എന്‍റെ ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ; നിന്‍റെ അടുക്കൽ ഞാന്‍ മറവിനായി വരുന്നു.

10നിന്‍റെ ഇഷ്ടം ചെയ്‍വാന്‍ എന്നെ പഠിപ്പിക്കേണമേ. നീ എന്‍റെ ദൈവമാകുന്നുവല്ലോ; നിന്‍റെ നല്ല ആത്മാവ് നേര്‍നിലത്തിൽ എന്നെ നടത്തുമാറാകട്ടെ.

11യഹോവേ, നിന്‍റെ നാമം നിമിത്തം എന്നെ ജീവിപ്പിക്കേണമേ; നിന്‍റെ നീതിയാൽ എന്‍റെ പ്രാണനെ കഷ്ടതയിൽനിന്ന് ഉദ്ധരിക്കേണമേ.

12നിന്‍റെ ദയയാൽ എന്‍റെ ശത്രുക്കളെ സംഹരിക്കേണമേ; എന്‍റെ പ്രാണനെ പീഡിപ്പിക്കുന്നവരെയൊക്കെയും നശിപ്പിക്കേണമേ; ഞാന്‍ നിന്‍റെ ദാസന്‍ ആകുന്നുവല്ലോ.