പഴയ നിയമംMOV

സങ്കീര്‍ത്തനങ്ങള്‍ 122

1ദാവീദിന്‍റെ ഒരു ആരോഹണഗീതം. [1] യഹോവയുടെ ആലയത്തിലേ ക്കു നമുക്കു പോകാം എന്ന് അവര്‍ എന്നോടു പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.

2യെരൂശലേമേ, ഞങ്ങളുടെ കാലുകള്‍ നിന്‍റെ വാതിലുകള്‍ക്കകത്തു നില്ക്കുന്നു.

3തമ്മിൽ ഇണക്കിയ നഗരമായി പണിതിരിക്കുന്ന യെരൂശലേമേ!

4അവിടേക്കു ഗോത്രങ്ങള്‍, യഹോവയുടെ ഗോത്രങ്ങള്‍ തന്നെ, യിസ്രായേലിനു സാക്ഷ്യത്തിനായി യഹോവയുടെ നാമത്തിനു സ്തോത്രം ചെയ്‍വാന്‍ കയറിച്ചെല്ലുന്നു.

5അവിടെ ന്യായാസനങ്ങള്‍, ദാവീദുഗൃഹത്തിന്‍റെ ന്യായാസനങ്ങള്‍ തന്നെ ഇരിക്കുന്നു.

6യെരൂശലേമിന്‍റെ സമാധാനത്തിനായി പ്രാര്‍ഥിപ്പിന്‍; നിന്നെ സ്നേഹിക്കുന്നവര്‍ സ്വൈരമായിരിക്കട്ടെ.

7നിന്‍റെ കൊത്തളങ്ങളിൽ സമാധാനവും നിന്‍റെ അരമനകളിൽ സ്വൈരവും ഉണ്ടാകട്ടെ.

8എന്‍റെസഹോദരന്മാരും കൂട്ടാളികളും നിമിത്തം നിന്നിൽ സമാധാനം ഉണ്ടാകട്ടെ എന്നു ഞാന്‍ പറയും.

9നമ്മുടെ ദൈവമായ യഹോവയുടെ ആലയംനിമിത്തം ഞാന്‍ നിന്‍റെ നന്മ അന്വേഷിക്കും.