പഴയ നിയമംMOV
1ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] ഞാന്‍ പൂര്‍ണഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും; ദേവന്മാരുടെ മുമ്പാകെ ഞാന്‍ നിന്നെ കീര്‍ത്തിക്കും.
2ഞാന്‍ നിന്‍റെ വിശുദ്ധമന്ദിരത്തെ നോക്കി നമസ്കരിച്ചു, നിന്‍റെ ദയയും വിശ്വസ്തതയും നിമിത്തം തിരുനാമത്തിനു സ്തോത്രം ചെയ്യും. നിന്‍റെ നാമത്തിനു മീതെയൊക്കെയും നീ നിന്‍റെ വാഗ്ദാനം മഹിമപ്പെടുത്തിയിരിക്കുന്നു.
3ഞാന്‍ വിളിച്ചപേക്ഷിച്ച നാളിൽ നീ എനിക്കുത്തരമരുളി; എന്‍റെ ഉള്ളിൽ ബലം നല്കി എന്നെ ധൈര്യപ്പെടുത്തിയിരിക്കുന്നു.
4യഹോവേ, ഭൂമിയിലെ സകല രാജാക്കന്മാരും നിന്‍റെ വായിന്‍വചനങ്ങളെ കേട്ടിട്ടു നിനക്കു സ്തോത്രം ചെയ്യും.
5അതേ, അവര്‍ യഹോവയുടെ വഴികളെക്കുറിച്ചു പാടും; യഹോവയുടെ മഹത്ത്വം വലിയതാകുന്നുവല്ലോ.
6യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു; ഗര്‍വിയെയോ അവന്‍ ദൂരത്തുനിന്ന് അറിയുന്നു.
7ഞാന്‍ കഷ്ടതയുടെ നടുവിൽ നടന്നാലും നീ എന്നെ ജീവിപ്പിക്കും; എന്‍റെ ശത്രുക്കളുടെ ക്രോധത്തിനു നേരേ നീ കൈ നീട്ടും; നിന്‍റെ വലംകൈ എന്നെ രക്ഷിക്കും.
8യഹോവ എനിക്കുവേണ്ടി സമാപ്തി വരുത്തും; യഹോവേ, നിന്‍റെ ദയ എന്നേക്കുമുള്ളത്; തൃക്കൈകളുടെ പ്രവൃത്തിയെ ഉപേക്ഷിക്കരുതേ.