പഴയ നിയമംMOV

സങ്കീര്‍ത്തനങ്ങള്‍ 118

1യഹോവയ്ക്കു സ്തോത്രം ചെയ്‍വിന്‍; അവന്‍ നല്ലവനല്ലോ; അവന്‍റെ ദയ എന്നേക്കുമുള്ളത്.

2അവന്‍റെ ദയ എന്നേക്കുമുള്ളത് എന്നു യിസ്രായേൽ പറയട്ടെ.

3അവന്‍റെ ദയ എന്നേക്കുമുള്ളത് എന്ന് അഹരോന്‍ഗൃഹം പറയട്ടെ.

4അവന്‍റെ ദയ എന്നേക്കുമുള്ളത്; എന്നു യഹോവാഭക്തര്‍ പറയട്ടെ.

5ഞെരുക്കത്തിൽ ഞാന്‍ യഹോവയെ വിളിച്ചപേക്ഷിച്ചു, യഹോവ ഉത്തരമരുളി എന്നെ വിശാലസ്ഥലത്താക്കി.

6യഹോവ എന്‍റെ പക്ഷത്തുണ്ട്; ഞാന്‍ പേടിക്കയില്ല; മനുഷ്യന്‍ എന്നോട് എന്തു ചെയ്യും?

7എന്നെ സഹായിക്കുന്നവരോടുകൂടെ യഹോവ എന്‍റെ പക്ഷത്തുണ്ട്; ഞാന്‍ എന്നെ പകയ്ക്കുന്നവരെ കണ്ടു രസിക്കും.

8മനുഷ്യനിൽ ആശ്രയിക്കുന്നതിനെക്കാള്‍ യഹോവയിൽ ആശ്രയിക്കുന്നതു നല്ലത്.

9പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനെക്കാള്‍ യഹോവയിൽ ആശ്രയിക്കുന്നതു നല്ലത്.

10സകല ജാതികളും എന്നെ ചുറ്റിവളഞ്ഞു; യഹോവയുടെ നാമത്തിൽ ഞാന്‍ അവരെ ഛേദിച്ചുകളയും.

11അവര്‍ എന്നെ വളഞ്ഞു; അതേ, അവര്‍ എന്നെ വളഞ്ഞു; യഹോവയുടെ നാമത്തിൽ ഞാന്‍ അവരെ ഛേദിച്ചുകളയും.

12അവര്‍ തേനീച്ചപോലെ എന്നെ ചുറ്റിവളഞ്ഞു; മുള്‍ത്തീപോലെ അവര്‍ കെട്ടുപോയി; യഹോവയുടെ നാമത്തിൽ ഞാന്‍ അവരെ ഛേദിച്ചുകളയും.

13ഞാന്‍ വീഴുവാന്‍ തക്കവണ്ണം നീ എന്നെ തള്ളി; എങ്കിലും യഹോവ എന്നെ സഹായിച്ചു.

14യഹോവ എന്‍റെ ബലവും എന്‍റെ കീര്‍ത്തനവും ആകുന്നു; അവന്‍ എനിക്കു രക്ഷയായും തീര്‍ന്നു.

15ഉല്ലാസത്തിന്‍റെയും ജയത്തിന്‍റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളിൽ ഉണ്ട്; യഹോവയുടെ വലംകൈ വീര്യം പ്രവര്‍ത്തിക്കുന്നു.

16യഹോവയുടെ വലംകൈ ഉയര്‍ന്നിരിക്കുന്നു; യഹോവയുടെ വലംകൈ വീര്യം പ്രവര്‍ത്തിക്കുന്നു.

17ഞാന്‍ മരിക്കയില്ല; ഞാന്‍ ജീവനോടെയിരുന്നു യഹോവയുടെ പ്രവൃത്തികളെ വര്‍ണിക്കും.

18യഹോവ എന്നെ കഠിനമായി ശിക്ഷിച്ചു; എന്നാലും അവന്‍ എന്നെ മരണത്തിന് ഏല്പിച്ചിട്ടില്ല.

19നീതിയുടെ വാതിലുകള്‍ എനിക്കു തുറന്നു തരുവിന്‍; ഞാന്‍ അവയിൽക്കൂടി കടന്നു യഹോവയ്ക്കു സ്തോത്രം ചെയ്യും.

20യഹോവയുടെ വാതിൽ ഇതു തന്നെ; നീതിമാന്മാര്‍ അതിൽക്കൂടി കടക്കും.

21നീ എനിക്ക് ഉത്തരമരുളി എന്‍റെ രക്ഷയായി തീര്‍ന്നിരിക്കയാൽ ഞാന്‍ നിനക്കു സ്തോത്രം ചെയ്യും.

22വീടുപണിയുന്നവര്‍ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീര്‍ന്നിരിക്കുന്നു.

23ഇതു യഹോവയാൽ സംഭവിച്ചു നമ്മുടെ ദൃഷ്‍ടിയിൽ ആശ്ചര്യം ആയിരിക്കുന്നു.

24ഇതു യഹോവ ഉണ്ടാക്കിയ ദിവസം; ഇന്നു നാം സന്തോഷിച്ച് ആനന്ദിക്ക.

25യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; യഹോവേ, ഞങ്ങള്‍ക്കു ശുഭത നല്കേണമേ.

26യഹോവയുടെ നാമത്തിൽ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍; ഞങ്ങള്‍ യഹോവയുടെ ആലയത്തിൽ നിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു.

27യഹോവ തന്നെ ദൈവം; അവന്‍ നമുക്കു പ്രകാശം തന്നിരിക്കുന്നു; യാഗപീഠത്തിന്‍റെ കൊമ്പുകളോളം യാഗപശുവിനെ കയറുകൊണ്ടു കെട്ടുവിന്‍

28നീ എന്‍റെ ദൈവമാകുന്നു; ഞാന്‍ നിനക്കു സ്തോത്രം ചെയ്യും; നീ എന്‍റെ ദൈവമാകുന്നു; ഞാന്‍ നിന്നെ പുകഴ്ത്തും.

29യഹോവയ്ക്കു സ്തോത്രം ചെയ്‍വിന്‍; അവന്‍ നല്ലവനല്ലോ; അവന്‍റെ ദയ എന്നേക്കും ഉള്ളതാകുന്നു.